ആകാശത്ത് വിചിത്ര ആകൃതിയിൽ പാറിപ്പറന്നത് ആയിരക്കണക്കിന് സ്റ്റാർലിങ്‌സ് പക്ഷികൾ–വിഡിയോ

Mail This Article
കൂട്ടമായി പറക്കുന്ന പക്ഷികൾ ആകാശത്തു വിവിധ ആകൃതികൾ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആകൃതിയിൽ പറക്കുന്ന പക്ഷികളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സ്റ്റാർലിങ്‌സ് വിഭാഗത്തിൽ പെട്ട പക്ഷികളാണ് ആകാശത്തേക്കുയർന്ന് നൃത്തം പോലെയുള്ള അവയുടെ പറക്കൽ നടത്തിയത്. നിമിഷങ്ങൾക്കൊണ്ട് ആയിരക്കണക്കിന് പക്ഷികളാണ് ആകാശത്ത് വിവിധ രൂപത്തിൽ പരന്ന് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. കടൽത്തിരകൾ പോലെ ഇവ ആകാശത്ത് അലകൾ സൃഷ്ടിച്ചു ഏതാനും സെക്കൻഡുകൾ മാത്രമേ ഈ ഘടന നീണ്ടു നിന്നുള്ളെങ്കിലും ഈ ദൃശ്യം കണ്ടു നിന്നവർ ക്യാമറയിൽ ഒപ്പിയെടുക്കുകയായിരുന്നു.
നമ്മുടെ നാട്ടിലെ മൈനകൾ ഉൾപ്പെടുന്ന പക്ഷിവിഭാഗമാണ് സ്റ്റാർലിങ്‌സ്. സ്റ്റർണിഡെ എന്ന പക്ഷികുടുംബത്തിലാണ് ഈ പക്ഷികൾ ഉൾപ്പെടുന്നത്. ഏഷ്യയും ആഫ്രിക്കയുമാണ് ഇവയുടെ അധിവാസ മേഖലകൾ. ഏഷ്യയിൽ പ്രധാനമായും മൈനകളും ആഫ്രിക്കയിൽ ഗ്ലോസി സ്റ്റാർലിങ് എന്ന മറ്റൊരു വിഭാഗവുമാണ് ഈ കുടുംബത്തിൽ നിന്നുള്ളത്. ഏഷ്യയും ആഫ്രിക്കയുമാണു ജന്മദേശമെങ്കിലും വടക്കേ അമേരിക്ക, യൂറോപ്പ് , ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഈ പക്ഷികൾ ധാരാളമായുണ്ട്. ഇവിടങ്ങളിൽ ഇവ അൽപം കുപ്രസിദ്ധവുമാണ്.
പെട്ടെന്നു പെറ്റുപെരുകുന്ന ഈ പക്ഷികളെ ഇൻവേസീവ് സ്പീഷീസ് അഥവാ അതിക്രമിച്ചു കയറിയ ജീവിവംശം എന്ന നിലയിലാണ് ഇവിടങ്ങളിലെ ജന്തുശാസ്ത്ര വിദഗ്ധർ കണ്ടുപോരുന്നത്. തദ്ദേശീയമായ പല പക്ഷികളും ഇവയുടെ കടന്നുകയറ്റം മൂലം നില പരുങ്ങലിലായ അവസ്ഥയിലാണെന്നും വിദഗ്ധർ പറയുന്നു. സാമൂഹിക ജീവിത രീതി ശക്തമായി തുടരുന്ന ഈ പക്ഷികൾ ആകാശത്ത് വിവിധ തരം പറക്കൽ ഘടനകളുണ്ടാക്കുന്നതിനെ മർമറേഷൻ എന്നാണു വിളിക്കുന്നത്. ഈ പ്രക്രിയയുടെ ചിത്രങ്ങളെടുക്കാനായി മാത്രം ക്യാമറയുമായി അലയുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ഒട്ടേറെയുണ്ട്.
English Summary: Gazing at the ‘Black Sun’: The Transfixing Beauty of Starling Murmurations