ADVERTISEMENT

വയനാട് ജില്ലയിലെ ലക്കിടിയിൽ നിന്നു കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടൻ തീക്കറുപ്പൻ (എപ്പിതെമിസ് വയനാടെൻസിസ്) എന്ന് പേര് നൽകി. വയനാടൻ തീക്കറുപ്പന്റെ കണ്ടെത്തലിന്റെ വിവരങ്ങൾ രാജ്യാന്തര പ്രസിദ്ധീകരണമായ ജേണൽ ഓഫ് ഏഷ്യ പസിഫിക് ബയോഡൈവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചു. ജനിതക വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ പുതിയ തുമ്പിയുടെ കണ്ടെത്തൽ സ്ഥിരീകരിക്കുന്നത്.

പഠനവിധേയമാക്കിയ ജീനിൽ പശ്ചിമ ഘട്ടത്തിൽ സാധാരണയായി കാണപ്പെടുന്ന തീക്കറുപ്പൻ തുമ്പിയിൽ നിന്നും 12% വ്യത്യാസമുണ്ട് വയനാടൻ തീക്കറുപ്പന്. ഇന്ത്യയിൽ ഇതാദ്യമായാണ് ജനിതക വിവരങ്ങൾ പഠിച്ച് പുതിയ തുമ്പിയുടെ കണ്ടെത്തൽ സ്ഥിരീകരിക്കുന്നത്. 

വയനാടൻ തീക്കറുപ്പൻ
വയനാടൻ തീക്കറുപ്പൻ

തീക്കറുപ്പൻ തുമ്പിയുമായി സാമ്യമുള്ള ഈ തുമ്പിയുടെ നിറം സാധാരണ തീക്കറുപ്പനെ അപേക്ഷിച്ച് കൂടുതൽ കറുപ്പും, ചോരച്ചുവപ്പുമാണ്. ഇതിന്റെ വലിപ്പം 3 സെന്റീമീറ്ററിന് താഴെ മാത്രമാണ്. ഈ ജനുസ്സിൽ നിന്നും കണ്ടെത്തപ്പെടുന്ന രണ്ടാമത്തെ തുമ്പിയാണിത്. ഇതിന് മുൻപ് ഇതേ ജനുസ്സിൽ നിന്നും ഒരു തുമ്പിയെ കണ്ടെത്തിയത് 1915-ലാണ്. വയനാടൻ കാടുകളിലെ ചതുപ്പ് പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയ ഈ സുന്ദരൻ തുമ്പിയെ വർഷത്തിൽ ഏകദേശം ഒരു മാസക്കാലത്തേക്ക് (ഒക്ടോബർ) മാത്രമേ കാണാനാവൂ. ബാക്കി കാലം ചതുപ്പിൽ ലാർവയായാണ് ഇത് കഴിയുന്നത്.

വയനാടൻ തീക്കറുപ്പൻ
വയനാടൻ തീക്കറുപ്പൻ

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ, സുബിൻ കെ.ജോസ്, പ്രകൃതിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഡേവിഡ് രാജു, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിയിലെ ഗവേഷകൻ സീഷാൻ മിർസ എന്നിവരാണ് പുതിയ തുമ്പിയെ കണ്ടെത്തിയത്.  നിലവിലെ അറിവുവെച്ച് ജൈവവൈവിധ്യ സമ്പന്നമായ വയനാട് പീഠഭൂമിയിൽ മാത്രമാണ് ഈ തുമ്പി ഉള്ളത്. 

വിവേക് ചന്ദ്രൻ, ഡേവിഡ് രാജു, സുബിൻ കെ.ജോസ്, സീഷാൻ മിർസ
വിവേക് ചന്ദ്രൻ, ഡേവിഡ് രാജു, സുബിൻ കെ.ജോസ്, സീഷാൻ മിർസ

Content Highlights: Ste species | Wayanad | Epithemis Wayanatensis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com