ADVERTISEMENT

ചാലിയാറിൽ സ്വർണമുണ്ടെന്ന പ്രചാരണത്തെ തുടർന്ന് അനധികൃതമായ ഖനനം നടന്നെന്ന വാർത്തകൾ അടുത്തിടെ ശ്രദ്ധേയമായി. രാജ്യചരിത്രത്തിൽ ഒട്ടേറെ വമ്പൻ സ്വർണ ഖനനങ്ങൾ നടന്ന രാജ്യമാണ് യുഎസ്. കലിഫോർണിയ പോലുള്ള യുഎസ് സംസ്ഥാനങ്ങളുടെ വിധി നിശ്ചയിക്കുന്നതിൽ പോലും സ്വർണഖനനം വലിയ റോൾ വഹിച്ചു. 1848 ജനുവരി 24ൽ കലിഫോർണിയയിൽ താമസിച്ചിരുന്ന ജെയിംസ് വിൽസൺ മാർഷൽ കൊലോമയിലുള്ള സിയേറ നെവാഡാ പർവതങ്ങളുടെ താഴ്‌വരയിലൂടെ നടക്കുകയായിരുന്നു. പ്രദേശത്തു കൂടി ഒഴുകുന്ന അമേരിക്കൻ റിവർ എന്ന നദിയിൽ അദ്ദേഹം ഒരു ഞെട്ടിക്കുന്ന കാഴ്ച കണ്ടു. നദിയിലെ വെള്ളത്തിൽ കലർന്നിരിക്കുന്ന മഞ്ഞലോഹത്തിന്റെ തരികൾ. വെള്ളത്തിൽ ഇറങ്ങി പരിശോധിച്ച മാർഷൽ ഒരു കാര്യം തീർച്ചപ്പെടുത്തി. മഞ്ഞലോഹം സ്വർണം തന്നെ.

കലിഫോർണിയ ഗോൾഡ് റഷ് എന്ന പേരിൽ പ്രശസ്തമായ സ്വർണവേട്ടയുടെ തുടക്കമായിരുന്നു അത്. ഇന്ന് അമേരിക്കയുടെ വ്യാവസായിക തലസ്ഥാനമാണ് കലിഫോർണിയ. ലോസാഞ്ചലസ്, സാൻ ഫ്രാൻസിസ്‌കോ തുടങ്ങിയ വൻ നഗരങ്ങളടങ്ങുന്ന സംസ്ഥാനം. ഹോളിവുഡിന്റെ ആസ്ഥാനം. കലിഫോർണിയയെ ഇന്നു കാണുന്ന രീതിയിൽ വളർത്തിയതിൽ പ്രധാനപങ്കുവഹിച്ച സംഭവമായി ഇതു മാറി. അന്നു പൂർണമായും കലിഫോർണിയ അമേരിക്കയുടെ കൈയിലായിരുന്നില്ല. തൊട്ടടുത്ത വർഷമായ 1849ലാണ് ഇത് പൂർണാർഥത്തിൽ അമേരിക്കയുടെ കീഴിലായത്. മാർഷൽ സ്വർണം കണ്ടെത്തുന്ന സമയത്ത് കലിഫോർണിയയുടെ ജനസംഖ്യ 6500 കലിഫോർണിയോസ് (മെക്സിക്കൻ-സ്പാനിഷ് വംശജർ), 700 അമേരിക്കക്കാർ, പിന്നെ ഒന്നരലക്ഷം തദ്ദേശീയർ എന്ന നിലയിലായിരുന്നു. തദ്ദേശീയരെ ക്രൂരമായി ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയായിരുന്നു അവിടെയുണ്ടായിരുന്നത്.

സ്വർണം കണ്ടെത്തിയ കാര്യം മാർഷലും അയാളുടെ മുതലാളി ജോൺ സട്ടറും പരമരഹസ്യമായി സൂക്ഷിച്ചു. എന്നാൽ ഇത്തരം ഒരു രഹസ്യം എത്ര നാൾ കാക്കും? അതു പുറത്തറിയുക തന്നെ ചെയ്തു. പലരും പ്രദേശത്തെത്തി സ്വർണവുമായി മടങ്ങി. താമസിയാതെ സാൻ ഫ്രാൻസിസ്‌കോ നഗരത്തിലുള്ള മുക്കാൽ ഭാഗം പുരുഷൻമാരും ടൗൺ വിട്ട് സ്വർണം കണ്ടെത്തിയ സ്ഥലത്തെത്തി. പത്രങ്ങളിലും മറ്റും ഇതെപ്പറ്റിയുള്ള റിപ്പോർട്ടുകൾ വരാൻ തുടങ്ങി. ഇതോടെ പലയിടത്തു നിന്നും ആളുകൾ അവിടേക്ക് ഒഴുകി. മെക്സികോ, ചൈന, ഹവായ് എന്നിവിടങ്ങളിൽ നിന്നെല്ലാം.അമേരിക്കയെ ആകെ സ്വർണപ്പനി ബാധിച്ചു തുടങ്ങി.

