ADVERTISEMENT

പരിസ്ഥിതി ദിനത്തിലെ ഒറ്റമരത്തൈ നടലിൽ ഒതുങ്ങുന്നതല്ല പരിസ്ഥിതി സ്നേഹമെങ്കിൽ ഈ മഴക്കാലം നിങ്ങൾക്ക് തരുന്നത് വലിയ അവസരമാണ്. ഇത്തിരി സ്ഥലത്ത് ഒരു കൊച്ചു വനം എന്ന മിയാവാക്കി മാതൃക വനം സൃഷ്ടിച്ചെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. പറമ്പിലെ ഒന്നോ രണ്ടോ സെന്റ്, സ്കൂളിലെയോ ഓഫിസിലെയോ പരിസരത്തെ ചെറുഭാഗം, ഫ്ലാറ്റ് സമുച്ചയത്തിന്റെ പരിസരത്തൊക്കെ മിയാവാക്കി കൊച്ചുവനങ്ങൾ പരീക്ഷിക്കാം. നിങ്ങളുടെ മുന്നിൽ നിന്ന് അപ്രത്യക്ഷരായ കിളികളെയും ശലഭങ്ങളെയുമൊക്കെ തിരിച്ചെത്തിക്കാനുള്ള മാർഗം കൂടിയാണിത്. ഒപ്പം ഭാവി തലമുറയ്ക്കായൊരു കരുതലും. 

 

∙ എന്താണ് മിയാവാക്കി വനം?

അക്കിര മിയാവാക്കി എന്ന ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച വനവത്കരണ മാതൃകയാണ് മിയാവാക്കി വനം എന്നറിയപ്പെടുന്നത്. തരിശുഭൂമിയിലോ ജലക്ഷാമം നേരിടുന്ന പ്രദേശത്തോ കൊച്ചു വനങ്ങൾ വളർത്തിക്കൊണ്ടു വന്ന് പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന മാതൃക. നല്ല രീതിയിൽ നിലമൊരുക്കി അടുത്തടുത്ത് നടുന്ന സസ്യങ്ങൾ സൂര്യപ്രകാശത്തിനായി മത്സരിച്ച് വളർന്ന് പെട്ടെന്ന് കാടായി മാറുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ സ്ഥലത്ത് കാടൊരുക്കാനുമാകും.  100 വർഷം പഴക്കമുള്ള ഒരു സ്വാഭാവിക വനത്തിന്റെ വളർച്ച 10 വർഷം കൊണ്ട് മിയാവാക്കി വനങ്ങൾ കാണിക്കുകയും ചെയ്യും. സംസ്ഥാനത്ത് കനകക്കുന്ന് കൊട്ടാരത്തിൽ ഈ മാതൃക അവതരിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് വിവിധ ഭാഗങ്ങളിൽ മിയാവാക്കി വനങ്ങൾ തളിർത്തു തുടങ്ങി. സാമൂഹിക വനവത്കരണ വിഭാഗം ഇപ്പോൾ വിദ്യാലയങ്ങളിലടക്കം ഇത്തരം കൊച്ചുവനങ്ങളുണ്ടാക്കാൻ സഹായിക്കുന്നു. 

 

∙ എങ്ങനെയൊരുക്കാം?

 Miyawaki forest in Malappuram
ചിത്രം : ഫഹദ് മുനീർ

മലപ്പുറം ജില്ലയിലെ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപികയായ സി. ഷർമിള തന്റെ സ്കൂളിലും സമീപത്തെ മറ്റൊരു സ്കൂളിലും വിജയകരമായി മിയാവാക്കി വനം ഒരുക്കിയിട്ടുണ്ട്. ഇതെങ്ങനെയുണ്ടാക്കാമെന്ന് അവർ പറയുന്നതിങ്ങനെ. ഒന്നോ രണ്ടോ സെന്റ് സ്ഥലം തിരഞ്ഞെടുത്ത് അവിടെ 1 മീറ്റർ ആഴത്തിൽ കുഴിയെടുക്കുക. അതിൽ ഉപയോഗിക്കുന്ന നടീൽ മിശ്രിതത്തിന്റെ പ്രത്യേകത കൊണ്ടാണ് പെട്ടെന്ന് മരങ്ങൾ ഇടതൂർന്ന് വളരുന്നത്.ചാണകപ്പൊടി, ഉമി, ചകിരിച്ചോർ , മണ്ണ് എന്നിവ തുല്യ അനുപാതത്തിൽ കൂട്ടിക്കലർത്തിയാണ് മിശ്രിതം തയാറാക്കുന്നത്. ഇത് പൂർണമായും കുഴിയിൽ നിറച്ചാണ് നിലമൊരുക്കുന്നത്. 

