ADVERTISEMENT

‘ഗ്രേറ്റ് അമേരിക്കൻ ലേക്ക്സ്’ അഥവാ അമേരിക്കയിലെ മഹത്തായ തടാകങ്ങൾ എന്ന് അറിയപ്പെടുന്നത് അഞ്ച് തടാകങ്ങളാണ്. സുപീരിയർ, മിഷിഗൻ, ഹുറോൺ, എറി, ഒൻറാറിയോ എന്നിവയാണ് ഈ അഞ്ച് തടാകങ്ങൾ. ഭൂഗർഭ ഉറവകൾ വഴിയും അല്ലാതെയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ് ഈ തടാകങ്ങൾ.  ഈ തടാകങ്ങളുടെ തീരങ്ങളിൽ കാണപ്പെടുന്ന ഒരു പ്രത്യേക ഇനം പാറക്കല്ലുകളെയാണ് ഗവേഷകർ ഇപ്പോൾ പഠനവിധേയമാക്കി കൗതുകകരമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അൾട്രാവയലറ്റ് വെളിച്ചത്തിൽ ലാവ പോലെ ഈ പാറക്കല്ലുകൾ തിളങ്ങുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

അഗ്നിപർവതത്തിന് അകത്ത് തിളയ്ക്കുന്ന ലാവ പോലെ തോന്നിക്കുന്നവയാണ് അൾട്രാവയലറ്റ് വെളിച്ചത്തിലുള്ള ഇവയുടെ ദൃശ്യങ്ങൾ. യോപ്പർലൈറ്റ്സ് അല്ലെങ്കിൽ ഗ്ലോഡോലൈറ്റ്സ് എന്നാണ് ഈ കല്ലുകള്‍ അറിയപ്പെടുന്നത്. സയനൈറ്റ് അടങ്ങുന്ന ഫ്ലൂറസെന്റ് സോഡാലൈറ്റ് ഉൾക്കൊള്ളുന്നവയാണ് ഈ കല്ലുകൾ. ഫ്ലൂറസെന്റ് സോഡാലൈറ്റിന്റെ സാന്നിധ്യമാകാം കല്ലുകൾ അൾട്രാവയലറ്റ് സാന്നിധ്യത്തിൽ തിളങ്ങാൻ കാരണമെന്നാണ് കരുതുന്നത്. ലേക്ക് സുപീരിയറിന്റെ പരിസരത്തും, മിഷിഗൻ തടാകത്തിന്റെ തീരത്തുമാണ് യോപ്പർലൈറ്റ്സ് അടങ്ങിയ കല്ലുകളെ ധാരാളമായി കണ്ടെത്തിയത്. 

യോപ്പർ ലൈറ്റ്സ്

ലേക്ക് സുപീരിയർ, മിഷിഗൻ തടാകം എന്നിവിടങ്ങളിൽ പാറക്കല്ലുകൾ ശേഖരിക്കുന്ന പ്രമുഖനായ എറിക് റിന്റകാമിയാണ് കല്ലുകളുടെ പ്രത്യേകത ആദ്യമായി കണ്ടെത്തിയത്. റിന്റകാമി തന്നെയാണ് ഈ കല്ലുകൾക്ക് തിളക്കം നൽകുന്ന വസ്തുവിന് യോപ്പർലൈറ്റ്സ് എന്നു പേരിട്ടത്. (യോപ്പർ എന്നത് സുപീരിയർ തടാകം ഉൾപ്പെടുന്ന ഉയർന്ന ഉപദ്വീപ് മേഖല അഥവാ അപ്പർ പെനിൻസുലയിലെ ജനങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ്. ഇതിനൊപ്പം തിളങ്ങുന്നത് എന്ന അർത്ഥം സൂചിപ്പിക്കാൻ ലൈറ്റ് കൂടി ചേർത്ത് വച്ചാണ് യോപ്പർലൈറ്റ്സ് എന്ന പേരിന് റിന്റകാമി രൂപം നൽകിയത്.

yoopperlights-5
(Photo: Twitter/@KiaOraSquirtle)

അമേരിക്കയുടെ അപ്പർ പെനിൻസുലയിൽ ധാരാളമായി കാണപ്പെടുന്നവയാണ് യോപ്പർലൈറ്റ്സുകൾ. പ്രത്യേകിച്ചും ഗ്രേറ്റ് ലേക്സ് എന്നറിയപ്പെടുന്ന തടാകങ്ങളുടെ കരയിൽ. ഇതിൽ തന്നെ മിഷഗൻ തടാകത്തിന്റെ ഭാഗത്താണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഈ ഉപദ്വീപിന്റെ ഭൗമശാസ്ത്രപരമായ സവിശേഷതയാണ് ഇതിനുപിന്നിൽ. 

