ADVERTISEMENT

പാമ്പിനെ കൊത്തി പറക്കുന്ന വേഴാമ്പലിന്റെ ചിത്രം കൗതുകമാകുന്നു. എൻജിനീയറും വന്യജീവി ഫൊട്ടോഗ്രഫിയിൽ തൽപരനുമായ തൃശൂർ കൊരട്ടി സ്വദേശി രതീഷ് ബാലകൃഷ്ണനാണ് അപൂർവ ചിത്രം നെല്ലിയാമ്പതി മലനിരകളിൽ നിന്ന് പകർത്തിയത്. നിത്യഹരിത വനവും അർധ നിത്യഹരിതവനവുമാണ് വേഴാമ്പലുകളുടെ ആവാസ കേന്ദ്രം. ഇന്ത്യ, മ്യാൻമാർ, തെക്കന്‍ ചൈന, വിയറ്റ്നാം,സുമാത്ര എന്നീ രാജ്യങ്ങളിലാണ് സാധാരണയായി കാണുന്നത്. കേരളത്തിൽ ശെന്തുരണി വനം, അതിരപ്പള്ളി, നെല്ലിയാമ്പതി എന്നിവടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്.

 

great-indian-hornbill2
ചിത്രം: രതീഷ് ബാലകൃഷ്ണൻ

മലമുഴക്കി വേഴാമ്പലുകളുടെ ജീവിതം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഒറ്റപ്പങ്കാളിയെ മാത്രം മനസ്സിൽ നിറച്ച് അമ്പതു വയസ്സു വരെ ജീവിക്കുന്ന വേഴാമ്പലുകൾ. കേരളത്തിന്റെ സംസ്ഥാന പക്ഷി. പശ്ചിമഘട്ടത്തിൽ ഇപ്പോൾ വേഴാമ്പലുകൾ മുട്ടയിട്ട് അടയിരിക്കുന്ന സമയമാണ്. ജനുവരി പകുതിയോടെ ഉയരമുള്ള മരത്തിന്റെ പൊത്തിൽ മുട്ടയിടുന്ന പെൺവേഴാമ്പൽ പിന്നീട് കൂട്ടിനുള്ളിൽ നിന്നു പുറത്തിറങ്ങില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ അൽപം വലുതാവുന്നതു വരെ പെൺപക്ഷിക്കുള്ള ഭക്ഷണം എത്തിച്ചുകൊടുക്കേണ്ട ചുമതല ആൺ വേഴാമ്പലിന്റേതാണ്. നെല്ലിയാമ്പതി, അതിരപ്പിള്ളി, വാഴച്ചാൽ, വാൽപ്പാറ മേഖലയിലെ മഴക്കാടുകൾ ഇപ്പോൾ ഈ കൗതുകമുള്ള കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുകയാണ്. 

 

great-indian-hornbill1
ചിത്രം: രതീഷ് ബാലകൃഷ്ണൻ

വേഴാമ്പലുകൾ പല തരമുണ്ടെങ്കിലും ‘മലമുഴക്കി’എന്ന പേര് വെറുതേ ചാർത്തിക്കിട്ടിയതല്ല. ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലുപ്പമേറിയ വേഴാമ്പലുകളാണിത്. പൂർണ വളർച്ചയെത്തുമ്പോൾ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരം വരും. തൂവലുകൾക്കുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ ഹെലികോപ്റ്റർ പറക്കുന്നതു പോലെ ശബ്ദമുയരും. പറക്കുമ്പോഴുള്ള ഈ ശബ്ദവും മല മുഴക്കുന്ന വിധത്തിലുള്ള കരച്ചിലുമാണ് ഇവയെ മലമുഴക്കിയാക്കിയത്. നീളമേറിയ വലിയ കൊക്കുകളും കറുപ്പും മഞ്ഞയും കലർന്ന മകുടവും ആൺ വേഴാമ്പലിനെ കാട്ടിലെ ഏറ്റവും സുന്ദര‍നുമാക്കി. 

 

സൗന്ദര്യത്തേക്കാളുപരി വേഴാമ്പലുകളുടെ ജീവിതരീതിക്കാണ് ഏറെ പ്രത്യേകതയുള്ളത്. ജീവിതത്തിൽ ഒരു പങ്കാളി മാത്രമേ വേഴാമ്പലിന് ഉണ്ടാവുകയുള്ളൂ. മുട്ടയിടാനായി ശിഖരങ്ങളില്ലാത്ത, ഏറ്റവും ഉയരമുള്ള മരത്തിലെ പൊത്താണ് ഇവ തിരഞ്ഞെടുക്കുക. പെൺപക്ഷി പൊത്തിൽ കയറിയാൽ തൂവലുകൾ പൊഴിക്കും. ഈ തൂവലുകളാണ് മുട്ടയ്ക്ക് പട്ടുമെത്തയൊരുക്കുന്നത്. മുട്ട വിരിയാൻ 45–50 ദിവസമെടുക്കും. ഇത്രയും ദിവസം കൂട്ടിൽ നിന്നു പെൺവേഴാമ്പൽ പുറത്തിറങ്ങില്ല. ആൺപക്ഷി, ചെളിയും കാഷ്ഠവും ഉപയോഗിച്ച് പൊത്ത് അടയ്ക്കുകയും ചെയ്യും. കൊക്ക് പുറത്തേക്കിട്ട് തീറ്റ സ്വീകരിക്കാനുള്ള ചെറിയൊരു ദ്വാരം മാത്രമേ പൊത്തിൽ ഉണ്ടാവുകയുള്ളൂ.

great-indian-hornbill
ചിത്രം: രതീഷ് ബാലകൃഷ്ണൻ

 

