രാജവെമ്പാലയെ വരെ ഭക്ഷണമാക്കുന്ന ‘ബ്ലൂ കോറല്‍’; ലോകത്തിലെ മാരകമായ വിഷപ്പാമ്പുകളിലൊന്ന്

Mail This Article
ലോകത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നാണ് ബ്ലൂ കോറല്‍. തലയിലും വാലറ്റത്തും കടുത്ത ചുവപ്പ് നിറവും ദേഹം മുഴുവന്‍ നീല നിറവുമുള്ള പാമ്പുകളാണിവ. ഇവയുടെ വിഷം വേദനസംഹാരിയായും ഉപയോഗിക്കാൻ കഴിയുമെന്ന് ഗവേഷകര്‍ മുൻപ് കണ്ടെത്തിയിരുന്നു. അതിവേഗം സഞ്ചരിക്കുന്നു എന്നതാണ് ഇവയുടെ വിഷത്തിന്‍റെ പ്രത്യേകത. ഈ പ്രത്യേകത മൂലമാണ് ഇവ വേദന സംഹാരിയായി ഉപയോഗിക്കാന്‍ കഴിയുന്നതും.
വിഷത്തിന്റെ കാഠിന്യം മൂലം ‘കൊലയാളികളിലെ കൊലയാളി’യെന്നാണ് ഇവ അറിയപ്പെടുന്നത്. ഇതില്‍ ഒട്ടും അതിശയോക്തിയുമില്ല. കാരണം ഇവ പലപ്പോഴും ഭക്ഷണമാക്കുന്നത് വലുപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ വിഷം പോലും ഇവക്ക് തെല്ലും ഏശില്ല. തെക്കന്‍ ഏഷ്യയാണ് ബ്ലൂ കോറലിന്റെ സ്വദേശം. മനുഷ്യ സാമീപ്യമുളളിടത്ത് അധികം കാണപ്പെടാത്തയിനം പാമ്പാണ് ഇവ.
2 മീറ്റര്‍ വരെ നീളം വരുന്ന ഇവയുടെ വിഷഗ്രന്ഥിയുടെ നീളവും വിസ്മയിപ്പിക്കുന്നതാണ്. ഏതാണ്ട് 60 സെന്‍റി മീറ്റര്‍ നീളം വരും ഇത്.അതായത് ശരീരത്തിന്‍റെ നാലിലൊന്ന് നീളം. ഈ പാമ്പിന്‍റെ വിഷം സംബന്ധിച്ച വിശദാംശങ്ങള്‍ കുറച്ച് കാലം മുൻപ് വരെ ഏതാണ്ട് അജ്ഞാതമായിരുന്നു. ഓസ്ട്രേലിയയിലെ ഗവേഷകരാണ് ഏറെ നളത്തെ ശ്രമങ്ങള്‍ക്ക് ശേഷം ബ്ലൂ കോറലിന്‍റ വിഷത്തില്‍ നിന്ന് വേദന സംഹാരി ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയത്.പേരിനൊപ്പം കൊലയാളികളിലെ കൊലയാളി എന്ന വിശേഷണം ഉണ്ടെങ്കിലും മറ്റ് പല ജീവി വര്‍ഗങ്ങളെയും പോലെ ഇവയുടെ നിലനിൽപും സുരക്ഷിതമല്ല. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ വനനശീകരണമാണ് ഇവയുടെ എണ്ണം കുറയാൻ പ്രധാന കാരണം.
English Summary: Blue Coral Snakes Have Venom Unlike Any Other Snake