 

അതിനു ശേഷം ഒരു മീറ്റർ വീതിയും നീളവുമുള്ള ചതുരങ്ങളാക്കി കുമ്മായപ്പൊടി കൊണ്ട് അടയാളപ്പെടുത്തുക. ഇങ്ങനെ അടയാളപ്പെടുത്തിയ ഓരോ ചതുരശ്ര മീറ്ററിലും മൂന്നോ നാലോ ചെടികൾ വീതം നടാം. പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കാൻ പ്രത്യേക രീതിയിലാണ് തൈകളും നടേണ്ടത്. പാല, പ്ലാവ്, കുമിഴ് പോലെ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷത്തൈ, മന്ദാരം, അമ്പഴം തുടങ്ങി അധികം ഉയരത്തിൽ വളരാത്ത മറ്റൊരു മരത്തൈ, ചെമ്പരത്തി, പവിഴമല്ലി പോലെയുള്ള കുറ്റിച്ചെടിയിനത്തിൽപ്പെടുന്ന ഒരു തൈ, മുല്ല, ശതാവരി പോലെയുള്ള വള്ളിച്ചെടികളുടെ ഒരു തൈ എന്നിവയാണ് ഒരോ ചതുരശ്ര മീറ്ററിലും നടേണ്ടത്. തദ്ദേശീയ ഇനങ്ങളായ ചെടികൾ തിരഞ്ഞെടുത്ത് നടുന്നതാണ് നല്ലത്.

 

നിലമൊരുക്കാനും തൈകൾ വാങ്ങാനുമുള്ള ചെലവ് മാത്രമേ വരൂ. തൈനട്ടു കഴിഞ്ഞാൽ വൈക്കോലുകൊണ്ട് പുതയിടാം. ചെറുപയർ പോലെയുള്ള പയറിനങ്ങളുടെ വിത്ത് പാകി ജീവനുള്ള പുതയിടലും (ലൈവ് മൾച്ചിങ്) നടത്താം. വെള്ളം നന മാത്രമാണ് തുടർ പരിചരണമായി ആവശ്യമുള്ളൂ. മഴയുള്ള സമയത്ത് നനയ്ക്കേണ്ട ആവശ്യമില്ല. എന്നാൽ വെയിൽ മാത്രമുള്ള ദിവസമാണെങ്കിൽ 2 നേരം വീതം നനയ്ക്കാൻ ശ്രദ്ധിക്കണം. 3 വർഷം വരെ മഴയില്ലാത്ത അവസരങ്ങളിലെല്ലാം വെള്ളം നന തുടരണം. 3 വർഷമായ മിയാവാക്കി വനങ്ങൾക്ക് പിന്നീട് ഒരു പരിചരണവും വേണ്ട. അവ സ്വാഭാവികമായി വനമായി മാറും. മിയാവാക്കി രൂപത്തിൽ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഫലവൃക്ഷത്തോട്ടം തുടങ്ങിയവയെല്ലാം ഉണ്ടാക്കാമെന്ന് സി.ഷർമിള പറയുന്നു. മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ ഇത്തരത്തലൊരു മിയാവാക്കി പൂന്തോട്ടം ഉണ്ടാക്കിയത് ഇപ്പോൾ ഏറെ ആകർഷമകമായിട്ടുണ്ട്. ചെടികളും മറ്റും ഇടകലർത്തി നട്ടാൽ മതി. ഇത് ഫ്ലാറ്റ് പോലുള്ള സ്ഥലങ്ങളിൽ ഇത്തരം മിശ്രിത രൂപത്തിൽ മിയാവാക്കി വനങ്ങളുണ്ടാക്കിയാൽ ഭംഗിയും കൂടും. 

 

ചൂട് കുറയും

നഗരവനവത്കരണത്തിന് ഏറ്റവും അനുയോജ്യമായ രീതിയാണ് മിയാവാക്കി. ഇത് പച്ചപ്പ് മാത്രമല്ല, ചൂട് കുറയ്ക്കാനും ശുദ്ധവായു പ്രദാനം ചെയ്യാനും സഹായിക്കും. മണ്ണിന്റെ ജലസംഭരണശേഷി കൂട്ടാനും ഉപകരിക്കും. ഫ്ലാറ്റ് സമുച്ചയങ്ങളും മറ്റു വലിയ കെട്ടിടങ്ങളുമുണ്ടാക്കുമ്പോൾ അര സെന്റ് സ്ഥലമെങ്കിലും ഇത്തരത്തിൽ സൂക്ഷ്മ വനങ്ങളൊരുക്കാൻ മാറ്റിവച്ചാൽ നഗരവനവത്കരണം സാധ്യമാകും. 

 

English Summary: Miyawaki forest in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com