ADVERTISEMENT

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഇത് ദേശാടനക്കാലമാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് പ്രജനനത്തിനായി ഒാസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ നിന്ന് സമുദ്രതീരത്തേക്ക് ദേശാടനം നടത്തുന്നത്. ഒാസ്ട്രേലിയില്‍ നിന്ന് 240 കി.മി. അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പടിഞ്ഞാറൻ ജാവയുടെ ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 135 ചതുരശ്ര കിലോമീറ്ററിൽ പരന്ന് കിടക്കുന്നൊരു ദേശീയോദ്യാനം. കടൽ ജീവികളും വ്യത്യസ്തയിനം പക്ഷികളും യഥേഷ്ടം ജീവിക്കുന്ന ക്രിസ്മസ് ദ്വീപിൽ റെഡ് ക്രാബ് എന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഞണ്ടുകളുടെ പ്രജനനകാലമാണ് ഒക്ടോബർ, നവംബർ മാസങ്ങള്‍. വർഷത്തിന്റെ ഭൂരിഭാഗം സമയത്തും ദ്വീപിലെ കാടിനകത്ത് കഴിയുന്ന റെഡ് ക്രാബുകൾ സമുദ്ര തീരത്തോടുചേര്‍ന്നുള്ള മാളങ്ങളിലേക്ക് കൂട്ടമായെത്തുക ഈ സമയത്താണ്. ക്രിസ്മസ് ദ്വീപില്‍ എല്ലാ വര്‍ഷവും കാണപ്പെടുന്ന ഒരു മനോഹര പ്രതിഭാസമാണ് ഞണ്ടുകളുടെ കുടിയേറ്റം. ഏകദേശം 60 ദശലക്ഷം ചുവന്ന കര ഞണ്ടുകൾ തീരത്തേക്ക് വരുന്ന ഒരു പ്രകൃതി വിസ്മയമാണിത്.

 

ഇണചേരാനും മുട്ടയിടാനുമാണ് അവയുടെ ഈ യാത്ര. ഇണചേർന്ന് കഴിഞ്ഞാൽ ആണ്‍ ഞണ്ടുകള്‍ കാടുകയറും. എന്നാല്‍ പെണ്‍ഞണ്ടുകള്‍ തീരത്തോടു ചേർന്നുള്ള മാളത്തില്‍ത്തന്നെ 2ആഴ്ച കൂടി തുടരും. ഒരു പെൺ ഞണ്ട് 100,000 മുട്ടകൾ വരെയിടും. മുട്ടയിട്ടാൽ അത് മുഴുവൻ കടലിലേക്ക് തട്ടിയിടും. ക്രിസ്മസ് ദ്വീപ് റെഡ് ക്രാബുകളുടെ പറുദീസയാണ്. പ്രജനനത്തിനായി ഇവ കാട്ടിൽ നിന്ന് ഇറങ്ങിവരുന്നത് ഒരു കാഴ്ച തന്നെയാണ്. ചുവന്ന പരവതാനി കാറ്റത്ത് അലയായ് ഒഴുകും പോലെയാണത്. റെഡ് ക്രാബുകളുടെ ഹണിമൂൺ എന്ന് ഈ യാത്രയെ കവികള്‍ വിശേഷിപ്പിക്കാറുണ്ട്. ദ്വീപിന്‍റെ ഭൂരിഭാഗവും ക്രിസ്മസ് ദ്വീപ് ദേശീയ ഉദ്യാനത്തിന്‍റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളാണ്. സമൃദ്ധമായി പരന്നുകിടക്കുന്ന മൺസൂൺ വനപ്രദേശവും ഫോസ്ഫേറ്റ് നിക്ഷേപവുമാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. 

 

തീരത്തോട് ചേർന്നുള്ള റോഡ് അടച്ചിടേണ്ടി വരാറുണ്ട് ഈ ഞണ്ട് റാലി പോകുമ്പോൾ. മിണ്ടീം പറഞ്ഞും ഉല്ലസിച്ച് അവ കടന്നു പോകുമ്പോഴേക്കും ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്ന വണ്ടികളുടെ നീണ്ട നിര കാണാം. ഈ കാഴ്ച  ആസ്വദിക്കാനായി മാത്രം ദ്വീപിലെത്തുന്ന സഞ്ചാരികളുമുണ്ട്. ചിലർ കണ്ടുനിൽക്കുക മാത്രമല്ല, റോഡിൽ നീണ്ട് നിവർന്നങ്ങ് കിടക്കും. ഞണ്ടുകൾ മേലാകെ പൊതിയുമ്പോഴുള്ള സുഖമാസ്വദിക്കാനാണിത്. ജീവിതം പറഞ്ഞ് പോകുന്ന ഞണ്ടുകളേ നോക്കിനിൽക്കേ പ്രണയം പറയുന്നവരും ആൾക്കൂട്ടത്തിലുണ്ടാവും.

 

English Summary: The annual red crab migration has begun on Christmas Island

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com