പിന്നീടാണ് ആൺപക്ഷിയുടെ അധ്വാനം തുടങ്ങുന്നത്. തൊണ്ടയിൽ നിറയെ പഴങ്ങൾ ശേഖരിച്ച് പെൺപക്ഷിക്കെത്തിക്കും. ഓരോ പഴമായി കൊക്കിന്റെ അറ്റത്തേക്ക് എടുത്ത് പെൺപക്ഷിയുടെ ചുണ്ടിലേക്ക് വച്ചു കൊടുക്കും. പുലർച്ചെ ആറരയോടെ തുടങ്ങുന്ന അധ്വാനം ഉച്ചവരെ തുടരും. പിന്നെ അൽപ സമയം വിശ്രമം. അതിനു ശേഷം അസ്തമയം വരെ വീണ്ടും ഇതേ ജോലി തുടരും. പെൺപക്ഷി ഉറങ്ങിക്കഴിഞ്ഞാൽ, നേരം പുലരുന്നതും കാത്ത് അടുത്തുള്ള മരക്കൊമ്പിൽ കാവലിരിക്കും. മുട്ട വിരിയുന്നതു വരെ പഴങ്ങൾ മാത്രമായിരിക്കും പെൺപക്ഷിക്ക് നൽകുക. അതിനു ശേഷം ഓന്ത്, ചെറു പാമ്പുകൾ, ഉരഗങ്ങൾ, എലി തുടങ്ങി ചെറു ജീവികളെയും പിടിച്ച് പെൺപക്ഷിക്കു കൊടുക്കും. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് സംരക്ഷിക്കാനാണിത്. ഈ ഘട്ടത്തിൽ പെൺപക്ഷിക്ക് പുതിയ തൂവലുകൾ വന്ന് കൂടുതൽ സുന്ദരിയാവും. അധ്വാനിച്ച് ക്ഷീണിക്കുന്ന ആൺപക്ഷിയുടെ ഭാരം ഒരു കിലോയെങ്കിലും കുറയുകയും ചെയ്യും.

 

മുട്ട വിരിഞ്ഞ് 10–15 ദിവസങ്ങൾ കഴിഞ്ഞേ പെൺവേഴാമ്പൽ പുറത്തിറങ്ങുകയുള്ളൂ. പിന്നീട് പത്തു ദിവസത്തോളം പുറത്ത് വിശ്രമമാണ്. ഈ സമയത്തും പെൺപക്ഷിക്കും കൂട്ടിലെ കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കുന്നത് ആൺവേഴാമ്പൽ തന്നെയാണ്. പിന്നീട് രണ്ടു പേരും ചേർന്ന് കുഞ്ഞുങ്ങളെ ഊട്ടിത്തുടങ്ങും. പറക്കാറായാൽ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്ന് പുറത്തിറങ്ങും. ഇരുവരും ചേർന്ന് അവരെ പറക്കാൻ പഠിപ്പിക്കും. ഒരു വർഷം വരെ അച്ഛനും അമ്മയും തന്നെയായിരിക്കും കുഞ്ഞുങ്ങളുടെ വഴികാട്ടി.

 

ആൾപെരുമാറ്റമോ മറ്റു ശല്യങ്ങളോ ഇല്ലെങ്കിൽ ഒരേ പൊത്തിലായിരിക്കും വർഷങ്ങളോളം വേഴാമ്പലുകൾ കൂടുകൂട്ടുന്നത്. അമ്മപ്പക്ഷിയുടെ കാലശേഷം അവസാനത്തെ തവണ മുട്ട വിരിഞ്ഞുണ്ടായ പെൺപക്ഷിക്കായിരിക്കും കൂടിന്റെ അവകാശം എന്ന് നിരീക്ഷികരുടെ നിഗമനം. പെൺകുഞ്ഞുങ്ങൾ മിക്കവാറും അച്ഛനമ്മമാരോടൊപ്പമായിരിക്കും സഞ്ചരിക്കുക.ഒരു ദേശത്തിന്റെ മുഴുവൻ സ്നേഹവും പിടിച്ചുപറ്റുന്ന ആ ചിറകടിയൊച്ചകൾക്കാണ് ഇപ്പോൾ പശ്ചിമഘട്ടം കാതോർക്കുന്നത്. സംസ്ഥാനത്ത് തെന്മല ശെന്തുരുണി കഴിഞ്ഞാൽ നെല്ലിയാമ്പതിയിലും, അതിരപ്പള്ളിയിലും ആണ് മലമുഴക്കിയെ കാണാൻ കഴിയുക. 

മലമുഴക്കി എന്ന പേരിന് കാരണം

ഒരു ഹെലികോപ്ടർ പറക്കുന്നതുപോലുള്ള ശബ്ദത്തോടെയാണ് ഇവ പറക്കുന്നത്. ഈ ശബ്ദം മലയോരങ്ങളിൽതട്ടി എക്കോപോലെ നമ്മുടെ കാതുകളിൽ പതിക്കും. കാടിനെ പ്രകമ്പനം കൊളളിക്കുന്നതരത്തിലാണ് ഇവ പറക്കുന്നത്. 

ഭക്ഷണം

ഇലകളും, ചെറുപഴങ്ങളും പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വനത്തിൽ കൂട്ടമായിട്ടാണ് മലമുഴക്കിയെ കാണാറുള്ളത്. ഏറ്റവും ചെറിയത് 20 എണ്ണമടങ്ങുന്ന കൂട്ടമായിട്ടാണ് സഞ്ചാരം.

English Summary: Father Hornbill looks after partner as she lays eggs in heartwarming pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com