ട്രെക്കിങ്ങിനിടയിൽ കണ്ടത് ലോകത്തിലെ ഏറ്റവും വലിയ പുഷ്പം; വനത്തിനുള്ളിൽ വിരിഞ്ഞത് റഫ്‌ളീഷ്യ

Mail This Article
ഇന്തോനീഷ്യയിൽ ട്രെക്കിങ്ങിനെത്തിയ ആൾ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്‌ളീഷ്യയെ. വനത്തിനുള്ളിലൂടെ നടക്കുന്നതിനിടയിലാണ് അപൂർവ പുഷ്പത്തെ കണ്ടത്. ഉടൻതന്നെ ഇതിന്റെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അഞ്ച് ഇതളുകളുള്ള, ചുമന്ന നിറത്തിൽ വിരിയുന്ന ഈ പൂവിനു ഏകദേശം ഒരു മീറ്റർ വ്യാസത്തിൽ വലുപ്പമുണ്ടാകും. ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്‌ളീഷ്യ. ഇതുകൊണ്ട് ഒന്നും തീർന്നില്ല ഈ പൂവിന്റെ പ്രത്യേകതകൾ. പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നു 5 മുതൽ 6 കിലോ വരെ തേൻ കിട്ടും. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യമാണ്. പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിന്‍റെ ആയുസ്. റഫ്‌ളീഷ്യ ആർനോൾഡി വിഭാഗത്തിൽ പെട്ടതാണ് ഈ പുഷ്പം.
100 സെ.മി വ്യാസമുള്ള റഫ്‌ളീഷ്യ പുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. കടുത്ത ദുർഗന്ധമാണ് ഈ പൂക്കൾക്ക്. തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് റഫ്‌ളീഷ്യ കാണപ്പെടുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ തന്നെ പ്രാദേശിക ഭാഷയിൽ 'ശവം നാറി' എന്നാണ് ഈ പൂവിനുള്ള വിളിപ്പേര്. കടും ചുവപ്പ് നിറത്തിൽ വെള്ള പുള്ളികുത്തോട് കൂടിയ ഈ പൂവ് കാഴ്ചയിൽ ആരെയും ആകർഷിക്കും. സൗന്ദര്യത്തിന്റെ കാര്യത്തിൽ കാട്ടുപൂക്കൾ മുന്നിലാണ് എന്നുകൂടി തെളിയിക്കുകയാണ് റഫ്‌ളീഷ്യ. മരത്തിന്റെ ചുവട് ഭാഗത്തോട് ചേർന്നാണ് റഫ്‌ളീഷ്യ വളരുന്നത്. അതിനാൽ തന്നെ ആരുടെയും കണ്ണിൽപ്പെടുകയും ചെയ്യും. പൂവിനകത്ത് ഒരു പൂച്ചയ്ക്ക് സുഖമായി ഒളിച്ചിരിക്കാൻ പാകത്തിൽ ഒരു കുഴിയുണ്ട്. ഇതിനുള്ളിൽ താമരവിത്തു പോലെ വിത്തും കാണാം.
ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോയാണ് ഈ ജനുസ്സ് കണ്ടെത്തിയത്. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ. ഈ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ പൂവ് ഇന്തോനേഷ്യയിലാണ് വിരിഞ്ഞത്. അതിന്റെ വലുപ്പം 111 സെന്റീമീറ്റർ ആയിരുന്നു. ലോകത്താകമാനം 30 വിഭാഗങ്ങളിൽപെട്ട റഫ്‌ളീഷ്യ പുഷ്പങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ എല്ലാ വിഭാഗത്തെയും കണ്ടെത്താൻ സസ്യ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. അസാമാന്യമായ വലുപ്പവും വ്യത്യസ്തമായ സ്വഭാവവും നിമിത്തം ഈ പൂവ് ഇന്നും ശാസ്ത്ര ലോകത്തിനു ഒരു അദ്ഭുതമാണ്.
English Summary: Watch: Indonesian man finds Rafflesia, world’s largest flower, in the wild