ADVERTISEMENT

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ 5.9 ദശലക്ഷം ടൺ വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വാർത്ത ഏതാനും ദിവസം മുൻപാണ് പുറത്തുവന്നത്. ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷാവഹമായ കണ്ടെത്തൽ. ഇന്ത്യയുടെ തലവര തന്നെ മാറ്റാനുതകുന്നതാണ് വെള്ള സ്വർണം എന്ന് വിളിക്കപ്പെടുന്ന ലിഥിയം. ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഈ പ്രഖ്യാപനത്തോടെ ഏറ്റവുമധികം ലിഥിയം കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. നിലവിൽ ലിഥിയം സംസ്കരിക്കുന്നതും ബാറ്ററിയാക്കുന്നതും ചൈനയുടെ കുത്തകയാണ്. 2030 ആകുമ്പോഴേക്കും മൊത്തം വാഹനങ്ങളില്‍ 30 ശതമാനത്തോളം ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഇന്ത്യയ്ക്ക് കിട്ടിയ സൗഭാഗ്യമാണ് ലിഥിയം നിക്ഷേപം.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിലെ മുഖ്യഘടകമായ ലിഥിയം നിലവില്‍ ഇന്ത്യ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. 2020-21 വര്‍ഷത്തില്‍ 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹനവിപണി എന്ന നിലയില്‍ രാജ്യത്തെ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യമാണുള്ളത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ധാതുക്കളില്‍ ഒന്നാണ് ലിഥിയം. ഇതിന്റെ പ്രാധാന്യം കൊണ്ട് തന്നെയാണ് വെളുത്ത സ്വർണ്ണം എന്ന വിളിപ്പേരും ലിഥിയത്തിന് ലഭിച്ചത്.

ഇവി ബാറ്ററികളില്‍ മാത്രമല്ല, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിൽ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററികള്‍ നിര്‍മിക്കുന്നതില്‍ ലിഥിയം നിര്‍ണായക ഘടകമാണ്. ആഗോളതലത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ലിഥിയത്തിന്റെ 74% ഉപയോഗിക്കുന്നത് ബാറ്ററികള്‍ക്ക് വേണ്ടിയാണ്. ഇതിന്റെ കുത്തകയാണ് നിലവിൽ ചൈന കയ്യടക്കിയിരിക്കുന്നത്.

ആഗോളതലത്തില്‍ കണ്ടെത്തിയ ലിഥിയം നിക്ഷേപത്തിന്റെ ഭൂരിഭാഗവും ചിലി, അര്‍ജന്റീന, ബൊളീവിയ, ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലാണ്. ഇതില്‍ തന്നെ ലോകത്തിലെ ലിഥിയം ശേഖരത്തിന്റെ 54% ബൊളീവിയ, ചിലി, അര്‍ജന്റീന എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ്. ഈ പ്രദേശം 'ലിഥിയം ട്രയാംഗിള്‍' എന്നാണ് അറിയപ്പെടുന്നത്. ബൊളീവിയയിൽ ഉൽപ്പാദത്തിനിലുള്ള അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ലിഥിയം നിക്ഷേപം പൂർണ്ണതോതിൽ ഉപയോഗിക്കാനായിട്ടില്ല. ബൊളീവിയയിൽ നിന്നും ലിഥിയം ഉൽപാദിപ്പിക്കാനുള്ള കരാർ ഈ അടുത്ത് ചൈന ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ ലിഥിയം ആവശ്യങ്ങള്‍ ഇതുവരെ നിര്‍വഹിക്കപ്പെട്ടിരുന്നത് ഇറക്കുമതി വഴിയാണ്. രാജ്യം ഉൽപ്പാദനം തുടങ്ങിയാൽ തീർച്ചയായും ചൈനയുമായി വലിയൊരു മൽസരത്തിന് തന്നെ ഇടയാകും. ഈ മേഖലയില്‍ വലിയ അധീശത്വമാണ് ചൈന പുലര്‍ത്തുന്നത്. ആഭ്യന്തര ഖനികള്‍ക്ക് പുറമെ, ലിഥിയത്തിന്റെ സ്ഥിരമായ വിതരണം ഉറപ്പാക്കാന്‍ ചൈന മറ്റ് രാജ്യങ്ങളിലും ഖനികള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലിഥിയം കണ്ടെത്തിയെങ്കിലും അത് ഖനനം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണ്. പ്രക്രിയയിലെ സങ്കീർണ്ണത തന്നെയാണ് പ്രധാന വെല്ലുവിളി. പ്രദേശിക എതിർപ്പുകളും പാരിസ്ഥിതിക പ്രശ്നങ്ങളും കണ്ടില്ലെന്ന് വെയ്ക്കാനാവില്ല. ഇവയെല്ലാം മറികടന്ന് ലിഥിയം ഖനനത്തിന് ഇന്ത്യയ്ക്ക് സാധിച്ചാൽ തീർച്ചയായും വെള്ള സ്വർണ്ണം ഇന്ത്യൻ വിപണിയുടെ തലവര തന്നെ മാറ്റും.

English Summary: Discoveries Of Lithium Reserves In India: What It Means For The Country And The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com