മഞ്ഞതേനി, ആലിക്കുട്ടി, ശെങ്കുട്ടവൻ; മാവുവേട്ടയുമായി സോഷ്യൽ കൂട്ടായ്മ!

a group on a mission to protect Kerala’s indigenous mango trees
SHARE

മഞ്ഞതേനി, ആലിക്കുട്ടി, ശെങ്കുട്ടവൻ.... പേരുകൾ കേട്ട് അന്തം വിടണ്ട. ഇത് തൃശൂരിൽ നിന്നു കണ്ടെത്തിയ നാട്ടുമാവുകളിൽ ചിലവ മാത്രം. നാടൻമാവുകൾ എന്ന സോഷ്യൽ കൂട്ടായ്മ ഓരോ ജില്ലയിലും മാവുവേട്ട നടത്തി കണ്ടെത്തിയ നാടൻമാവുകൾ ഇങ്ങനെ എണ്ണൂറോളം വരും. വിവിധ തരം നാടൻമാവുകൾ കണ്ടെത്തുന്ന ഈ കൂട്ടായ്മ, വിത്ത് മുളപ്പിച്ച് ആവശ്യക്കാർക്ക് സൗജന്യമായി കൊടുക്കുകയാണു ചെയ്യുന്നത്.

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒന്നും രണ്ടും തൈകൾ കൊടുത്തതിനു പുറമേ കഴിഞ്ഞ വർഷം ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് 1000 തൈകളും പരിയാരം മെഡിക്കൽ കോളജ് ക്യാംപസിലേക്ക് 500 തൈകളും ബാലുശേരിയിലെ വായനശാലയുടെ പദ്ധതിയിലേക്ക് 500 തൈകളും കൊടുത്തു. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് 75 തൈകൾ നൽകി.

ഗ്രാഫ്റ്റ് തൈകളെക്കാൾ മണ്ണൊലിപ്പിനെയും മറ്റും പ്രതിരോധിക്കാൻ നാടൻ തൈകളാണു നല്ലതെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തൽ. മനുഷ്യർക്ക് എന്നതു പോലെ മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാം ഇഷ്ടം പോലെ നാടൻമാങ്ങ ലഭിക്കട്ടെ എന്ന ചിന്തയാണ് നാട്ടുമാവു പ്രചാരണത്തിനു പിന്നിൽ. 2019 ജൂലൈ 3ന് ആണ് കൂട്ടായ്മയുടെ തുടക്കം. 31500ൽ പരം ആളുകളാണു കൂട്ടായ്മയിൽ ഇപ്പോൾ ഉള്ളത്. റേഡിയോളജിസ്റ്റ് ഡോ.റെജി ജോർജ്, സഖിൽ തയ്യിൽ, ജിജോ തോമസ്, ജോവി ദേവസി, വി.എം.ജോസ്, സനിൽ മഹാരാജാസ്, സുമയ്യ എന്നിവരാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

ഇന്നലെ നാടൻമാവ് സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി കൂട്ടായ്മ അംഗങ്ങൾ പലയിടത്തും നാടൻമാവ് എത്തിച്ചു നൽകി. സാമൂഹിക വനവൽക്കരണ വിഭാഗം മായന്നൂരിൽ നടപ്പാക്കാനിരിക്കുന്ന പദ്ധതിയിലേക്ക് 200 തൈകളാണ് എത്തിച്ചു നൽകിയത്. 100 തരം മാവുകളാണ് ഇതിൽ ഉണ്ടായിരുന്നത്. ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.എസ്.ദീപ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുളങ്ങാട്ടുകര പള്ളിയിൽ ദുക്റാൻ തൈകളുമായി എത്തിയ കൂട്ടായ്മ അംഗങ്ങളെ ഫാ. ഫ്രാൻസിസ് ആലപ്പാട്ട് ആദരിച്ചു. ആര്യംപാടത്തും 100 തൈകൾ വിതരണം ചെയ്തു.

English Summary: ‘Naadan Maavukal’, a group on a mission to protect Kerala’s indigenous mango trees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA