ആടിനെന്ത് അതിർത്തി; ഇന്ത്യയിലേക്കെത്തുന്ന ‘മാർഖോർ’, പാക്കിസ്ഥാന്റെ ദേശീയ മൃഗം!

No Border Can Stop Them: Pakistan's National Animal Markhors Visit India As Guests Of Honour
Image Credit: Shutterstock
SHARE

അളവുകള്‍ പോലും കൃത്യമായി ലഭ്യമല്ലാതിരുന്ന ഒരു കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ മാപ്പ് വച്ച് റാഡ്ക്ലിഫ് എന്ന ബ്രിട്ടിഷുകാരന്‍ വരച്ച വരയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി. ഈ വരയുടെ നിരര്‍ത്ഥകത ബോധ്യമാകണമെങ്കില്‍ കശ്മീരിലേക്ക് ചെല്ലണം. ഹിമാലയന്‍ കാടുകളിലെ മൃഗങ്ങളെയും പക്ഷികളെയും കാണണം. ആരോ വരച്ച വരയില്‍ ജീവിതം തന്നെ രണ്ട് പാതിയിലായ മനുഷ്യരെപ്പോലെയല്ല ഈ ജീവികള്‍. അവയ്ക്ക് അതിര്‍ത്തികളില്ല, അതുകൊണ്ട് തന്നെ ഇന്ത്യയെന്നോ പാക്കിസ്ഥാനെന്നോ വേര്‍തിരിവുമില്ല. അതിനാല്‍ തന്നെ പാകിസ്ഥാന്‍റെ ദേശീയമൃഗം ഇന്ത്യയിലേക്കെത്തുകയും വിഹരിക്കുകയും ഇണ ചേരുകയുമൊക്കെ ചെയ്യും.

പറഞ്ഞുവരുന്നത് മാർഖോർ എന്ന ഹിമാലയന്‍ കാട്ടാടുകളെ കുറിച്ചാണ്. സ്ക്രൂ പോലെ പിരിയന്‍ കൊമ്പുകളുള്ള ദേഹം മുഴുവന്‍ രോമങ്ങളുള്ള പാക്കിസ്ഥാന്‍റെ ദേശീയ മൃഗത്തെക്കുറിച്ച്. വടക്ക് പടിഞ്ഞാറന്‍ കശ്മീരില്‍ ഇനിയും ഉയര്‍ന്നിട്ടില്ലാത്ത വേലിക്കെട്ടുകള്‍ മൂലം ഇന്ത്യയിലേക്ക് ഇവ ഇപ്പോഴും യഥേഷ്ടം വരാറുണ്ട്. ബോനിയാര്‍ സെക്ടറിലെ കാസിനാഗ് വന്യജീവി സങ്കേതത്തിലാണ് ഇവ ഏറ്റവുമധികം കാണപ്പെടുന്നത്. വേനല്‍ക്കാലത്ത് ഉയര്‍ന്ന പര്‍വതങ്ങളിലും മഞ്ഞു പെയ്യുമ്പോള്‍ താഴെ ദേവതാരു മരങ്ങള്‍ക്കിടയിലും ഇവ ജീവിക്കുന്നു. 

പാക്കിസ്ഥാനിലും ഇന്ത്യയിലുമായി പരന്നു കിടക്കുന്ന പിര്‍പഞ്ചല്‍ മലനിരകളിലെ ആദിമ വാസികളാണ് മാർഖോറുകള്‍. അതുകൊണ്ട് തന്നെ ഇവയുടെ സ്വാഭാവികമായ ജൈവവ്യവസ്ഥ പരന്നുകിടക്കുന്നത് പാക്കിസ്ഥാനിലും ഇന്ത്യയിലുമായാണ്. അതുകൊണ്ട് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഇവ സ്വാഭാവികമായി സഞ്ചരിക്കും. മാർഖോറുകള്‍ മാത്രമല്ല വിവിധയിനം പക്ഷികളും ഹിമാലയന്‍ കരടികളും തുടങ്ങി  പല ജീവികളും ഇത്തരത്തില്‍ ഇരു രാജ്യങ്ങളിലുമായി ജൈവവ്യവസ്ഥ പങ്കിടുന്നവരാണ്.

മാർഖോർ

ആടുകളിലെ തന്നെ വലിയ കൊമ്പുകളുള്ള ഉയര്‍ന്ന മേഖലകളില്‍ കൊടും തണുപ്പില്‍ ജീവിക്കുന്ന കാപ്ര എന്ന ഇനത്തില്‍ പെട്ട 9 ജീവികളില്‍ ഒന്നാണ് മാർഖോർ. മാർഖോറിന് മുന്നില്‍ മനുഷ്യന്‍ തീര്‍ത്ത അതിര്‍ത്തികളില്ലാതാകുന്നത് ഇന്ത്യയിലും പാകിസ്ഥാനിലും മാത്രമല്ല. മധ്യേഷ്യയില്‍ കാരക്കോറം ഹിമാലയന്‍ മലനിരകളിലാണ് ഇവയ്ക്ക് അനുയോജ്യമായ ജൈവവ്യവസ്ഥയുള്ളത്. അതുകൊണ്ട് തന്നെ നേപ്പാള്‍, ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍, ഇറാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മാർഖോറുകളുടെ വ്യത്യസ്ത ഇനങ്ങളെ കണ്ടുവരാറുണ്ട്.

600 മുതല്‍ 3600 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവയെ പൊതുവെ കണ്ടുവരാറുള്ളത്. ആണാടുകള്‍ക്ക് വലിയ കൊമ്പുകളും പെണ്ണാടുകള്‍ക്ക് വലുപ്പം കുറഞ്ഞ കൊമ്പുകളുമാണുള്ളത്. കശ്മീരില്‍ കണ്ടുവരുന്ന മാർഖോറുകളുടെ ഇണ ചേരല്‍ ശൈത്യകാലത്തും, പ്രസവം മെയ് മാസവുമാണ് നടക്കുന്നത്. ഈ സമയത്താണ് ഇവ ഉയര്‍ന്ന് പരിസരങ്ങളില്‍ നിന്ന് ഹിമാലയത്തിലെ തന്നെ ഉയരം കുറഞ്ഞ മലനിരകളിലേക്കെത്തുന്നത്. ഹിമപ്പുലിയും ഹിമാലയന്‍ ചെന്നായ്ക്കളും കരടികളും,പരുന്തുകളുമാണ് ഇവയുടെ പ്രധാന വേട്ടക്കാര്‍ 

വംശനാശ ഭീഷണി

No Border Can Stop Them: Pakistan's National Animal Markhors Visit India As Guests Of Honour
Image Credit: Shutterstock

ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കാണപ്പെടുന്ന മാർഖോറുകളുടെ എണ്ണത്തില്‍ വർധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കശ്മീരിലെ വന്യജീവി വിഭാഗത്തിന്‍റെ സജീവമായ ഇടപെടലും പാകിസ്ഥാന്‍റെ ദേശീയ മൃഗം എന്ന നിലയിലുള്ള സംരക്ഷണവും ഇതിനു ഗുണം ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷം മുന്‍പ് 150 മാർഘോറുകളെയാണ് മെയ് മാസത്തില്‍ നടത്തിയ സർവേയില്‍ കണ്ടെത്തിയത്. സമീപകാലത്ത് നടത്തിയ സർവേയില്‍ ഇത് 250 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് മാർഖോറുകളെ കുറിച്ച് ഗവേഷണം നടത്തുന്ന വന്യജീവി വിഭാഗം ഉദ്യോഗസ്ഥന്‍ കൂടിയായ ഡോ. റായിസ് അഹമ്മദ് വ്യക്തമാക്കി. ഇവയെ വേട്ടയാടുന്നതിനെതിരെ നടത്തിയ ശക്തമായ പ്രചാരണവും വന്യജീവി വകുപ്പിന്‍റെ കൃത്യമായ പരിശോധനകളുമാണ് കശ്മീരിലെ മാർഖോറുകളുടെ എണ്ണം നേരിയ തോതിലെങ്കിലും വർധിക്കാന്‍ കാരണമായത്.

അതേ സമയം ഇന്ത്യ- പാക്ക് മേഖലയിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും രാജ്യാന്തര തലത്തില്‍ ഇവ ഇപ്പോഴും സുരക്ഷിതരല്ല. 2015 ല്‍ രാജ്യാന്തര ജൈവ വൈവിധ്യ സംരക്ഷണ യൂണിയന്‍ മാർഖോറുകളെ ചുവന്ന പട്ടികയില്‍ പെടുത്തിയിരുന്നു. അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളെന്ന പരിഗണ നല്‍കിയാണ് ഐയുസിഎന്‍ ഇവയെ ചുവന്ന പട്ടികയില്‍ പെടുത്തിയത്. 

ഉയരുന്ന മതില്‍ക്കെട്ടുകള്‍

ഇന്ന് യഥേഷ്ടം ഇന്ത്യ- പാക് അതിര്‍ത്തിയില്‍ മാര്‍ഘോറുകള്‍ക്ക് ചുരുങ്ങിയ മേഖലകളിലെങ്കിലും സഞ്ചരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇത് എത്ര നാളത്തേക്കെന്ന ചോദ്യവും ഉയരുന്നുണ്ട്. അതിര്‍ത്തിയില്‍ സമാധാനത്തിന്‍റെ പേരില്‍ എല്‍ഒസിയില്‍ വേലിക്കെട്ടുകള്‍ വ്യാപിക്കുകയാണ്. വേലിക്കെട്ടുകളുടെ ദൈര്‍ഘ്യം കൂടും തോറും ആടുകളുടെ സഞ്ചാരപാതകളും കുറയും. ഇങ്ങനെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ ഇടപഴകലില്‍ കുറവുണ്ടായാല്‍ അത് ആടുകളുടെ പ്രജനനത്തെയും അതിലൂടെ മാര്‍ഘോറുകളുടെ എണ്ണത്തെയും ബാധിക്കുമോയെന്ന ആശങ്കയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ട്.

English Summary: No Border Can Stop Them: Pakistan's National Animal Markhors Visit India As Guests Of Honour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA