കൃത്യമായ ഇടവേളയില്‍ മിന്നിത്തിളങ്ങുന്നത് ഇണയെ ആകർഷിക്കാൻ; വെല്ലുവിളികൾ നേരിടുന്ന മിന്നാമിനുങ്ങുകൾ!

: Fireflies threatened globally, with light pollution a glaring problem
SHARE

മിന്നാമിനുങ്ങുകളുടെ പ്രകാശ സൗന്ദര്യം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇരുട്ടില്‍ തെളിയുന്ന പ്രകൃതിയിലെ ഈ ഇല്യൂമനേഷന്‍ ലൈറ്റിങ് നല്‍കുന്ന സന്തോഷം ഏറെ വലുതാണ്. ഇണകളെ ആകര്‍ഷിക്കാനായാണ് മിന്നാമിനുങ്ങുകള്‍ ഇങ്ങനെ ഇത്തിരി വെട്ടം തെളിച്ചും കെടുത്തിയും രാത്രിയില്‍ കാത്തിരിക്കുന്നതെന്നാണു ശാസ്ത്രം പറയുന്നത്. ശരീരത്തിനുള്ളിൽ നടക്കുന്ന രാസപ്രവര്‍ത്തനമാണ് മിന്നാമിനുങ്ങുകളുടെ ഇളം പച്ച നിറം കലര്‍ന്ന മഞ്ഞ വെളിച്ചത്തിനു പിന്നില്‍.

ചില പ്രത്യേക പ്രദേശത്തെ മിന്നാമിനുങ്ങുകള്‍ ഇങ്ങനെ വെറുതെ മിന്നിത്തെളിയുന്നവര്‍ മാത്രമല്ലെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കു പോയ പല യാത്രക്കാരും മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിന്റെ പ്രത്യേകതകളെക്കുറിച്ചു 100 വര്‍ഷം മുന്‍പേ പുറം ലോകത്തെ അറിയിച്ചിരുന്നെങ്കിലും ഗവേഷകര്‍ സ്ഥിരീകരിച്ചത് വൈകിയാണ്. ഒരു പ്രത്യേക താളത്തില്‍ കൂട്ടമായി മിന്നിത്തെളിയാനുള്ള കഴിവാണ് ചില മേഖലകളിലെ മിന്നാമിനുങ്ങുകള്‍ക്കുള്ള എടുത്തു പറയേണ്ട പ്രത്യേകത.

ഫോട്ടിനസ് കാരലൈനസ് എന്നയിനം മിന്നാമിനുങ്ങുകളിലാണ് ഈ പ്രത്യേകത ഗവേഷകര്‍ കണ്ടെത്തിയത്. അമേരിക്കയിലെ കാരലൈനയിലാണ് ഇവയുടെ വെളിച്ചം കൊണ്ടുള്ള സംഗീത നിശ അരങ്ങേറുക. അതും ജൂണില്‍ രണ്ടാഴ്ച കാലത്തേക്കു മാത്രം. കാരലൈനയ്ക്കു പുറമെ പെന്‍സല്‍വാനിയ, അരിസോണ എന്നിവിടങ്ങളിലും മലേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലുമുള്ള മിന്നാമിന്നിക്കൂട്ടങ്ങളിലും ഈ പ്രത്യേകത കണ്ടെത്തിയിട്ടുണ്ട്.

മിനിട്ടില്‍ അഞ്ചു മുതല്‍ എട്ടു തവണവരെ വെളിച്ചം മിന്നിച്ച ശേഷം 10 സെക്കന്‍റോളം ഇരുട്ടാചരിക്കുകയാണ് ഈ മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ ചെയ്യുന്നത്. ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ഒരു താളബോധം മിന്നാമിനുങ്ങുകളുടെ ഈ കൂട്ടത്തോടെയുള്ള പ്രവർത്തിയില്‍ കാണാനാകും. ആണ്‍ മിന്നാമിനുങ്ങുകളും പെണ്‍ മിന്നാമിനുങ്ങുകളുമാണ് ഇങ്ങനെ ഇടവിട്ടു വെളിച്ചം പ്രകാശിപ്പിക്കുന്നതെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആണ്‍ പെണ്‍ മിന്നാമിനുങ്ങുകള്‍ക്ക് ഇണകളെ പരസ്പരം തിരിച്ചറിയാന്‍ സഹായിക്കുന്നതാണീ പ്രവർത്തിയെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. അതേസമയം എങ്ങനെയാണിവയ്ക്ക് ഒരേപോലെ വെളിച്ചം തെളിയിക്കാനും അണയ്ക്കാനും കൃത്യമായ ഇടവേളയില്‍ ഇരുട്ടാചരിക്കാനും സാധിക്കുന്നതെന്നത് ഇപ്പോഴും അജ്ഞാതമാണ്.

മിന്നാമിനുങ്ങുകൾ നേരിടുന്ന വെല്ലുവിളി

 Fireflies threatened globally, with light pollution a glaring problem

ലോകത്താകെമാനമുള്ള കീടനാശിനികളുടെ ഉപയോഗവും കൃത്രിമ വെളിച്ച സംവിധാനങ്ങളും രണ്ടായിരത്തോളം വരുന്ന മിന്നാമിനുങ്ങ് വർഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു. മിന്നാമിനുങ്ങുകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കുവാൻ പ്രത്യേകതരം പാരിസ്ഥിതിക ഘടകങ്ങൾ ആവശ്യമാണ്. തനതായ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതോടെ ജീവിതചക്രം പൂർത്തിയാക്കുവാൻ അവയ്ക്ക് സാധിക്കാതെ വരുന്നു എന്ന് ടഫ്റ്റ്സ് സർവകലാശാലയിലെ ജീവശാസ്ത്ര പ്രൊഫസറായ സാറാ ലൂയിസ് പറയുന്നു. ഉദാഹരണത്തിന്  ഒരേസമയം പ്രത്യേകരീതിയിൽ വെളിച്ചം പുറപ്പെടുവിക്കുന്ന മലേഷ്യൻ മിന്നാമിനുങ്ങുകൾ സ്വതവേ ജീവിക്കുന്നത് കണ്ടൽക്കാടുകളിലാണ്. എന്നാൽ എണ്ണപ്പന കൃഷിക്കും മറ്റു കൃഷികൾക്കുമായി കണ്ടൽക്കാടുകൾ നശിപ്പിച്ചതോടെ അവയ്ക്ക്  സ്വാഭാവിക രീതിയിൽ പ്രജനനം നടത്താനുള്ള ഇടമാണ് നഷ്ടമായത്.

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്താകെമാനം രാത്രിസമയങ്ങളിൽ കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നത് ക്രമാതീതമായി വർധിച്ചതാണ് മിന്നാമിനുങ്ങുകൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ആന്തരിക രാസപ്രവർത്തനങ്ങളുടെ ഫലമായാണ് മിന്നാമിനുങ്ങുകൾക്ക് സ്വയം പ്രകാശിക്കാൻ സാധിക്കുന്നത്. ഈ പ്രക്രിയയിലൂടെയാണ് അവ ഇണകളെ ആകർഷിക്കുന്നതും. ഭൂമിയിലെ കര പ്രദേശത്തിൽ 23 ശതമാനം ഇപ്പോൾ രാത്രികാലങ്ങളിൽ കൃത്രിമ വെളിച്ചത്തിലൂടെ പ്രകാശിക്കുന്നുണ്ട്. ഇത് മിന്നാമിനുങ്ങുകളിലെ സ്വാഭാവിക പ്രക്രിയയേയും സാരമായി ബാധിച്ചു എന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.

ഇതിനെല്ലാം പുറമേ കൃഷിയിടങ്ങളിലും മറ്റും കീടനാശിനികളുടെ ഉപയോഗം വർധിച്ചതോടെ ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ അത്തരത്തിലും നശിപ്പിക്കപ്പെട്ടു. ജപ്പാൻ, തയ്‌വാൻ, മലേഷ്യ എന്നിവിടങ്ങളിൽ ചില പ്രത്യേകയിനം മിന്നാമിനുങ്ങുകൾ  ഒരുമിച്ച് പ്രകാശം പരത്തുന്ന കാഴ്ച വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. കാഴ്ച ആസ്വദിക്കുന്നതിനായി കണ്ടൽ വനങ്ങളിലൂടെയും മറ്റു മോട്ടോർ ബോട്ടുകൾ അധികമായി സഞ്ചരിക്കുന്നത് മിന്നാമിനുങ്ങുകളുടെ ആവാസവ്യവസ്ഥയെ തന്നെ തകർത്തു.

നോർത്ത് കാരലൈനയിലും മെക്സിക്കോയിലുമാകട്ടെ സഞ്ചാരികൾ ചവിട്ടിയരച്ചാണ്  മിന്നാമിനുങ്ങുകൾ ഏറെയും കൊല്ലപ്പെടുന്നത്. വിനോദസഞ്ചാരമേഖലകളിലടക്കം മിന്നാമിനുങ്ങുകളെ കണ്ട് ആസ്വദിക്കാനെത്തുന്നവർക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയും കീടനാശിനികളിൽ നിന്നും കൃത്രിമ വെളിച്ചത്തിൽ നിന്നും അവയെ സംരക്ഷിക്കുകയും ചെയ്തില്ലെങ്കിൽ ലോകത്താകെമാനമുള്ള മിന്നാമിനുങ്ങുകൾക്ക് അധികം വൈകാതെ വംശനാശം സംഭവിക്കുമെന്ന് ബയോസയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

English Summary: Fireflies threatened globally, with light pollution a glaring problem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS