ADVERTISEMENT

പൂക്കൾ പലനിറത്തിലുണ്ട്. ചുവപ്പും വെള്ളയും മഞ്ഞയും അങ്ങനെ ഒട്ടനേകം നിറഭേദങ്ങളിൽ. കറുത്ത പൂക്കൾ ഭൂമിയിലുണ്ടോ? പൂർണമായും കറുപ്പ് വർണമുള്ള പൂക്കൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. കറുത്ത പിഗ്മെന്റുകൾ പൂക്കൾ ഉത്പാദിപ്പിക്കാൻ സാധ്യത കുറവായതിനാലാണ് ഇത്. എന്നാൽ കറുപ്പിന്റെ പ്രതീതി ഉളവാക്കുന്ന പൂക്കൾ ധാരാളമുണ്ട്. ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിന്റെ അതിപ്രസരം കാരണമാണ് ഇത്തരം പൂക്കൾ ഉണ്ടാകുന്നത്.

വികസിപ്പിച്ചെടുത്ത പൂക്കൾ

വിക്ടോറിയൻ കാലഘട്ടത്തിലും മറ്റും കറുത്ത പൂക്കൾ ശേഖരിക്കാൻ ആളുകൾ വളരെയധികം താൽപര്യപ്പെട്ടിരുന്നു. 2010ൽ ബ്രിട്ടിഷ് ഗാർഡൻസ് എന്ന കമ്പനി ബ്ലാക്ക് വെൽവെറ്റ് എന്ന പൂക്കൾ വികസിപ്പിച്ചെടുത്തു. ലോകമെങ്ങും പ്രശസ്തമായ പെറ്റൂണിയ പൂക്കളുടെ കറുപ്പ് വകഭേദമായിരുന്നു ഇത്. പ്രത്യേക തരം ബ്രീഡിങ് രീതികൾ ഉപയോഗിച്ചാണ് ഈ പൂക്കൾ വികസിപ്പിച്ചത്. ചില പൂക്കളെ കറുപ്പിക്കാനായി കൃത്രിമച്ചായവും ഉപയോഗിക്കാറുണ്ട്. പൂക്കൾ തണ്ടോടുകൂടി കൃത്രിമച്ചായം കലക്കിയ വെള്ളത്തിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ചായം ആഗിരണം ചെയ്യപ്പെടുകയും പൂവിതളുകൾ കറുക്കുകയും ചെയ്യും.

കറുത്ത റോസാപ്പൂവിന്റെ ശാപം

ബ്ലാക്ക് ഡാലിയ, ചോക്ലേറ്റ് കോസ്മോസ്, പാൻസി,കാല്ല ലില്ലി, ചിലയിനം ടുലിപ്പുകൾ തുടങ്ങിയവയൊക്കെ ഒറ്റനോട്ടത്തിൽ കറുത്തപൂക്കളായി അനുഭവപ്പെടുകയാണ്. റോസാ പൂക്കളിലും കറുത്ത വകഭേദമുണ്ടോ? ഈ ചോദ്യം അനേകകാലങ്ങളായി ഉയരുന്നു.ഒന്നാം ലോക മഹായുദ്ധം നടന്നത് ഒരു കറുത്ത റോസാപ്പൂവിന്റെ ശാപം മൂലമാണെന്നുള്ള വിശ്വാസവുമുണ്ട്. 1914 ജൂൺ 28, യൂറോപ്യൻ നഗരമായ സാരയേവോയിൽ (ഇന്നത്തെ ബോസ്നിയയുടെയ തലസ്ഥാനം) വച്ച് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനൻഡിനെയും ഭാര്യ സോഫിയെയും സെർബ് വംശജനായ ഗാവ്റിലോ പ്രിൻസെപ് വെടിവച്ചു കൊന്നു. തുടർന്ന് സെർബിയയും ഓസ്ട്രിയയും യുദ്ധം തുടങ്ങി. കൂടുതൽ രാജ്യങ്ങൾ ചേരിപിടിക്കുകയും യുദ്ധം മുറുകുകയും ചെയ്തു. ഒരു ചേരിയുടെ നേതൃത്വം റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ ശക്തികളും, മറുചേരിയുടേത് ഇറ്റലിയും ജർമനിയും ഓസ്ട്രിയയും ഏറ്റെടുത്തു .ശേഷം ചോരപ്പുഴകളും മൃതശരീരങ്ങളും യുദ്ധഭൂമികളിൽ നിറ‍ഞ്ഞു. ഫ്രാൻസ് ഫെർഡിനൻഡ് വെടിയേറ്റു മരിച്ചത് ശാപം മൂലമാണ് പറയുന്നവരുണ്ട്. ഒരു കറുത്ത റോസാപ്പൂവിന്റെ ശാപം.

