ADVERTISEMENT

മധ്യപ്രദേശിലെ ജബൽപൂരിലുള്ള മാവിൻ തോട്ടത്തിൽ കള്ളന്മാരെ ഭയന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് റാണി -സങ്കൽപ് ദമ്പതികൾ. ഏക്കറുകണക്കിന് കൃഷി സംരക്ഷിക്കാനാണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. രണ്ട് ചെറിയ മാവുകളിലായി കായ്ചു  നിൽക്കുന്ന ഏഴു മാങ്ങകൾ സംരക്ഷിക്കാനാണ് 4 സുരക്ഷാ ഉദ്യോഗസ്ഥരെയും 6 നായകളെയും ഇവർ ഏർപ്പെടുത്തിയിരിക്കുന്നത്. കാരണമെന്തെന്നാൽ രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപ  വില ലഭിക്കുന്ന  മിയാസാക്കി മാങ്ങകളാണിവ.

 

 Miyazaki Mangoes

ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയസാക്കി മാങ്ങകൾ. ചെന്നൈയിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വ്യക്തിയാണ്  ദമ്പതികൾക്ക് ഈ വിശേഷപ്പെട്ട മാവിന്റെ തൈ നൽകിയത്. മാങ്ങകളുടെ പ്രാധാന്യം അറിയാതെ അവർ പറമ്പിൽ നടുകയും ചെയ്തു. പിന്നീടാണ് ഇത്രത്തോളം വിലമതിപ്പുള്ള മാങ്ങകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം  മാവ് കായ്ച്ചതോടെ അത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാർത്ത പുറത്തെത്തി മൂന്നു ദിവസത്തിനുള്ളിൽ 14 മാങ്ങകൾ മോഷണം പോവുകയും ചെയ്തു.

 

ഇത്തവണ മാവ് കായ്ചപ്പോൾ അത്തരം ദുരനുഭവം ഉണ്ടാകരുതെന്ന ചിന്തയിലാണ്  സുരക്ഷയ്ക്കായി സെക്യൂരിറ്റികളെയും നായകളെയും ഏർപ്പാടാക്കിയത്. ഒരു മാങ്ങയ്ക്ക് 21000രൂപ വരെ വില നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളാണ്  സങ്കൽപ്പിനെ സമീപിക്കുന്നത്. എന്നാൽ ഒരു മാങ്ങ പോലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും  അവയുടെ വിത്തെടുത്ത് പുതിയ മാവിൻതൈകൾ മുളപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇരുവരും പറയുന്നു. 

 

മറ്റു മാങ്ങകളിൽ നിന്ന് വ്യത്യസ്തമായി മാണിക്യത്തിന് സമാനമായ ചുവപ്പു നിറമാണ്  മിയസാക്കി മാങ്ങകളുടെ പ്രത്യേകത. ജപ്പാനിലെ മിയസാക്കി നഗരത്തിൽ കൃഷിചെയ്യപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ' എഗ് ഓഫ് ദ സൺ' എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ് മിയസാക്കി മാങ്ങകൾ. വിളഞ്ഞ ഒരു മാങ്ങയ്ക്ക് 350 ഗ്രാമിൽ അധികം ഭാരമുണ്ടാവും. ഏറെ ഔഷധഗുണമുള്ളയിനം കൂടിയാണ് ഇവ.

 

English Summary: In MP, Army Of Guards, Dogs Hired To Protect 7 Miyazaki Mangoes; Price Will Blow You Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com