ADVERTISEMENT

അപകടം വിളിച്ചു വരുത്തുന്ന സൗന്ദര്യത്തെയാണ് സര്‍പ്പസൗന്ദര്യം എന്ന് വിശേഷിപ്പിക്കുന്നത്. വാഷിങ്ടണ്‍ പ്രവിശ്യയിലുള്ള മഞ്ഞ് നിറഞ്ഞ ഒരു ഗുഹയേയും ഇപ്പോള്‍ അധികൃതര്‍ വിശേഷിപ്പിക്കുന്നത് സര്‍പ്പസൗന്ദര്യമുള്ള ഗുഹയെന്നാണ്. ഇതിന് കാരണം കാഴ്ചയിലുള്ള സൗന്ദര്യത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടം തന്നെയാണ്. വാഷിങ്ടണിലെ മൗണ്ട് റെയ്നിയര്‍ എന്ന മേഖലയിലാണ് ഈ ഗുഹയുള്ളത്. ഈ പ്രദേശം നിയന്ത്രിക്കുന്ന നാഷണല്‍ പാര്‍ക്ക് സര്‍വീസ് തന്നെയാണ്  മഴവില്‍ ഗുഹയില്‍ പതിയിരിക്കുന്ന അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതും.

മഴവില്‍ ഗുഹ

മഞ്ഞുനിറഞ്ഞ ഈ ഗുഹ ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഇതിന്‍റെ ആകര്‍ഷണത്തിന് മാറ്റു കൂട്ടുന്ന മറ്റൊരു പ്രതിഭാസം ഈ ഗുഹയിലേക്ക് സൂര്യവെളിച്ചം തട്ടുമ്പോഴുണ്ടാകുന്ന മഴവില്‍ നിറങ്ങളാണ്. മഞ്ഞും വെള്ളത്തുള്ളികളും നിറഞ്ഞ ഗുഹയില്‍ പ്രകാശം പലയിടങ്ങളിലായി പ്രതിഫലിച്ചാണ് ഈ മഴവില്‍ വിരിയുന്നത്. ഫൊട്ടോഗ്രാഫറായ മാത്യൂ നിക്കോള്‍സ് ആണ് ഈ ഗുഹയുടെ മഴവില്‍ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തി ഈ മേഖലയെ പ്രശസ്തമാക്കിയത്. ഇതോടെ ഈ മേഖലയിലെ അഭൗമ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മാത്യു ഈ ചിത്രം പങ്കുവച്ചത്. കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത വിധം ആകര്‍ഷകമായതെന്നാണ് മാത്യു ഈ ചിത്രത്തിന് താഴെ കുറിച്ചത്. ഇത് ഒട്ടും തന്നെ അതിശയോക്തിയുള്ള പരാമര്‍ശമല്ലെന്ന് ഈ ചിത്രം കാണുന്നവരും സമ്മതിക്കും. ഈ ചിത്രം പങ്കുവച്ചു കൊണ്ട് തന്നെയാണ് നാഷണല്‍ പാര്‍ക്ക് സര്‍വീസും മുന്നറിയിപ്പ് നല്‍കിയത്. വേനല്‍ക്കാലത്ത് മുകളില്‍ മഞ്ഞും താഴെ അരുവി പോലെ ഒഴുകുന്ന വെള്ളവും നിറഞ്ഞാണ് ഗുഹ കാണപ്പെടുക. ഇതില്‍ നിന്നാണ് മഴവില്ലിന് സമാനമായ തിളക്കം ഗുഹയിലെ മഞ്ഞുപാളികളില്‍ ഉണ്ടാകുന്നതും. എന്നാല്‍ ഇവിടേക്കുള്ള യാത്ര ഒട്ടും സുരക്ഷിതമല്ലെന്നാണ് നാഷണല്‍ പാര്‍ക്ക് സര്‍വീസിന്‍റെ മുന്നറിയിപ്പ്.

പതിയിരിക്കുന്ന അപകടം

വെള്ളവും മഞ്ഞും മാത്രമുള്ള ഈ ഗുഹ എങ്ങനെ അപകടം സൃഷ്ടിക്കുമെന്ന് സ്വാഭാവികമായി ആരും സംശയിക്കാം.  ഇതും നാഷണല്‍ പാര്‍ക്ക് സര്‍വീസിന്‍റെ മുന്നറിയിപ്പില്‍ വിശദീകരിക്കുന്നുണ്ട്. വേനല്‍ക്കാലമായത് കൊണ്ട് തന്നെ ഗുഹയിലെ മഞ്ഞ് വളരെ ദുര്‍ബലമായ അവസ്ഥയിലായിരിക്കും. പല മീറ്ററുകള്‍ കനത്തിലാണ് ഈ മഞ്ഞുപാളികൾ നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഗുഹയിലെത്തുന്ന സഞ്ചാരികളുടെ മുകളിലേക്ക് ഈ മഞ്ഞുപാളികള്‍ വീണാല്‍ അത് വലിയ അപകടമുണ്ടാക്കും. സാരമായി പരുക്കേൽക്കാനോ ശ്വാസം മുട്ടി മരിക്കാനോ സാധ്യതയേറെയാണ്. പരുക്കേറ്റാലും ഈ മേഖലയില്‍ നിന്ന് ആശുപത്രിയിലെത്തിക്കുകയെന്നത് ദുര്‍ഘടമാണ്. അതിനാല്‍ സാരമായി പരുക്കേറ്റാല്‍ തന്നെ ജീവന്‍ രക്ഷിക്കുക അത്ര എളുപ്പമായിരിക്കില്ല.

ഇത്തരത്തില്‍ മഴവില്‍ വര്‍ണം വിരിയിക്കുന്ന പല ഗുഹകള്‍ ഈ മേഖലയിലുണ്ട്. ഈ ഗുഹയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഗുഹയിലെ തണുത്ത കാലാവസ്ഥയും അതേസമയം വെള്ളം ഉരുകിയൊലിക്കുമ്പോഴുണ്ടാകുന്ന താപനിലാ വ്യത്യാസവും ചേര്‍ന്നാണ് ഹൈപ്പോതെര്‍മിയയ്ക്കുള്ള സാഹചര്യമുണ്ടാകുന്നത്. ഇത്തരം അപകടം മുന്നില്‍ കണ്ട് ഈ മേഖലയിലുള്ള വലിയ ഗുഹകളില്‍ പലതിലും 1980 കള്‍ മുതല്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം കൊണ്ട് തന്നെയാകാം ഗുഹയിലെ മഞ്ഞില്‍ വിരിയുന്ന മഴവില്ല് ഇത്ര നാളും സഞ്ചാരികളുടെ ശ്രദ്ധയില്‍ പെടാതെ പോയതെന്നാണ് കരുതുന്നത്. 

സമാനമായ ഗുഹകള്‍ വാഷിങ്ടണിലെ സിയാറ്റില്‍ മേഖലയില്‍ പലയിടങ്ങളിലായുണ്ട്. 2015ല്‍ മൗണ്ട് ബേക്കറിലെ മഞ്ഞുഗുഹയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 ല്‍ 11 വയസ്സുള്ള പെണ്‍കുട്ടിയും സമാനമായി ഒരു ഗുഹയില്‍ മഞ്ഞുപാളി തകര്‍ന്നുവീണ് മരിച്ചിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളുടെ ചരിത്രം കൂടി കണക്കിലെടുത്താണ് അധികൃതര്‍ സഞ്ചാരികള്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

English Summary: Rainbow Ice Caves Are Gorgeous But Deadly, Warns National Park Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com