ADVERTISEMENT

ഇംഗ്ലണ്ടിലെ ബ്രാഡ്ഫീൽഡ് വുഡ്സ് എന്ന വനമേഖലയിലൂടെ കാഴ്ചകൾ കണ്ടുനടന്നു നീങ്ങുകയായിരുന്നു അബ്ബി ഡോബ്സ് എന്ന വനിത. കരിയിലകൾക്കിടയിലൂടെ നടക്കുന്നതിനിടെ വിചിത്രമായ  എന്തോ ഒന്ന് തന്റെ കാലിന് സമീപമുള്ളതായി തോന്നിയതിനെ തുടർന്ന് ശ്രദ്ധിച്ചു നോക്കിയ അബ്ബി അക്ഷരാർത്ഥത്തിൽ ഭയന്നുപോയി. കൂർത്ത പല്ലുകൾ തെളിഞ്ഞു കാണത്തക്കവിധത്തിൽ  വായ പിളർത്തി പൊട്ടിയ കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്ന ഒരു സോംബി! 

ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്. അത് ആളെക്കൊല്ലി സോംബി ഒന്നുമല്ല ഒരു കൂണാണ്. കണ്ടുപരിചയിച്ച സോംബി ചിത്രങ്ങളിലേതുപോലെ കണ്ണുകളും വായും ഒക്കെ കൃത്യമായി ഉണ്ടെന്ന് മാത്രം. എന്തായാലും ഈ വിചിത്ര കൂണിന്റെ ഫോട്ടോ പകർത്തി മറ്റുള്ളവരെ കാണിക്കാൻ തന്നെ അബ്ബി തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കേണ്ട താമസം കൂണിന്റെ  ചിത്രം വൈറലുമായി. ചുരുങ്ങിയ സമയംകൊണ്ട് ആയിരക്കണക്കിനാളുകളാണ് ചിത്രം കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. 

ദ ബ്ലഷർ എന്ന പേരിലറിയപ്പെടുന്ന കൂണാണ് ഇത്. അമാനിറ്റ റൂബസെൻസ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. എന്നാൽ ഈ കൂണിന്റെ യഥാർത്ഥരൂപം സോംബിയുടേതുപോലെയല്ല. ഏതോ ജീവി കൂണിന്റെ ചില ഭാഗങ്ങൾ ഭക്ഷിച്ചതോടെ അതിന്റെ  ഉൾഭാഗതത്ത പാളികൾ പല്ലുകളുടെ ആകൃതിയിൽ തെളിഞ്ഞു പുറത്തേക്ക് വന്നതാണ്. മെയ്- നവംബർ മാസങ്ങൾക്കിടയിലാണ് ഈ ഇനത്തിൽപെട്ട കൂണുകൾ മുളയ്ക്കുന്നത്. 

ഈ ഇനത്തിൽപ്പെട്ട കൂണുകളുടെ  ഏതെങ്കിലും ഭാഗം അടർന്നുപോയി കഴിഞ്ഞാൽ അവിടം പിന്നീട് ചുവന്ന നിറത്തിൽ കാണപ്പെടും. അതിനാലാണ് ഇവയ്ക്ക് ബ്ലഷർ എന്ന പേര് വീണു കിട്ടിയത്.  അബ്ബി കണ്ടെത്തിയ കൂണിന്റെ അടർന്നുപോയ ഭാഗങ്ങളിലും ഇതേപോലെ നിറവ്യത്യാസം ഉണ്ടായതിനാലാണ് അതിന് സോംബി രൂപത്തോട് കൂടുതൽ സാദൃശ്യം തോന്നിയത്. ചിത്രങ്ങൾ പങ്കുവച്ചതോടെ വ്യത്യസ്തതരം പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോംബികളെക്കുറിച്ച് കേട്ടറിവുള്ളവർ ഈ കൂൺ  കണ്ടാൽ പേടിച്ച് ബോധംകെടുമെന്ന തരത്തിലാണ് ചിലരുടെ കമന്റുകൾ.

English Summary: Woman Found A Mushroom That Looks Like A Zombie While Taking A Walk & It's Totally Scary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com