ADVERTISEMENT

പതിനെട്ടാം നൂറ്റാണ്ടിലാണ് ബേണിങ് മൗണ്ടൻ അഥവാ എരിയുന്ന പർവതം ഒരു സംഘം സഞ്ചാരികൾ കണ്ടെത്തുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലായിരുന്നു കത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശം കണ്ടെത്തിയത്. ആദ്യം അഗ്നിപർവതമാണെന്ന തെറ്റിദ്ധാരണയിലാരുന്നു സഞ്ചാരികളും മറ്റുള്ളവരും. എന്നാൽ പിന്നീടാണ് കാലത്തിന്റെ കണക്കു വച്ച് നോക്കിയാൽ അഗ്നിപർവത്തെ പോലും തോൽപ്പിക്കുന്ന അഗ്നിപാതമാണ് തങ്ങൾ കണ്ടെത്തിയതെന്ന് ഇവർ തിരിച്ചറിഞ്ഞത്.

ലോകത്തെ ഏറ്റവും പഴക്കമുള്ള തീനാളം

ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള അഗ്നിപാതമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ന്യൂ സൗത്ത് വെയിൽസിലേത്. കൽക്കരിയെ ഊർജമാക്കി എരിഞ്ഞ് കൊണ്ടിരിക്കുന്ന ഈ അഗ്നിപാതത്തിന് ചുരുങ്ങിയത് ആറായിരം വർഷത്തെ എങ്കിലും പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം ചില ഗവേഷകരുടെയെങ്കിലും കണക്കുകൂട്ടലിൽ ഈ അഗ്നിപാതത്തിന് അതിലും പഴക്കമുണ്ട്. 

ഗോത്രവർഗക്കാർ നൽകിയ പേര്

മലമുകളിൽ ഭൂനിരപ്പിൽ നിന്ന് ഏതാണ്ട് 39 മീറ്റർ ആഴത്തിലായാണ് ഈ അഗ്നിപാതം എരിയുന്നത്. ഇക്കാരണം കൊണ്ടു തന്നെയാണ് ഈ അഗ്നിയെ ആദ്യം അഗ്നിപർവതത്തിന്റെ ഭാഗമായി തെറ്റിധരിച്ചതും. മൗണ്ട് വിൻഗൻ എന്നാണ് ഈ എരിയുന്ന പർവത്തിന്റെ പേര്. വിൻഗൻ എന്ന പേരിന്റെ പ്രാദേശിക അർത്ഥം ആർക്കും ഊഹിക്കാവുന്ന ഒന്നു തന്നെയാണ്. അഗ്നി എന്നർത്ഥം വരുന്ന വിൻഗൻ എന്ന പേരാണ് ഈ പർവതത്തിന് പണ്ടേ പ്രാദേശിക ഗോത്രക്കാർ നൽകിയത്. 

തീനാളങ്ങൾ എരിയുന്നത് ഭൂമിക്കടിയിലായതു കൊണ്ട് തന്നെ ഇവ എപ്പോഴും വെളിയിൽ കാണാൻ കഴിയാറില്ല. മിക്കപ്പോഴും പുക മാത്രമാണ് വെളിയിലേക്ക് ദൃശ്യമാകുക. ഇക്കാരണം കൊണ്ട് തന്നെ ഈ തീയുടെ യഥാർഥ വലുപ്പമോ, എത്ര ആഴത്തിലേക്ക് ഇവ എരിയുന്നുണ്ടെന്നതോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ഏകദേശം അഞ്ച് മുതൽ പത്ത് മീറ്റർ വരെ വ്യാസത്തിൽ വട്ടത്തിലാണ് ഈ തീ എരിയുന്നതെന്നാണ് ഗവേഷകർ തെളിവുകളിൽ നിന്ന് മനസ്സിലാക്കിയത്. എരിയുന്ന പ്രദേശത്ത് ഏതാണ്ട് ആയിരം ഡിഗ്രി സെൽഷ്യസ് വരെ ചൂടുണ്ടാകുമെന്നും ഇവർ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ പ്രാദേശിക ഗോത്ര വർഗമായ വോനറൂവാ ഗോത്രക്കാർക്ക് ഈ തീയെക്കുറിച്ച് അറിവുണ്ടായിരുന്നു. ഇവരാണ് വിൻഗൻ എന്ന പേര് ഈ മലയ്ക്ക് നൽകിയതും. 

ഊർജമാകുന്ന കൽക്കരി

മലയുടെ ഉള്ളിൽ കെട്ടിക്കിടക്കുന്ന കൽക്കരിക്ക് സമാനമായ പഴക്കമുള്ള മരങ്ങളാണ് ഈ അഗ്നിപാതത്തിന് ഊർജമാകുന്നത്. വർഷത്തിൽ ഏതാണ്ട് ഒരു മീറ്ററെങ്കിലും കനത്തിൽ കൽക്കരി എരിഞ്ഞു തീരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്ര വലിയ തീനാളം എരിയുന്നതിനാൽ മലയുടെ അമ്പത് മീറ്റർ ചുറ്റളവിൽ ഒരു തരത്തിലുള്ള പച്ചപ്പും കണ്ടെത്താനാകില്ല. എങ്ങനെ ഈ തീ ഉണ്ടായതെന്ന ചോദ്യത്തിനും സ്വഭാവികമായും വ്യക്തമായ ഉത്തരമില്ല. മനുഷ്യരല്ല ഇതിനു പിന്നിലെന്ന് ഗവേഷകർ ഒരേ സ്വരത്തിൽ തറപ്പിച്ച് പറയുന്നു. മിക്കവരും വിരൽ ചൂണ്ടുന്നത് മിന്നലിലൂടെയാകാം തീയെരിയാൻ തുടങ്ങിയതെന്നാണ് നിഗമനം.

ന്യൂ സൗത്ത് വെയിൽസിലെ ബേണിങ് മൗണ്ടൻ ദേശീയ പാർക്കിൽ ചെന്നാൽ എരിഞ്ഞുകൊണ്ടിരിക്കുന്ന മല കാണാം. സിഡ്നിയിൽ നിന്ന നാല് മണിക്കൂർ ദൂരം കാറിൽ സഞ്ചരിച്ചാലാണ് ഇവിടേക്കെത്താൻ കഴിയുക. തീയുണ്ട് പുകയുണ്ട് എന്നൊക്കെ കരുതി ഇവിടെയെത്തിയ ശേഷം ഒരു സിഗററ്റ് കത്തിച്ച് വലിച്ചേക്കാം എന്ന് വിചാരിക്കേണ്ട, ഈ പാർക്ക് കർശനമായി പുകവലി നിരോധിത മേഖലയായി സംരക്ഷിക്കപ്പെടുന്ന പ്രദേശം കൂടിയാണ്. സമാനമായി ഭൂമിക്കടിയിൽ തീയെരിയുന്ന ഏതാനും ചില പ്രദേശങ്ങൾ കൂടി ലോകത്തുണ്ട്. ചൈന, അസർബായിജാൻ, യുഎസ് എന്നിവിടങ്ങളിലും ഇത്തരം പ്രതിഭാസം കാണാനാകും. 

English Summary: The World's Oldest Fire Has Been Burning For 6,000 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com