എറിക് റിന്റഗാമി നടത്തിയ കണ്ടെത്തലിനെ തുടർന്ന് മിഷിഗൻ സർവകലാശാലയിലെ ഗവേഷക സംഘം ഈ കല്ലുകൾ വിശദമായി പരിശോധിച്ചിരുന്നു. സോഡിയം, അലുമിനിയം, സിലിക്കൺ, ക്ലോറിൻ, ഓക്സിജൻ എന്നിവയുടെ സങ്കരമിശ്രിതമാണ് ഈ കല്ലുകളെന്ന് കണ്ടെത്തി. അതേസമയം, സാധാരണ കല്ലുകളിൽ കാണപ്പെടുന്ന സൾഫർ എന്ന മൂലകം ഈ കല്ലുകളിൽ കണ്ടെത്താനായില്ല. സൾഫറിന്റെ അഭാവവും തിളക്കത്തിനു കാരണമെന്ന് ഗവേഷകർ കരുതുന്നു.

yoopperlights-2
(Photo: Twitter/@AvatarDomy)

യോപ്പർലൈറ്റ്സിന്റെ ഉത്ഭവം

മിഷിഗനിലെ ഈ തിളങ്ങുന്ന കല്ലുകളുടെ ഉത്ഭവം ഏതാണ്ട് 1.1 ബില്യൺ വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതെന്നാണ് കരുതുന്നത്. അന്ന് പ്രധാനപ്പെട്ട രണ്ട് ഭൗമപാളികൾക്കിടയിൽ വിള്ളൽ രൂപപ്പെടുകയും (കീവിനോ റിഫ്റ്റ് എന്നാണ് ഈ വിള്ളൽമേഖല അറിയപ്പെടുന്നത്) അതിൽനിന്ന് ലാവ പുറത്തേക്കൊഴുകയും ചെയ്തു. ലേക്ക് സുപ്പീരിയർ സ്ഥിതി ചെയ്യുന്ന മേഖലയിലായിരുന്നു ലാവ പ്രവാഹം. ഇതിൽനിന്നും എത്തിയ മാഗ്മ പിന്നീട് ഗ്രാനൈറ്റിന് തുല്യമായ സയനൈറ്റ് എന്ന പാറക്കല്ലുകളായി രൂപം പ്രാപിച്ചു.  തുടർന്നുള്ള ദശകോടിക്കണക്കിന് വർഷങ്ങൾ ഈ കല്ലുകൾ ഭൂമിയ്ക്കടിയിൽ തന്നെ തുടർന്നു. അവസാനത്തെ ഹിമയുഗം വരെ ഈ അവസ്ഥ തുടർന്നു. 

yoopperlights-1
(Photo: Twitter/@AvatarDomy)

ഹിമയുഗത്തിന്റെ അവസാനം മഞ്ഞിനൊപ്പം വലിയ തോതിൽ മേൽമണ്ണുകൂടി ഒലിച്ച് പോയതോടെ വീണ്ടും ഈ കല്ലുകൾ പ്രത്യക്ഷപ്പെട്ടു. മഞ്ഞുരുകി ഉണ്ടായ ഒഴുക്കിൽ ഈ ചെറുകല്ലുകൾ വിവിധ തടാകങ്ങളുടെ ഭാഗത്തേക്ക് ഒഴുകിയെത്തുകയും ചെയ്തു. അങ്ങനെയാണ് യോപ്പർലൈറ്റ് കല്ലുകൾ മിഷിഗൻ മേഖലയിലേക്ക് എത്തിയതെന്നാണ് ഗവേഷകരുടെ നിഗമനം.

തിളങ്ങുന്ന യോപ്പർലൈറ്റുകളെ കാണാൻ 

യോപ്പർലൈറ്റ് കല്ലുകളെ കാണാൻ അമേരിക്കയിലെ ഗ്രേറ്റ് ലേക്കുകൾ സന്ദർശിച്ചാൽ മതിയാകും. എന്നാൽ യോപ്പർലൈറ്റുകളും സാധാരണ കല്ലുകളും തമ്മിൽ എങ്ങനെ തിരിച്ചറിയും എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല യോപ്പർലൈറ്റുകളുടെ പ്രത്യേകതമായ അവയുടെ തിളക്കം കാണണമെങ്കിൽ അൾട്രാവയലറ്റ് പ്രകാശം ആവശ്യവുമാണ്. എളുപ്പമാർഗം മിഷിഗൺ സർവകലാശാലയിലെ മിനറൽ മ്യൂസിയത്തിൽ പോവുക എന്നതാണ് ഇവിടെ വിവിധ മിനറലുകളോടൊപ്പം അൾട്രാവയലറ്റിന്റെ സാന്നിധ്യത്തിലുള്ള യോപ്പർലൈറ്റ് കല്ലുകൾ കൂടി പ്രദർശനത്തിന് വച്ചിട്ടുണ്ട്.

English Summary: Rocks That Glow Under UV Light Can Be Found On The Great Lakes' Shores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com