sections
MORE

പത്തു കാലുകളുള്ള ‘അദ്ഭുത പക്ഷി’; കൗതുകമായ ചിത്രത്തിനു പിന്നിൽ?

HIGHLIGHTS
  • സാലി കോര്‍ട്ട് എന്ന ഫൊട്ടോഗ്രാഫറാണ് ഈ പക്ഷിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്
  • ക്യൂന്‍സ്‌ലന്‍ഡിലെ ഒരു തണ്ണീര്‍ത്തട സമുച്ചയത്തില്‍ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്
Comb Crested Jacana
ചിത്രത്തിനു കടപ്പാട്: സാലി കോർട്ട്
SHARE

സ്വന്തം മക്കളുടെ നന്മയ്ക്കും സുരക്ഷയ്കക്കും വേണ്ടി എന്തും ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്ന അച്ഛന്‍മാരെയാണ് സൂപ്പര്‍ ഡാഡ് എന്നു വിശേഷിപ്പിക്കാറുള്ളത്. മനുഷ്യരെ മാത്രമല്ല  മക്കള്‍ക്കു വേണ്ടി നിലകൊള്ളുന്ന  മൃഗങ്ങളിലെ  അച്ഛന്‍മാരെയും ഇങ്ങനെ തന്നെ വിശേഷിപ്പിക്കാനാകും. അതുകൊണ്ടു തന്നെയാണ് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ നിന്നു പകര്‍ത്തിയ ചിത്രത്തിലെ പക്ഷിയേയും ഫൊട്ടോഗ്രാഫര്‍ സൂപ്പര്‍ ഡാഡ് എന്നു വിശേഷിപ്പിച്ചത്.

പത്തു കാലുകളുള്ള അദ്ഭുത പക്ഷിയോ?

സാലി കോര്‍ട്ട് എന്ന ഫൊട്ടോഗ്രാഫറാണ് ഈ സൂപ്പര്‍ ഡാഡ് പക്ഷിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. ക്യൂന്‍സ്‌ലന്‍ഡിലെ തണ്ണീര്‍ത്തട സമുച്ചയത്തില്‍ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്. ചിത്രം ഇന്‍സ്റ്റാഗ്രാമിലെത്തിയതോടെ പെട്ടെന്നു തന്നെ ചർച്ചയിൽ ഇടം പിടിച്ചു. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാരണം കൊണ്ടാണെന്നു മാത്രം. ഓസ്ട്രേലിയയില്‍ 10 കാലുള്ള പക്ഷിയെ കണ്ടെത്തിയെന്ന തമാശ രൂപത്തിലാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്. ഒറ്റ നോട്ടത്തില്‍ അങ്ങനെ തോന്നിയാലും ആരെയും കുറ്റപ്പെടുത്താനാകില്ല. കാരണം ആ ഫൊട്ടോയില്‍ പക്ഷിക്കു പത്തു കാലുകള്‍ ഉണ്ട്.

Comb Crested Jacana
ചിത്രത്തിനു കടപ്പാട്: സാലി കോർട്ട്

തന്‍റെ നാലു കുഞ്ഞുങ്ങളെ ചുമലിലേറ്റി ചിറകിനടിയില്‍ ഒളിപ്പിച്ചു ബാഹുബലിയെ പോലെ നടന്നു വരുമ്പോഴാണ് ഈ പക്ഷി ക്യാമറയില്‍ പതിഞ്ഞത്. കോംമ്പ് ക്രസ്റ്റഡ് ജക്കാന എന്ന വിഭാഗത്തില്‍ പെട്ട പക്ഷിയാണ് ഇങ്ങനെ ശരീരത്തില്‍ ഒളിപ്പിച്ച കുട്ടികളുടെ എട്ടു കാലുകള്‍ കാരണം സമൂഹമാധ്യമങ്ങളിൽ തരംഗമാമായത്. തടാകത്തില്‍ നിന്നു വെള്ളത്തിനു മുകളിലൂടെ കരയിലേക്കു നടക്കുന്നതിനിടെയാണ് പക്ഷിയെ സാലി കോര്‍ട്ട് കണ്ടെത്തിയത്. കൃത്യമായ ആംഗിളില്‍ ചിത്രം പകര്‍ത്തിയപ്പോള്‍ രണ്ടു നീളന്‍ കാലുകള്‍ക്കു പുറമെ ഇരുവശത്തുമായി നാലു വീതം കാലുകള്‍ കൂടിയുള്ള വിചിത്ര പക്ഷിയായി കോംമ്പ് ക്രസ്റ്റഡ് ജക്കാന മാറുകയും ചെയ്തു,

