സ്തൂപങ്ങൾ പോലെ നിരന്നു നിൽക്കുന്ന പാറക്കൂട്ടം; സമുദ്രത്തിൽ നിന്നും ഉയർന്നുവന്ന നിഗൂഢ ലോകമോ?

Mail This Article
അവതാർ എന്ന ചിത്രത്തിലൂടെ പണ്ടോര എന്ന സാങ്കൽപിക ലോകം ഏവർക്കും സുപരിചിതമാണ്. ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞ ആ കൗതുക ലോകം ഡിസ്നി ലാൻഡ് അതേപടി പുനർ നിർമിച്ചിട്ടുമുണ്ട്. എന്നാൽ കൃത്രിമമായി നിർമിച്ചതല്ലാതെ യഥാർഥത്തിലുള്ള ഒരു പണ്ടോര ലോകം ഭൂമിയിലുണ്ട്. ചൈനയിലാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്ന ഇൗ സ്ഥലം.ചൈനയിലെ ഷാങ്ഷാജി എന്ന സ്ഥലത്തെ ടിയൻസി പർവതങ്ങളാണ് പണ്ടോര ലോകം പോലെ കൗതുകമുണർത്തുന്നത്. പർവതം എന്നറിയപ്പെടുന്നുണ്ടെങ്കിലും മാനംമുട്ടെ ഉയരത്തിൽ സ്തൂപങ്ങൾ കണക്കെ നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഇത്തരം പാറക്കൂട്ടങ്ങളുടെ ഒരു വനം തന്നെയാണ് ഈ പ്രദേശമെന്നും പറയാം. അവയ്ക്കിടയിൽ മഞ്ഞു മൂടി കിടക്കുന്ന ദൃശ്യം ശരിക്കും പണ്ടോര ലോകത്തിന്റെ അതേ പ്രതീതിയാണ് നൽകുന്നത്.
സമുദ്രനിരപ്പിൽ നിന്നും 4142 അടിയാണ് ടിയൻസിയിലെ ഏറ്റവും വലിയ പാറക്കെട്ടിന്റെ ഉയരം. എന്നാൽ അവസാദശിലകൾക്കു മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം 300 മില്യൺ ഇന്ത്യൻ വർഷങ്ങൾക്കു മുൻപ് സമുദ്രമായിരുന്നു എന്ന ഗവേഷകരുടെ കണ്ടെത്തലാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു വസ്തുത. 25 മൈലുകളോളം വ്യാപിച്ചു കിടക്കുന്നതാണ് ടിയാൻസി പർവതം.ഇന്നോളം മനുഷ്യർ എത്തിപ്പെടാത്ത ഏതോ മായിക ലോകമെന്നു തോന്നിപ്പിക്കുന്ന ഷാങ്ങ് ടാങ്ങ് വാൻ ഉൾക്കടലും ചുവന്ന മണൽ കല്ലുകൾകൊണ്ട് പ്രകൃതിനിർമിതമായ പാലവും അടക്കം നിരവധി അപൂർവമായ കാഴ്ചകളാണ് ആണ് ടിയാൻസി ഒരുക്കിവച്ചിരിക്കുന്നത്. പ്രദേശത്തിൻറെ ഭംഗി നിരവധി ചിത്രകാരന്മാരെ സ്വാധീനിച്ചിട്ടുമുണ്ട്.മറ്റെങ്ങും ദൃശ്യമാകാത്ത അതിമനോഹര കാഴ്ചകൾ സമ്മാനിക്കുന്ന നിരവധി വ്യൂ പോയിന്റുകളും ഇവിടെയുണ്ട്. അതുകൊണ്ട് ഇവിടം ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ചൈനയിലെ നാഷണൽ ഫോറസ്റ്റ് സർവീസിനാണ് പ്രദേശത്തിന്റെ സംരക്ഷണ ചുമതല.
English Summary: About China's mysterious Tianzi Mountains