 ഏഴു വർഷത്തെ ഗവേഷണം

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് അക്കാലത്ത് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. പ്രാഗിനു സമീപം അതിപ്രശസ്തമായ ഒരു കൊട്ടാരമുണ്ട്....കോനോ പിസ്റ്റേ. പതിമൂന്നാം നൂറ്റാണ്ടിൽ ഗോഥിക് രീതിയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം പിന്നീട് ഫ്രാൻസ് ഫെർഡിനാൻഡിന്റെ താമസസ്ഥലമായി മാറി. ഇതിനു ചുറ്റും വലിയ ഒരു റോസ് ഗാർഡൻ അദ്ദേഹം പണികഴിപ്പിച്ചു. അപൂർവമായി ഒട്ടേറെ തരം റോസാച്ചെടികളും പുഷ്പങ്ങളും ഇവിടെ നിറഞ്ഞു. 1907ൽ അദ്ദേഹം ഒരു ഇംഗ്ലിഷ് സസ്യശാസ്ത്ര വിദഗ്ധനെ ജോലിക്കെടുത്തു. ഒരേയൊരു ജോലിയാണ് ഈ വിദഗ്ധന് ഉണ്ടായിരുന്നത്. ഫെർഡിനാൻഡിന്റെ ഉദ്യാനത്തിൽ ഒരു പ്രത്യേക റോസാപുഷ്പം വേണം...കറുത്ത നിറമുള്ള പുഷ്പം .അത് ഏതു വിധേനയും സൃഷ്ടിച്ചെടുക്കണം. സസ്യശാസ്ത്ര വിദഗ്ധൻ ആത്മാർഥമായി ഗവേഷണം നടത്തി. ഏഴു വർഷങ്ങളുടെ ഗവേഷണം ഒടുവില്‍ ഫലപ്രാപ്തിയിലെത്തി.

കോനോപിസ്റ്റേയിൽ കറുത്ത റോസാപ്പൂവ് വിടർന്നു. എന്നാൽ പുഷ്പം കണ്ട പ്രഭുക്കളും മറ്റ് അഭ്യുദയകാംക്ഷികളുമെല്ലാം അതിനെ എത്രയും പെട്ടെന്ന് ഉപേക്ഷിക്കാൻ ഫെർഡിനൻഡിനെ നിർബന്ധിച്ചു. കാരണം, അന്നത്തെ വിശ്വാസപ്രകാരം കറുത്ത റോസാപുഷ്പങ്ങൾ മരണത്തിന്റെയും യുദ്ധത്തിന്റെയും പ്രതീകങ്ങളായിരുന്നു. ഇവയുടെ ശാപം അതിഭയങ്കരമാണത്രേ. പക്ഷേ ഇതൊന്നും വിശ്വസിക്കാതെ ഫ്രാൻസ് ഫെർഡിനൻഡ് റോസാച്ചെടി തന്റെ പൂന്തോട്ടത്തിൽ നട്ടു. ഒടുവിൽ ശാപഗ്രസ്തനായ അദ്ദേഹത്തിനു വെടിയേൽക്കുകയും ചെയ്തത്രേ...കഥയിങ്ങനെയാണ്. ഇതു സത്യമാണോ? ഏതായാലും കറുത്ത റോസാപുഷ്പങ്ങളുണ്ടോയെന്ന അന്വേഷണം പലരും നടത്തിയിട്ടുള്ളതാണ്. 

തുർക്കിയിലെ കറുത്ത റോസാപ്പൂക്കൾ

തുർക്കിയിലെ ഹാൽഫെറ്റി എന്ന പ്രദേശത്ത് കറുത്ത റോസാപ്പൂക്കൾ ഉണ്ടത്രേ. ഭൂമിയിൽ ഇവിടെ മാത്രമാണ് ഈ നിറത്തിലുള്ള പുഷ്പങ്ങളുള്ളതെന്നും പ്രചരിച്ചു. ഹാൽഫെറ്റിയിലെ പ്രത്യേക തരം മണ്ണും മറ്റ് കാലാവസ്ഥാ സവിശേഷതകളുമാണ് ഈ കറുപ്പ് നിറത്തിനു കാരണം. ഇവ കാണുവാനായി ഒട്ടേറെ സഞ്ചാരികൾ ഹാൽഫെറ്റിയിലേക്കു പോകുകയും ചെയ്തു. എന്നാൽ പോയവരിൽ പലരും നിരാശരായി. ഇത് ഇന്റർനെറ്റിൽ ഓടിയ ഒരു വ്യാജപ്രചാരണമാണെന്ന് പലരും പറയുന്നു. ചിത്രങ്ങൾ പലതും ഫോട്ടോഷോപ്പ് ചെയ്തവയായിരുന്നു. ബ്ലാക്ക് ജേഡ്, ബ്ലാക്ക് മാജിക്, ബ്ലാക്ക് ബക്കാര, മിഡ്നൈറ്റ് ബ്ലൂ റോസ് തുടങ്ങിയ റോസ വകഭേദങ്ങൾ ആളുകൾ കറുത്ത റോസാപ്പൂക്കളായി തെറ്റിദ്ധരിക്കാറുണ്ടെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇവ കറുത്ത പുഷ്പങ്ങളല്ല, മറിച്ച് ചുവന്ന നിറത്തിന്റെ അളവു കൂടിപ്പോയതിനാ‍ൽ ഇരുണ്ട പ്രതീതി സൃഷ്ടിക്കുന്നവയാണ്. കറുപ്പ് നിറത്തിലുള്ള റോസാപുഷ്പങ്ങൾ സാധ്യമല്ല, കാരണം, റോസാച്ചെടികളുടെ ജനിതകം ഇതിന് അനുവദിക്കുന്നില്ല. 

English Summary: Black Roses - Do They Exist Naturally?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com