3,000 വർഷത്തിനു ശേഷം ഓസ്ട്രേലിയയിൽ എത്തിയ ടാസ്മാനിയൻ ചെകുത്താന് കുഞ്ഞുങ്ങൾ; വിഐപി പരിഗണന

Mail This Article
2020ൽ ആയിരുന്നു ആ സംഭവം. 3000 വർഷങ്ങൾക്കു ശേഷം ഒരു ജീവി തന്റെ ജന്മനാട്ടിലേക്കു തിരിച്ചെത്തി. ഓസ്‌ട്രേലിയയിലെ ബാരിങ്ടൻ ടോപ്‌സ് ദേശീയോദ്യാനത്തിലേക്ക് ടാസ്മാനിയൻ ഡെവിൾ എന്ന ജീവികളാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ ലോകമെങ്ങും തരംഗമാവുകയായിരുന്നു. 11 ജീവികളെയാണ് ആയിരം ഏക്കർ വിസ്തീർണമുള്ള ഉദ്യാനത്തിലേക്ക് ഇറക്കിവിട്ടത്. ഓസി ആർക്ക് എന്ന സന്നദ്ധ സംഘടനയാണ് ഈ തിരിച്ചെത്തലിന് ചുക്കാൻ പിടിച്ചത്. അന്ന് ഇറക്കിവിട്ട ആദ്യ ടാസ്മാനിയൻ ഡെവിളായ അഡ്വഞ്ചറസ് ലീസ 3 കുട്ടികൾക്ക് ജനനമേകിയെന്നതാണ് പുതിയ വിശേഷം.
അന്ന് 11 ജീവികളെ ഇറക്കിവിട്ടതിനു പിന്നാലെ 21 ജീവികളെ കൂടി എത്തിച്ചിരുന്നു. 16 കുട്ടികൾ കൂടി പിറക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിൽ ടാസ്മാനിയൻ ഡെവിൾ ജീവികളുടെ എണ്ണം കൂടുന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകർ പറയുന്നു.
ഓസ്‌ട്രേലിയ ഒട്ടേറെ വിചിത്രമായ സംഗതികളുള്ള നാടാണ്. അതിൽ പ്രധാനം ലോകത്തു മറ്റൊരിടത്തും അങ്ങനെ കാണാത്ത വ്യത്യസ്തമായ ജീവിവർഗങ്ങളാണ്. വയറ്റിലെ സഞ്ചിയിൽ തന്റെ കുട്ടികളുമായി ചാടി നടക്കുന്ന കംഗാരു, പരന്ന കൊക്കും ശരീരവുമുള്ള പ്ലാറ്റിപ്പസ് തുടങ്ങി ഒട്ടേറെ മൃഗങ്ങൾ. കംഗാരു ഉൾപ്പെടെയുള്ള മൃഗങ്ങളെ മാർസൂപ്പിയൽസ് എന്നാണു വിളിക്കുന്നത്.

കുട്ടികളുണ്ടായിക്കഴിഞ്ഞാൽ അവയെ വയറ്റിലെ സഞ്ചിയിൽ വഹിച്ചു നടക്കുന്നത് മാർസൂപ്പിയൽസിന്റെ പ്രധാന ലക്ഷണമാണ്. ഇത്തരം മാർസൂപ്പിയൽസിൽ സസ്യഭുക്കുകളും മാംസഭുക്കുകളുമുണ്ട്. മാർസൂപ്പിയൽസിലെ മാംസഭുക്കുകളിൽ ഏറ്റവും വലുപ്പമുള്ളവയാണ് ടാസ്മാനിയൻ ഡെവിൾ എന്നറിയപ്പെടുന്ന ജീവിവർഗം.

1996ൽ ഓസ്‌ട്രേലിയയുടെ ദക്ഷിണതീരത്തു നിന്ന് 240 കിലോമീറ്റർ അകലെയുള്ള ടാസ്മാനിയൻ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്. ഒരു ചെറിയ പട്ടിക്കുട്ടിയുടെ വലുപ്പമേയുള്ളൂ ഈ ജീവികൾക്ക്. നല്ല കറുത്ത രോമാവൃതമായ ശരീരം. മനുഷ്യർക്കോ കൃഷിക്കോ ഭീഷണിയല്ലെങ്കിലും അക്രമാസക്തരാണ് ഇവർ. താടിയെല്ലുകൾക്ക് നല്ല ബലമുള്ളതിനാൽ ഒരു കടിക്കു തന്നെ ഇരയെ നന്നായി മുറിവേൽപ്പിക്കാൻ കഴിയും.