കൃത്യസമയത്ത് മുങ്ങുന്ന അമ്മമാര്‍

കോംമ്പ് ക്രസ്റ്റഡ് ജക്കാനകള്‍ക്കിടയില്‍ ഇത്തരം കാഴ്ചകള്‍ സ്വാഭാവികമാണെന്ന് സാലി കോര്‍ട്ട് പറയുന്നു. ഒരേ സമയത്ത് എട്ട് മുട്ടകള്‍ വരെയാണ് അമ്മ പക്ഷി ഇടുക. ഇണ ചേര്‍ന്നു മുട്ടയിട്ട ശേഷം അമ്മ പക്ഷികള്‍ പതിയെ പിന്‍വലിയും. പുതിയ കാമുകനെ തേടി പിടിച്ച് കണ്ടെത്തുകയും അവർക്കൊപ്പം ജീവിക്കാന്‍ തുടങ്ങുകയും ചെയ്യും. മാത്രമല്ല പല പെണ്‍ പക്ഷികള്‍ക്കും ഒരേ സമയം തന്നെ മൂന്നും നാലും കാമുകന്‍മാരുണ്ടാകും. അതുകൊണ്ട് തന്നെ ഇതോടെ കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്വം സ്വാഭാവികമായും അച്ഛന്‍മാര്‍ക്കു വന്നു ചേരും. കുട്ടികള്‍ സ്വതന്ത്രരാകും വരെ ഇവയ്ക്കുള്ള ഇര തേടി കൊടുക്കേണ്ട ഉത്തരവാദിത്തവും അച്ഛന്‍ പക്ഷിയ്ക്കാണ്.

അതിനാല്‍ തന്നെ കുട്ടികളെ നോക്കി 24 മണിക്കൂറും കൂട്ടിലിരിക്കാന്‍ കഴിയില്ല. എന്നാല്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകാനും കഴിയില്ല. കൂടാതെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തെത്തുമ്പോഴക്കും കൂടിന്‍റെ അവസ്ഥ ഏതാണ്ട് പരിതാപകരമായിരിക്കും. ഇതോടെയാണ് ഭക്ഷണം തേടി പോകുമ്പോഴും കുട്ടികളെയും കൂടെ കൂട്ടാന്‍ അച്ഛന്‍മാര്‍ നിര്‍ബന്ധിതരാകുന്നത്.  അതേസമയം ഇര തേടിയിറങ്ങിയാല്‍ വെള്ളത്തിലെ പാമ്പുകളും തവളകളും മുതല്‍ മറ്റു പക്ഷികള്‍ വരെ ഈ കുട്ടികള്‍ക്കു ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് മുതുകത്ത് കയറ്റി ചിറകിനടിയില്‍ ഒളിപ്പിച്ച് ആണ്‍ പക്ഷികള്‍ കുട്ടികളെ സംരക്ഷിക്കുന്നതെന്നും സാലി കോര്‍ട്ട് പറയുന്നു. അതേസമയം തന്നെ സാലിയെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സ്വന്തം ശരീരത്തിന്‍റെ ഭാരം ഇരട്ടിച്ചിട്ടും ഈ പക്ഷികള്‍ക്ക് എങ്ങനെ വെള്ളത്തിനു മുകളിലൂടെ അനായാസം നടക്കാന്‍ കഴിയുന്നുവെന്നതാണ്.

വെള്ളത്തിലൂടെ നടക്കാനുള്ള കഴിവ്

Comb Crested Jacana

വെള്ളത്തിനു മുകളിലെ നേര്‍ത്ത ഇലകളിലൂടെയാണ് ഈ പക്ഷികളുടെ സഞ്ചാരം. മറ്റു പക്ഷികള്‍ വന്നിരുന്നാല്‍ പോലും മുങ്ങി പോകുന്നത്ര കനം കുറഞ്ഞ ഇലകളാണ് ഇവിടുത്തെ ജലസസ്യങ്ങളായ ലിലി പാഡ് പോലുള്ളവ. എന്നാല്‍ ഇവയ്ക്കു മുകളിലൂടെ പോലും നിഷ്പ്രയാസം നടന്നു പോകാന്‍ ലിലി ട്രോട്ടേഴ്സ് എന്നു കൂടി പേരുള്ള ഈ സുന്ദരന്‍ പക്ഷികള്‍ക്കു കഴിയും. ഇതിനിവയെ സഹായിക്കുന്നത് ഇവയുടെ നീളന്‍ വിരലുകളാണ്. ഈ വിരലുകള്‍  ഇവയുടെ ശരീരത്തിന്‍റെ ഭാരം ഇലയുടെ എല്ലാ ഭാഗത്തേക്കും പരക്കാന്‍ സഹായിക്കും. ഇതോടെ ഇലയ്ക്കു മുകളില്‍ കുത്തനെ ഇവയുടെ ഭാരം അനുഭവപ്പെടില്ല.അതുകൊണ്ട് തന്നെ വെള്ളത്തിലേക്ക് ഇവ താഴ്ന്നു പോവുകയുമില്ല.

തെക്കുകിഴക്കന്‍ ഏഷ്യയിലെ ബോര്‍ണിയ മുതല്‍ ഓസ്ട്രേലിയയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ വരെ ഇവയെ കണ്ടുവരാറുണ്ട്. ഐയുസിഎന്‍ കണക്കുകള്‍ പ്രകാരം ഇവ വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത പക്ഷി വര്‍ഗമാണ്. തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഈ പക്ഷികളുടെ നിലനില്‍പിനു ഭീഷണിയാകുന്നതും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതുള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA