ADVERTISEMENT

2700 വർഷങ്ങൾ പഴക്കമുള്ള ആധുനിക രീതികളോട് സാമ്യമുള്ള ശുചിമുറി ജറുസലമിൽ  കണ്ടെത്തി. ഇസ്രയേൽ ആന്‌റിക്വിറ്റീസ് അതോറിറ്റിയാണ് ശുചിമുറി കണ്ടെത്തിയത്. ചുണ്ണാമ്പുകല്ലിൽ നിർമിച്ച ശുചിമുറി ജറുസലമിലെ  ആർമോൻ ഹനാറ്റ്‌സിവ് മേഖലയിൽ വിനോദസഞ്ചാരത്തിനു വേണ്ടിയുള്ള കെട്ടിടനിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെയാണു കണ്ടെത്തിയത്. അഞ്ചടി നീളവും ആറടി വീതിയുമുള്ളതാണു കണ്ടെത്തിയ ശുചിമുറി.

 

അക്കാലത്ത് ഇത്തരം ശുചിമുറികൾ വളരെ അപൂർവമായിരുന്നെന്ന് ഇസ്രയേൽ ആന്‌റിക്വിറ്റീസ് അതോറിറ്റി ഡയറക്ടർ യാക്കോവ് ബിലിഗ് പറഞ്ഞു. അതിസമ്പന്നർക്കുമാത്രമായിരുന്നു ഇത്തരം ശുചിമുറികളുണ്ടായിരുന്നത്. പൗരാണിക ജറുസലമിൽ മുൻപും ഇത്തരം ശുചിമുറികൾ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. സെപ്റ്റിക് ടാങ്കും അതിനു മുകളിൽ ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്ത ദ്വാരമുള്ള ക്ലോസറ്റും ശുചിമുറിയിൽ നിന്നു കണ്ടെടുത്തു. സെപ്റ്റിക് ടാങ്കിൽ മൃഗങ്ങളുടെ എല്ലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

 

സെപ്റ്റിക് ടാങ്ക് പഠനവിധേയമാക്കിയാൽ അക്കാലത്തെ ആളുകളുടെ ഭക്ഷണരീതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടുമെന്നും ശാസ്ത്രജ്ഞർ വിചാരിക്കുന്നു. സെപ്റ്റിക് ടാങ്ക് ഇക്കാലത്തേതു പോലെയല്ല. പ്രകൃതിദത്തമായി വിസർജ്യം ഇതിൽ നശിച്ചുപോയിരുന്നില്ല. വിസർജ്യം പിന്നീട് ടാങ്കിൽ നിന്ന് എടുത്തുമാറ്റാനുള്ള തൊളിലാളികളും ഇതിന്റെ ഉടമസ്ഥരുടെ വീട്ടിലുണ്ടായിരിക്കാമെന്ന് ഇസ്രയേലി വിദഗ്ധർ പറയുന്നു.

 

ബിസി ഏഴാം നൂറ്റാണ്ടിൽ മേഖലയിലുണ്ടായിരുന്ന രാജവംശത്തിലെ ഏതോ കുടുംബത്തിന്റെയാകാം ശുചിമുറിയെന്നാണു വിചാരിക്കപ്പെടുന്നത്. ഇതോടൊപ്പം കൽത്തൂണുകൾ, ജനാലയുടെ ഭാഗങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ശുചിമുറിക്കരികിലായി ഒട്ടേറെ മരങ്ങൾ അടങ്ങിയ പൂന്തോട്ടം നിലനിന്നതിന്‌റെ തെളിവുകളും കിട്ടിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അക്കാലത്തെ പ്രമുഖമായ ഒരു ആഢംബരസൗധത്തിലാണു ശുചിമുറി നിന്നതെന്നുള്ളതിന്റെ തെളിവുകളാണ് ഇവ.

 

ഇതോടൊപ്പം പന്ത്രണ്ടിലധികം കുടങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത് കൗതുകകരമാണ്. പ്രാചീനമായ രീതിയിലുള്ള എയർഫ്രഷ്‌നറുകളെ വഹിച്ച കുടങ്ങളാകാം ഇവയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. അക്കാലത്തെ സമ്പന്നർ തങ്ങളുടെ ശുചിമുറികളിലും കിടപ്പുമുറികളിലും സുഗന്ധ എണ്ണകൾ എയർഫ്രഷ്‌നറുകളായി ഉപയോഗിച്ചിരുന്നു.

English Summary: 2,700-year-old luxury toilet unearthed in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com