ആദ്യകാലത്ത് ഓസ്‌ട്രേലിയയിൽ എത്തിയ യൂറോപ്യൻ കുടിയേറ്റക്കാർ ഈ ജീവികളുടെ രൂപവും ശബ്ദവും കണ്ടു പേടിക്കുന്നതു പതിവായിരുന്നു. ഇവരാണ് ചെകുത്താൻ എന്നർഥമുള്ള 'ഡെവിൾ' എന്ന പേര് ഈ ജീവികൾക്കു നൽകിയത്.

അവിടെ അവ കാൽലക്ഷത്തോളമുണ്ട്. എന്നാൽ 3000 വർഷം മുൻപ് ഓസ്‌ട്രേലിയൻ വൻകരയിൽ ഡെവിൾസ് വിഹരിച്ചിരുന്നത്രേ. തുടർന്ന് എങ്ങനെയോ അവർ പൂർണമായി ദ്വീപിൽ നിന്ന് അപ്രത്യക്ഷമായി. ടാൻസാനിയൻ ഡെവിൾ തിന്നുന്ന മൃഗങ്ങളെ മനുഷ്യർ വൻ രീതിയിൽ കൊന്നൊടുക്കിയതാകാം ഒരു കാരണം. മറ്റൊരു കാരണമായി പറയപ്പെടുന്നത് ഡിംഗോ എന്നു പേരുള്ള കാട്ടുനായ്ക്കളെയാണ്.

പണ്ട് ഓസ്‌ട്രേലിയയിലെത്തിയ ഏതോ കുടിയേറ്റഗോത്രങ്ങൾക്കൊപ്പമെത്തിയ ഡിംഗോ ടാസ്മാനിയൻ ഡെവിൾസിനെ കൊന്നൊടുക്കിയത്രേ. ഇനി മൂന്നാമതൊരു കാരണം കൂടി പറയുന്നുണ്ട്. ടാസ്മാനിയൻ ഡെവിൾസിന്റെ വായിൽ ഒരു പ്രത്യേക തരം കാൻസർ ബാധിക്കാറുണ്ട്. ലോകത്ത് പകർച്ചവ്യാധി സ്വഭാവമുള്ളതായി കണ്ടെത്തിയിട്ടുള്ള ഒരേയൊരു കാൻസർ രോഗമാണ് ഇത്. ഇതുകൊണ്ടുമാകാം ഇവയ്ക്ക് ഓസ്‌ട്രേലിയയിൽ നാശം നേരിട്ടതെന്നും ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്.

ടാസ്മാനിയൻ ഡെവിൾസിനെ ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നതിന് വേറൊരു കാരണം കൂടിയുണ്ടായിരുന്നു. കഴിഞ്ഞ കാലയളവുകളിലെ കാട്ടുതീയിൽ പെട്ട് ഓസ്‌ട്രേലിയയിൽ 300 കോടി ജീവികളാണ് വെന്തുമരിച്ചത്. തുടർന്ന് ഇവിടത്തെ ജൈവസന്തുലിതാവസ്ഥ വൻതോതിൽ തകർന്നു. പുറത്തു നിന്നെത്തി ഓസ്‌ട്രേലിയയിൽ ആവാസമുറപ്പിച്ച ചില കാട്ടുപൂച്ചകൾ, കുറുക്കൻ വർഗങ്ങൾ എന്നിവ രാവും പകലും ഇരതേടി ഇവിടത്തെ തനത് ജീവജാലങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കാട്ടുപൂച്ചകൾക്കും കുറുക്കൻമാർക്കും ടാസ്മാനിയൻ ഡെവിൾസിനെ നല്ല രീതിയിൽ പേടിയാണ്. ഡെവിൾസ് അവിടെയുണ്ടെങ്കിൽ അവയുടെ വേട്ടയാടലിന്റെ തോത് കുറയുമെന്നും ജൈവസന്തുലിതാവസ്ഥ വീണ്ടെടുക്കുമെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

നല്ല വിഐപി പരിഗണനയിലാണ് ഓസ്‌ട്രേലിയയിൽ ഡെവിൾസ് കഴിയുന്നത്. ഒരു ചെറിയ വനം തന്നെ ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ഇവർക്കു ഭീഷണിയാകാവുന്ന മൃഗങ്ങളെയും സാഹചര്യങ്ങളെയും ഒഴിവാക്കിയിട്ടുമുണ്ട്.
English Summary: Tasmanian devil babies