ADVERTISEMENT

ഏതാണ്ട് 10 ലക്ഷം ഏക്കര്‍ ഭൂമിയാണ് യുഎസില്‍ ആളുകളുടെ ശവസംസ്കാരത്തിനായി ഉപയോഗിക്കുന്നത്. ഇതില്‍ വലിയൊരു പങ്കും കുഴിച്ചിടല്‍ പോലെ ഭൂമിയുടെ പുനരുപയോഗ സാധ്യതയില്ലാതാക്കുന്നതാണ്. ഇത്ര വലിയ ചുറ്റളവിലുള്ള ഭൂമി അവയുടെ സ്വാഭാവികത ഇല്ലാതാക്കിയും ജീവികളുടെ ആവാസവ്യവസ്ഥ നശിപ്പിച്ചുമാണ് ശവസംസ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പുരാതന സംസ്കാരങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ പ്രകൃതിയോട് ഇണങ്ങിയുള്ള എന്നാൽ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാത്ത ശവസംസ്കാര രീതി നമുക്ക് കാണാന്‍ സാധിക്കും. ലോക ജനസംഖ്യ അനിയന്ത്രിതമായി വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദമായി ശവസംസ്കാര രീതികള്‍ ആധുനിക സമൂഹവും സ്വീകരിക്കേണ്ടി വരും. പുതിയ കാലഘട്ടത്തിലെ ഇലക്ട്രിക് ശ്മശാനവും മറ്റും ഇതിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാനാകും.

 

ടിബറ്റിലെ ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ പിന്തുടരുന്ന രീതിയാണ് സ്കൈ ബറിയല്‍ അഥവാ ആകാശ ശവദാഹം. മംഗോളിയയിലും സമാനമായ ശവസംസ്കാര രീതി പിന്തുടരുന്ന ജനവിഭാഗങ്ങളുണ്ട്. മരണം നടന്ന ആളുടെ ശരീരം ജനവാസമേഖലയില്‍ നിന്ന് ദൂരെ മലനിരകളിലേക്കെത്തിച്ച് അവിടെ ചടങ്ങങ്ങുകള്‍ക്ക് ശേഷം പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലത്ത്, ചിലപ്പോള്‍ ഒരു ശ്മശാനം പോലെ നിർമിക്കപ്പെട്ട സ്ഥലത്ത് മൃതദേഹം വയ്ക്കും. ഇതിന് ശേഷം ആളുകള്‍ ഇവിടെ നിന്ന് മടങ്ങും.

 

ഇവിടെ മൃതദേഹം വയ്ക്കുന്നതിന് പിന്നിലെ കാരണം ബുദ്ധമത വിശ്വാസ പ്രകാരം മോക്ഷം കിട്ടുന്നതുമായി ബന്ധപ്പെട്ടതാണ്. മൃതദേഹം വച്ച ശേഷം സൂ എന്ന് വിളിക്കുന്ന പ്രത്യേക തരത്തിലുള്ള പുക ഇവ ഈ പ്രദേശത്തു നിന്ന് വമിപ്പിക്കും. ഇതോടെ കഴുകന്‍മാര്‍ ഇവിടേക്ക് പറന്നെത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ ശരീരം ഭക്ഷിക്കുകയും ചെയ്യും. ഇതിലൂടെ പ്രകൃതിയില്‍ നിന്ന് ലഭിച്ച ശരീരം പ്രകൃതിക്ക് തന്നെ നല്‍കുന്നു എന്ന വിശ്വാസമാണ് ടിബറ്റന്‍ സംസ്കാരം പിന്തുടരുന്നവര്‍ വച്ചുപുലര്‍ത്തുന്നത്.

 

ബന്ധുകള്‍ പോയ ശേഷം ശ്മശാനത്തിലെ നോട്ടക്കാരാണ് മൃതദേഹം പക്ഷികള്‍ ഭക്ഷിച്ചു എന്ന് ഉറപ്പു വരുത്തുന്നത്. ഇവരാണ് പുക ഉയര്‍ത്തുന്നതും കഴുകന്‍മാര്‍ക്ക് കഴിക്കാനുള്ള എളുപ്പത്തിനായി മൃതദേഹം മുറിച്ച് പല കഷണങ്ങളാക്കി പക്ഷികള്‍ക്ക് നല്‍കുന്നതും. ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹത്തിന്‍റെ അസ്ഥി മാത്രമാകും അവശേഷിക്കുക. തുടര്‍ന്ന് ഈ അസ്ഥികൾ ശേഖരിച്ച് അവ പൊടിക്കും. പിന്നീട് ടിബറ്റന്‍ ഭക്ഷണമായ സാമ്പയുമായി കലര്‍ത്തി അതും പക്ഷികള്‍ക്ക് കഴിക്കാന്‍ നല്‍കും. 

 

മൃതദേഹത്തെ കഴുകന്‍മാര്‍ ഭക്ഷണമാക്കുന്നതും മനുഷ്യര്‍ തന്നെ ഈ ശരീരം മുറിച്ച് കഴുകന്‍മാര്‍ക്ക് നല്‍കുന്നതും മിക്ക ആളുകള്‍ക്കും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ ടിബറ്റിലെ സംസ്കാരം അനുസരിച്ച് ഇത് വളരെ സ്വാഭാവികമായ പ്രക്രിയ മാത്രമാണ്. ടിബറ്റിലെയും മംഗോളിയയിലേയും ജീവിത സാഹചര്യങ്ങളിലെ സാമ്യത കണക്കിലെടുത്താല്‍ ഒരുപക്ഷേ അവിടുത്തെ ഭൗമഘടനയും ഇത്തരം ശവസംസ്കാര രീതി ഉടലെടുക്കാന്‍ കാരണമായെന്ന് കരുതാം. 

 

English Summary: Sky Burials: The Funerary Practice Where Bodies Are Carried Up Mountains To Feed The Birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com