ADVERTISEMENT

ഹിമാലയത്തേക്കാൾ നാലു മടങ്ങ് നീളം, അത്രയും തന്നെ പൊക്കമുള്ള മലനിരകൾ. ഭൂമിയുടെ ചരിത്രകാലത്ത് ഇത്തരം മലനിരകൾ സ്ഥിതി ചെയ്തിരുന്നു. സൂപ്പർ മൗണ്ടനുകൾ എന്നാണ് ഇവ അറിയപ്പെട്ടത്. 8000 കിലോമീറ്ററോളം നീളത്തിൽ നീണ്ടുകിടന്ന ഈ വൻ മലനിരകൾ ഭൂമിയിൽ ജീവനുണ്ടാകാൻ സഹായിച്ചെന്ന് ഈ വർഷമാദ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണു ഗവേഷണം നടത്തിയത്.

 

ഭൂമിയിൽ സൂപ്പർ മലകൾ ഉണ്ടായത് രണ്ടുകാലഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. 200 കോടി വർഷം മുൻപായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് 65 കോടി വർഷം മുൻപും. ഭൂമിയിൽ യോജിക്കപ്പെട്ട വൻകരകൾ (സൂപ്പർ കോണ്ടിനെന്റ്സ്) ഉണ്ടായിരുന്ന സമയമാണ് അത്. ഈ ഭൂഖണ്ഡങ്ങളിലായി ഹിമാലയത്തിന്റെ നാലു മടങ്ങു നീളത്തിൽ ഈ വൻ മലനിരകൾ നീണ്ടു കിടന്നു. ആദ്യത്തെ സൂപ്പർ മല നൂനാ സൂപ്പർ മൗണ്ടൻ എന്ന പേരിലാണ് അറിയപ്പെട്ടത്. ആദിമകാല സൂക്ഷ്മകോശജീവികളായ യൂകാരിയോട്ടുകളുടെ ആവിർഭാവം ഈ മലനിരയുമായി ബന്ധപ്പെട്ടാണ് സംഭവിച്ചത്.രണ്ടാമത്തെ മലനിരകൾ ട്രാൻസ് ഗോണ്ട്‌വാനൻ സൂപ്പർമല എന്നറിയപ്പെടുന്നു. വലിയ മൃഗങ്ങളുടെ ആവിർഭാവം ഈ മലകളുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

എങ്ങനെയാണ് ഈ വമ്പൻ മലനിരകൾ ഭൂമിയിലെ ജീവനെ പരിപോഷിപ്പിച്ചത്. പ്രധാന സംഭാവന ജീവനു വേണ്ട പോഷണങ്ങൾ ഇവ നൽകി എന്നതിലാണ്. ഈ മലകളിൽ തേയ്മാനം ഉടലെടുത്തതിനെ തുടർന്ന് ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ വെള്ളത്തിലേക്കും കരയിലേക്കും ഇറങ്ങി. ആദിമജീവൻ ഉടലെടുക്കാൻ ഇതു സഹായിച്ചു. മാത്രമല്ല, പരിണാമത്തിലൂടെ വ്യത്യസ്തങ്ങളായ ജീവിവർഗങ്ങൾ ഭൂമിയിൽ നിറയാനും ഇതു കാരണമായി. അതോടൊപ്പം തന്നെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനും ഈ മലനിരകൾ സഹായിച്ചു. ആദ്യകാലത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ ശ്വസനവായു ഇല്ലായിരുന്നു. രണ്ടാമത് പ്രത്യക്ഷപ്പെട്ട ട്രാൻസ്ഗോണ്ട്‌വാനൻ മലനിരകളിലെ നശീകരണത്തിനൊപ്പം അന്തരീക്ഷ ഓക്സിജന്റെ അളവ് കുതിച്ചുയർന്നു. ഇതോടെയാണു വായു ശ്വസിക്കുന്ന ജീവജാലങ്ങൾ ഭൂമിയിൽ സാധാരണയായി മാറിയതെന്നും ശാസ്ത്രജ്​ഞർ പറയുന്നു.

 

English Summary: ‘Supermountains’ longer than the Himalayas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com