ADVERTISEMENT

സമുദ്രത്തിലെ സ്വാഭാവിക പ്രതിഭാസങ്ങള്‍ക്കിടയിലെ അദ്ഭുതങ്ങളിലൊന്നാണ് ‘തോര്‍ കിണര്‍’. പസിഫിക്കിലെ പൈപ്പ് എന്നുകൂടി അറിയപ്പെടുന്ന ഈ കിടങ്ങ് അമേരിക്കയിലെ ഒറിഗോണ്‍ തീരമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കൂട്ടം പാറകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ കിടങ്ങിന്‍റെ കാഴ്ചയിലുള്ള കൗതുകമാണ് ഇതിന് പസിഫിക്കിലെ ഡ്രെയ്ന്‍ പൈപ്പ് എന്നും, കിണര്‍ എന്നുമൊക്കെ പേര് ലഭിക്കാന്‍ കാരണം. പാറക്കൂട്ടത്തിന് നടുവിലൂടെയെത്തുന്ന തിരമാലകള്‍ ഈ കിടങ്ങില്‍ വീണ് കുഴിയിലേക്കെന്ന പോലെ ഒഴുകി പോകുന്നതാണ് ഇവിടെ കാണാനാകുക.

ഒറിഗോണിലെ തന്നെ ഏറ്റവും നയനസുന്ദരമായ അനുഭവം നല്‍കുന്ന കേപ് പെര്‍പ്പെറ്റുവയിലാണ് ഈ കിടങ്ങുള്ളത്. ഈ കിടങ്ങിന് അടിത്തട്ടില്ലെന്ന വിധത്തിലാണ് ഇതിലേക്ക് സമുദ്രജലം വീണ് താഴേക്ക് അപ്രത്യക്ഷമാകുന്നത്. വേലിയേറ്റ സമയത്താണ് ഈ കിടങ്ങിലേക്കുള്ള സമുദ്രജലലത്തിന്‍റെ ഒഴുക്ക് ശക്തമാകുന്നത്. അതുകൊണ്ട് തന്നെ ഈ കിടങ്ങിനെ കിണറിന്‍റെ രൂപത്തില്‍ കാണണമെങ്കില്‍ വേലിയേറ്റ സമയത്ത് തന്നെ ഈ മേഖല സന്ദര്‍ശിക്കണം. ശക്തമായ തിരയുള്ള സമയത്ത് ബിയര്‍ഗ്ലാസ് നിറഞ്ഞ് നുര വരുന്നത് പോലെയാണ് ഈ കിടങ്ങിലേക്ക് വെള്ളം ഇരച്ചെത്തി പത പുറത്തേക്കെത്തുന്നത്.

കാഴ്ചയില്‍ തിരിച്ചറിയാത്ത അപകടം

അതേസമയം അകലെ നിന്ന് കാണുന്നതു പോലെയോ ചിത്രമെടുക്കുന്നതു പോലെയോ അല്ല ഈ കിടങ്ങിന്‍റെ അടുത്തേക്ക് ചെന്നാലുള്ള സ്ഥിതി. പാറക്കെട്ടുകളും ശക്തമായ തിരമാലകളും മൂലം ആളുകള്‍ ഈ കിടങ്ങിന്റെ അടുത്തേക്ക് ചെന്നാല്‍ തിരയില്‍പെട്ട് അകത്തേക്കു വീഴാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ശക്തമായ തിരമാലയാണെങ്കില്‍ ആളുകളെ തിരമാല തന്നെ വലിച്ചെടുത്ത് കിടങ്ങിലേക്ക് വീഴ്ത്താനുള്ള സാധ്യതയുമുണ്ട്. കിടങ്ങിലേക്ക് വീണാല്‍ പിന്നീട് കയറുകയെന്നതും അസാധ്യമായ കാര്യമാണ്. ഈ കിടങ്ങില്‍ പെട്ട് ഇതുവരെ ആരും മരിച്ചിട്ടില്ലെങ്കിലും ഈ കിടങ്ങിലേക്ക് പോകുന്ന തിരമാലയിപ്പെട്ട നിരവധി പേര്‍ക്ക് പരുക്കുകള്‍ പറ്റിയിട്ടുണ്ട്. ഈ കിടങ്ങിലെ തന്നെ മറ്റൊരു പ്രതിഭാസം ഇതിനുള്ളില്‍ പെട്ട് പൂത്തിരി പോലെ മുകളിലേക്കുയരുന്ന തിരമാലയാണ്. ഏതാണ്ട് 20 അടി വരെ ഉയരത്തില്‍ ഇങ്ങനെ ഈ കിടങ്ങില്‍ നിന്ന് തിരമാലകള്‍ മുകളിലേക്ക് ഉയരാറുണ്ട്. ഇതും പലപ്പോഴും കിടങ്ങിനടുത്തേക്ക് പോകുന്ന ആളുകള്‍ക്ക് അപകടങ്ങള്‍ വരുത്തി വയ്ക്കാറുണ്ട്. 

കിടങ്ങിലെ ജൈവവൈവിധ്യം

ശക്തമായ തിരമാലയും ഒഴുക്കുമെല്ലാമുണ്ടെങ്കിലും നിരവധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ കിടങ്ങ്. കല്ലുമ്മക്കായകളും കക്കകളും മുതല്‍ നക്ഷത്ര മീനുകള്‍ വരെയുള്ള ജീവികള്‍ ഈ കിടങ്ങില്‍ ജീവിക്കുന്നുണ്ട്. തിരമാല കുറഞ്ഞ സമയത്ത് അനക്കമില്ലാതെ കിടക്കുന്ന ഈ കിടങ്ങിലെ ജലത്തിലൂടെ ഈ ജീവികളുടെ സാന്നിധ്യം കാണാനാകും. ഏതാണ്ട് 3 മീറ്റര്‍ വീതിയാണ് ഈ കിടങ്ങിനുള്ളത്. അതേസമയം ഈ സമയത്തും ആഴത്തിലേക്ക് നോക്കിയാല്‍ അപ്പോഴും ഇതിന്റെ അടിത്തട്ട് കാണാനാകില്ല. മറിച്ച് കടല്‍ ജലത്തിന്‍റെ ആഴം വ്യക്തമാക്കുന്ന നീല നിറം മാത്രമാണ് കാണാനാകുക. ഈ കിടങ്ങിന് തോറിന്‍റെ പേര് ലഭിയ്ക്കാക്കാനും കാരണമുണ്ട്. നോര്‍സ് കെട്ടുകഥകളിലെ ദൈവവും പുതിയ കാലത്തെ അവഞ്ചേഴ്സ് സിനിമകളിലെ സൂപ്പര്‍ഹീറോയുമാണ് തോര്‍. തോര്‍ തന്‍റെ ചുറ്റിക വച്ച് ഒറിഗോണ്‍ തീരത്ത് അടിച്ചതിനെ തുടര്‍ന്നാണ് ഈ കിടങ്ങ് രൂപപ്പെട്ടതെന്നാണ് മേഖലയില്‍ നിലനില്‍ക്കുന്ന കഥകളിലൊന്ന്. ഒറിഗോണിലേക്കുള്ള യൂറോപ്യന്‍ കുടിയേറ്റ സമയത്ത് തന്നെ ഈ കെട്ടുകഥ ഉടലെടുത്തിരിക്കാമെന്നാണ് കരുതുന്നത്.. 

 

കിടങ്ങിന്‍റെ രൂപപ്പെടലിന് പിന്നിലെ വസ്തുത

തോറിന്‍റെ ചുറ്റികയുടെ അടി കേള്‍ക്കാന്‍ രസമുള്ള കാരണമാണെങ്കിലും ഈ കിടങ്ങ് രൂപപ്പെട്ടത് പ്രകൃതിയിലെ ചില മാറ്റങ്ങളിലൂടെയാണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഒരു കടല്‍ഗുഹയാണ് പിന്നീട് തകര്‍ന്ന് കിടങ്ങായി മാറിയതെന്നാണ് ഗവേഷകര്‍ പറയുന്നുത്. ഗുഹയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അടിത്തട്ടാണ് പിന്നീട് തകര്‍ന്നത്. ഇന്ന് ഏതാണ്ട് 20 അടി താഴ്ചയുള്ള ഈ കിടങ്ങിലേക്ക് പതിക്കുന്ന തിരമാലകള്‍ തുടര്‍ന്ന് അതിന് അടിയിലുള്ള കടല്‍ജലവുമായി കൂടിച്ചേരുകയാണ് ചെയ്യുന്നത്.

 

ഈ കിടങ്ങ് മാത്രമല്ല, ഈ മേഖലയില്‍ തീം പാര്‍ക്കിന് തുല്യമായ കാഴ്ചകള്‍ ഒരുക്കുന്ന ചെറു സുഷിരങ്ങളും പാറക്കെട്ടുകള്‍ക്കിടയിലുണ്ട്. ഒറിഗോണിലെ ഈ സുഷിരങ്ങളിലൂടെ വേലിയേറ്റ സമയത്ത് ജലം വായുവിലേക്കുയരും. തിമിംഗലങ്ങള്‍ ശ്വസിക്കുന്ന സമയത്ത് വായുവിലേക്കു തെറിപ്പിക്കുന്ന ജലത്തിന് സമാനമാണ് ഈ സുഷിരങ്ങളിലൂടെ മുകളിലെത്തുന്ന കടല്‍ജലവും. അതുകൊണ്ട് വേലിയേറ്റ സമയത്ത് ഒട്ടനവധി സുഷിരങ്ങളിലൂടെ ഇത്തരത്തില്‍ ജലം പൂത്തിരി പോലെ മുകളിലേക്കുയരുന്നത് കാഴ്ചയില്‍ കൗതുകം ഉളവാക്കുന്ന കാഴ്ചയാണ്. 

 

English Summary: Thor's Well Is A Seemingly Bottomless Sinkhole In The Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com