ആദിമകാലത്ത് കന്നുകാലികളിലും ഭൂമിയിലും തുടങ്ങി ഇപ്പോൾ ബിറ്റ്കോയിനുകളിൽ വരെ നിക്ഷേപിച്ച് പണം സമ്പാദിക്കാൻ ശ്രമിക്കുന്നവരാണ് മനുഷ്യർ. അന്നും ഇന്നും മനുഷ്യരുടെ നിക്ഷേപ താൽപര്യങ്ങളിൽ മൂല്യം പോകാതെ നിൽക്കുന്ന അപൂർവം ചില വസ്തുക്കളിൽ ഒന്നാണ് സ്വർണം. ആഗോള വിപണിയിൽ സ്വർണവില കുതിച്ചു കയറുന്ന ഈ അവസരത്തിൽ ഓർത്തെടുക്കാൻ പറ്റുന്ന ഒരു സ്വർണക്കട്ടിയുടെ ചരിത്രമുണ്ട്. ലോകത്തെ സ്വർണഖനികളിൽ നിന്ന് ലഭിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ സ്വർണക്കട്ടിയുടെ ചരിത്രമാണിത്.
അളക്കാൻ കഴിയാത്തത്ര ഭാരം
1869 ഫെബ്രുവരി അഞ്ചിനാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള സ്വർണഖനിയിൽ നിന്ന് ജോൺ ഡീസൺ, റിച്ചാർഡ് ഓട്സ് എന്നിവർ ഒരു സ്വർണക്കട്ടി കണ്ടെടുക്കുന്നത്. പ്രതീക്ഷിച്ചതിലും വലിയ ഭാഗ്യമായിരുന്നു സ്വർണത്തിന്റെ രൂപത്തിൽ അവരെ കാത്തിരുന്നത്. കാരണം അവർ കണ്ടെത്തിയ സ്വർണക്കട്ടിയുടെ ഭാരം ഏതാണ്ട് 72 കിലോ ആയിരുന്നു. അതായത് ഒരു മനുഷ്യന്റെ ശരാശരി ഭാരം. 61 സെന്റിമീറ്റർ നീളമുണ്ടായിരുന്ന ഈ സ്വർണക്കട്ടി തുടർന്ന് ഇവർ സമീപത്തുള്ള ഡനോലി എന്ന നഗരത്തിലേക്കെത്തിച്ചു.
വെൽകം സ്ട്രേഞ്ചർ എന്നു പേര് നൽകിയ ഈ സ്വർണക്കട്ടി ഡനോലിയിലെ ലണ്ടൻ ചാർട്ടേർഡ് ബാങ്കിൽ വച്ച് തൂക്കി നോക്കി ഒൗദ്യോഗികമായി ഭാരം രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ബാങ്കിലെ ഭാരം നോക്കുന്ന യന്ത്രത്തിൽ ഈ സ്വർണക്കട്ടി അതിന്റെ വലുപ്പം മൂലം ഉൾക്കൊള്ളുന്നുണ്ടായിരുന്നില്ല. ഇതോടെ സ്വർണക്കട്ടി പല ഭാഗങ്ങളായി മുറിച്ച് തൂക്കി നോക്കി ഭാരം തിട്ടപ്പെടുത്തി. നിർഭാഗ്യവശാൽ ഇക്കാരണം കൊണ്ട് തന്നെ ലോകത്തെ ഏറ്റവും വലുപ്പമേറിയ സ്വർണ്ണക്കട്ടിയുടെ ഫൊട്ടോ പോലും ലഭിക്കാതെ പോയി. അന്ന് ഇത്ര വലിയ സ്വർണക്കട്ടി കൊണ്ടുവന്ന ജോൺ, റിച്ചാർഡ് എന്നിവർക്ക് അത് ബാങ്കിൽ വിറ്റ ശേഷം ലഭിച്ചത് പതിനായിരത്തിൽ താഴെ മാത്രം യൂറോ ആണ്. ബിബിസിയുടെ കണക്ക് അനുസരിച്ച് ഇന്നാണെങ്കിൽ ആ സ്വർണക്കട്ടിക്ക് ചുരുങ്ങിയത് രണ്ട് മില്യൺ യൂറോ എങ്കിലും ലഭിച്ചേനെ. അതായത് ഏകദേശം ഇരുപത് കോടി രൂപ.
ബ്രസീസിലെ സ്വർണക്കട്ടി
മനുഷ്യർക്ക് ലഭിച്ച ഭീമൻ സ്വർണക്കട്ടികളുടെ കഥ ഓസ്ട്രേലിയയിലെ ഒരു സംഭവത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. 1985ൽ ബ്രസീലിലെ ജൂലിയോ ദേ ഡ്യൂസിൽ നിന്ന് ലഭിച്ച 60 കിലോ ഭാരമുള്ള സ്വർണക്കട്ടിയാണ് കൂട്ടത്തിലെ മറ്റൊരു ഭീമൻ. ഇന്ന് നിലവിലുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണക്കട്ടിയും ഇപ്പോൾ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലെ മ്യൂസിയത്തിലുള്ള ഈ സ്വർണക്കട്ടിയാണ്. പെപിറ്റാ കാനാ എന്ന പേര് നൽകിയിട്ടുള്ള ഈ സ്വർണക്കട്ടി ഗോൾഡ് റൂം എന്ന് പേരിട്ടിട്ടുള്ള പ്രത്യേക മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മുകളിൽ പറഞ്ഞ രണ്ട് സ്വർണക്കട്ടികളും മനുഷ്യർ കുഴിച്ചെടുത്ത് കണ്ടെത്തിയതാണെങ്കിൽ മെറ്റർ ഡിറ്റക്ടർ ഉപയോഗിച്ച് കണ്ടെത്തിയ വലിയ സ്വർണ്ണക്കട്ടികളുമുണ്ട്. ഇപ്പോൾ ലൊസാഞ്ചലസ് മ്യൂസിയത്തിലുള്ള ഹാൻഡ് ഓഫ് ഫെയ്ത്ത് എന്ന പേര് നൽകിയിട്ടുള്ള സ്വർണക്കട്ടിയാണ് ഇത്തരത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കണ്ടെത്തിയ ഏറ്റവും വലിയ സ്വർണ്ണക്കട്ടി. തരികളായി കിടക്കുന്ന സ്വർണമാണ് മെറ്റൽ ഡിറ്റക്ടർ കണ്ടെത്തുക. ഇത് കൂട്ടി ചേർത്താണ് ഹാൻഡ് ഓഫ് ഫെയ്ത്ത് രൂപപ്പെടുത്തിയതും. ഏതാണ്ട് 27 കിലോയാണ് ഈ സ്വർണക്കട്ടിയുടെ ഭാരം.
English Summary: Largest Gold Nugget Ever Found Weighed The Same As An Adult Man