1849 ആയതോടെ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ സമ്പാദ്യങ്ങളുമായി കലിഫോർണിയയിലേക്ക് സാഹസിക യാത്ര തുടങ്ങി. ആവോളം സ്വർണം ശേഖരിച്ച് കോടീശ്വരർ ആകുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ കലിഫോർണിയയിലേക്കു കുടിയേറ്റം നടത്തിയെന്നാണു കണക്ക്. ഈ വന്നവരെ ഫോർട്ടി നൈനേഴ്സ് എന്നാണു വിശേഷിപ്പിക്കപ്പെട്ടത്. ഇവരുടെ ആവശ്യങ്ങൾക്കായി പ്രദേശത്തു ചെറുനഗരങ്ങൾ ഉയരാൻ തുടങ്ങി. കടകൾ, ഹോട്ടലുകൾ, ബാറുകൾ, ബാർബർ ഷോപ്പുകൾ, മറ്റു ബിസിനസ് കേന്ദ്രങ്ങൾ എല്ലാം ഉയർന്നു തുടങ്ങി. ഇതോടൊപ്പം മാഫിയകൾ, ചൂതാട്ട കേന്ദ്രങ്ങൾ, കൊള്ളയടി സംഘങ്ങൾ എന്നിവയും ഉടലെടുത്തു. സ്വർണവേട്ടയുടെ ഇടത്താവളമായ സാൻ ഫ്രാൻസിസ്‌കോ പട്ടണം ഒരു വൻ നഗരമായി രൂപാന്തരം പ്രാപിച്ചു.

1850 ആയപ്പോഴേക്കും പ്രദേശത്തെ സ്വർണനിക്ഷേപം നല്ലരീതിയിൽ കുറഞ്ഞു. ആദ്യകാലത്ത് ഭാഗ്യം പരീക്ഷിക്കാനായി എത്തിയ സാഹസികരാണ് ഖനനം നടത്തിയതെങ്കിൽ ഇപ്പോൾ ആ സ്ഥാനം വ്യവസായങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.1853ൽ വികസിപ്പിക്കപ്പെട്ട ഹൈഡ്രോളിക് മൈനിങ് എന്ന സാങ്കേതികവിദ്യ ഖനനം ഊർജിതമാക്കി. ഒരു ദാക്ഷിണ്യവുമില്ലാത്ത ലാഭം മാത്രം മുന്നിൽ കണ്ടുള്ള ഖനനം. കലിഫോർണിയയുടെ പരിസ്ഥിതിയെ ഇനിയൊരു തിരിച്ചുവരവില്ലാത്ത രീതിയിൽ ഈ ഭ്രാന്തുപിടിച്ച ഖനനം നശിപ്പിച്ചു. ഖനികളിലേക്കു വെള്ളം കൊണ്ടുവരാനായി സ്ഥാപിച്ച ഡാമുകളും മറ്റു സംവിധാനങ്ങളും നദികളുടെ ഗതി വഴിതിരിച്ചു വിട്ടു. ഖനിയന്ത്രങ്ങളിലെ ഇന്ധന ആവശ്യത്തിനായി വനങ്ങൾ വെട്ടിനശിപ്പിച്ചു. എന്നാൽ വ്യാവസായികമായി നോക്കിയാൽ സ്വർണവേട്ട ലാഭമായിരുന്നു. പത്തുവർഷത്തിലധികം നീണ്ടു നിന്ന ഈ പ്രവൃത്തിയിൽ മൂന്നരലക്ഷം കിലോയോളം സ്വർണമാണ് കുഴിച്ചെടുത്തത്.

ആയിരക്കണക്കിനു പേർ ഈ സ്വർണവേട്ടയിലൂടെ കോടീശ്വരർ ആകുക തന്നെ ചെയ്തു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുടിയേറ്റം കൂടിയാണ് കലിഫോർണിയയിൽ നടന്നത്. വിവിധ രാജ്യങ്ങളിലുള്ളവർ ഇവിടെ വന്നു വാസമുറപ്പിച്ചു. കലിഫോർണിയയുടെ കോസ്മോപൊളിറ്റൻ സംസ്‌കാരത്തിനു വിത്തുപാകിയ ഒരേടായിരുന്നു ഈ കുടിയേറ്റം. എന്നാൽ ആദ്യമായി സ്വർണം കണ്ടെത്തിയ മാർഷലിനും അവന്റെ മുതലാളി ജോൺ സട്ടറിനും എന്തു സംഭവിച്ചു? മാർഷലിന് സ്വർണവേട്ട കൊണ്ട് കാര്യമായ ലാഭമൊന്നും കിട്ടിയില്ല. കിട്ടിയ കുറച്ചു പണം കൊണ്ട് പല ബിസിനസുകളും കൃഷിയുമൊക്കെ നടത്തിയെങ്കിലും ഉപകാരപ്പെട്ടില്ല.

1885ൽ കലിഫോർണിയയിലെ കൊലോമയിലുള്ള ഒറ്റമുറി വീട്ടിൽ അയാൾ അന്തരിച്ചു. ജോൺ സട്ടറിനും സ്വർണവേട്ട നഷ്ടമാണുണ്ടാക്കിയത്. സ്വർണം കണ്ടെത്തുന്നതിനു മുൻപ് കലിഫോർണിയയിൽ തടിമില്ലു നടത്തുകയായിരുന്നു സട്ടർ. സ്വർണനിക്ഷേപത്തിന്റെ കാര്യമറിഞ്ഞതോടെ അയാളുടെ പണിക്കാരിൽ പലരും തൊഴിലുപേക്ഷിച്ച് സ്വർണവേട്ടയ്ക്കിറങ്ങി. സട്ടറിന്റെ ബിസിനസ് അതോടെ പൂട്ടി.അയാൾ ഒരു കടക്കാരനായി താമസിയാതെ മാറി.

Content Highlights: California Gold Rush

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com