10 അടിയിലധികം വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ആമ്പൽ ഇലകൾ വിരിയുന്നതിന്റെ ദൃശ്യങ്ങൾ

Mail This Article
ആമ്പൽ ചെടികൾ നമുക്ക് അപരിചിതമല്ല. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ആമ്പൽ ചെടി ഏതാണെന്ന് അറിയുമോ? ബൊളീവിയയിലെ ലാനോസ് ഡെ മോക്സോസ് എന്ന തണ്ണീർത്തടത്തിൽ വിരിയുന്ന വിക്ടോറിയ ബൊളിവിയാന എന്ന പേര് നൽകിയിരിക്കുന്ന ആമ്പൽ ചെടിയാണ് വലുപ്പത്തിൽ ഒന്നാം സ്ഥാനക്കാർ. പക്ഷേ ഭീമാകാരമായ വലുപ്പംകൊണ്ട് അദ്ഭുതപ്പെടുത്തുന്ന ഈ ആമ്പൽചെടി ശാസ്ത്രലോകത്തിന് മുന്നിലെത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേയായുള്ളൂ എന്ന് മാത്രം. ഇപ്പോഴിതാ വിക്ടോറിയ ബോളിവിയാനയുടെ വമ്പൻ ഇലകൾ വിരിയുന്നതിന്റെ ടൈം ലാപ്സ് വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഒന്നും രണ്ടുമല്ല 10 അടി 6 ഇഞ്ച് വലുപ്പത്തിൽവരെയാണ് ഇവയുടെ ഇലകൾ വളരുന്നത്. അതായത് അമേരിക്കൻ ചീങ്കണ്ണിയുടെ ശരാശരി വലുപ്പത്തിന് തുല്യം. മറ്റ് ഏതൊരു ഇലകൾ പോലെയും നാമ്പിടുന്ന ചെടിയുടെ ഇലകൾ ഏറെ സമയമെടുത്താണ് ഇത്രയും വലുപ്പത്തിലേക്കെത്തുന്നത്. എന്നാൽ സെക്കൻഡുകൾകൊണ്ട് അവയുടെ വലുപ്പത്തിൽ ഉണ്ടാകുന്ന വ്യത്യാസം പകർത്തിയിരിക്കുന്ന വിഡിയോ ആരെയും ആകർഷിക്കുമെന്ന് ഉറപ്പ്. ഭീമാകാരമായ ഇവയുടെ ഇലകളുടെ അഗ്രഭാഗം മുകളിലേക്ക് മടങ്ങി നിൽക്കുന്ന രൂപത്തിലാണ്. ഈ മടക്കുകൾ നിവർത്തിയാൽ ഒരു ഇലയുടെ ശരാശരി വലിപ്പം 81.3 ചതുരശ്ര അടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്വദേശം ബൊളീവിയ ആണെങ്കിലും ലണ്ടനിലെ ക്യൂ ഗാർഡനിൽ വച്ചാണ് ശാസ്ത്ര ലോകത്തേക്ക് വിക്ടോറിയ ബോളിവിയാനയുടെ പേര് എഴുതിച്ചേർക്കപ്പെട്ടത്. എന്നാൽ സവിശേഷ ഇനത്തിൽപ്പെട്ട ആമ്പലാവാം ഇത് എന്ന അനുമാനത്തെ തുടർന്ന് 2006 ൽ തന്നെ ക്യൂ ഗാർഡൻസിലെ സസ്യശാസ്ത്ര വിദഗ്ധനായ കാർലോസ് മഗ്ദലീന ബോളിവിയിൽ നിന്നും ഇതിന്റെ വിത്തുകൾ ശേഖരിച്ച് ആമ്പൽച്ചെടി വളർത്തിയിരുന്നു. ഈ ഇനത്തിൽപ്പെട്ട ആമ്പലിന്റെ വിത്തുകളിൽ നിന്നും ആദ്യമായി പുതിയ ചെടികൾ വളർത്തിയതും ക്യൂ ഗാർഡനിലാണ്. ഒടുവിൽ വിക്ടോറിയ ബൊളീവിയാന ഗിന്നസ് റെക്കോർഡിലും ഇടം നേടി.
ഏറ്റവും വലുപ്പമുള്ള ആമ്പൽ ഇനം, ആമ്പൽ ഇലകളിലെ ഏറ്റവും വലുത്, വിഭജിക്കപ്പെടാത്ത രൂപത്തിലുള്ള ഏറ്റവും വലിയ ഇല എന്നിങ്ങനെ മൂന്ന് റെക്കോർഡുകളാണ് ചെടിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ സവിശേഷമായ ഒരു ആമ്പൽ ചെടി കണ്ടെത്തി ലോകത്തിനു മുന്നിൽ എത്തിക്കുന്നതിൽ ഒരു പങ്കുവഹിക്കാനായതിൽ അങ്ങേയറ്റം സന്തോഷമുള്ളതായി കാർലോസ് മഗ്ദലീന പറയുന്നു. റോയൽ ബോട്ടാണിക്കൽ ഗാർഡൻ, ക്യൂ ഗാർഡൻ, ബോളീവിയയിലെ നാഷണൽ ഹെർബേറിയം, സാന്താ ക്രൂസിലെ ബോട്ടാണിക്ക് ഗാർഡൻ എന്നിവയുടെ സംയോജിതമായ ശ്രമങ്ങളുടെ ഫലമായാണ് പരിശോധനകളും നിരീക്ഷണങ്ങളും നടന്നത്. ഇലയുടെ സാമ്പിളിന്റെ വലുപ്പം 2012 ൽ തന്നെ സാന്താ ക്രൂസിൽ വച്ച് അളന്നിരുന്നുവെങ്കിലും ഫ്രണ്ടിയേഴ്സ് ഇൻ പ്ലാന്റ് സയൻസ് എന്ന ജേർണലിലൂടെ 2022ലാണ് ഇതേക്കുറിച്ചുള്ള ശാസ്ത്രീയമായ വിശദീകരണം പുറത്തുവന്നത്.
English Summary: Mesmerizing Time-Lapse Video Shows Growth of World's Biggest Water Lily