ADVERTISEMENT

മരുഭൂമി എന്നു കേട്ടാല്‍ ആദ്യം തന്നെ മനസ്സിലേക്കെത്തുക ചുട്ടു പൊള്ളുന്ന ചൂടും മണല്‍ക്കാറ്റുമൊക്കെയാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത  ഒരു മരുഭൂമിയെക്കുറിച്ച് സങ്കല്‍പ്പിക്കാനാകുമോ. സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നു പോയി നേരിട്ടു കണ്ടാലും മതി. ഇത്തിരി ദൂരെ തെക്കേ അമേരിക്കയിലെ പെറുവില്‍ പടിഞ്ഞാറന്‍ തീരത്തായാണ് അറ്റാകാമ എന്നു പേരുള്ള ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്. 

Atacama Desert

ഭൂമിയിലെ ഏറ്റവും വരണ്ട ഭൂപ്രദേശം

ധ്രുവപ്രദേശങ്ങളെയാണ് ലോകത്തെ മഴ പെയ്യാത്ത ഏറ്റവും വരണ്ട മേഖലായായി വിലയിരുത്തുന്നത്. എന്നാൽ ഈ പ്രദേശത്തെ മഞ്ഞുപാളികള്‍ ഇതിന് അപവാദമാണ്. മഴ പെയ്യാത്തതും അതേസമയം മഞ്ഞുപാളികള്‍ പോയിട്ടു പുല്‍നാമ്പ് പോലും മുളയ്ക്കാത്തതുമായ പ്രദേശം ഏതെന്നു ചോദിച്ചാല്‍ ഉത്തരം അറ്റാകാമ മരുഭൂമി എന്നാണ്. വരള്‍ച്ചയുടെ കാര്യത്തില്‍ സഹാറയേയും തണുപ്പിന്‍റെ കാര്യത്തില്‍ ലഡാക്ക് മരുഭൂമിയേയും അറ്റ്കമാമ തോല്‍പ്പിക്കും. മഴ അപൂര്‍വ പ്രതിഭാസമായ അറ്റാകാമായില്‍ ഒരു വര്‍ഷത്തെ ശരാശരി ഉയര്‍ന്ന താപനില 18 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്.

മരുഭൂമി രൂപപ്പെടുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍

മറ്റ് ഉഷ്ണമേഖലാ മരുഭൂമികളെ പോലെ വന്‍കരയുടെ പടിഞ്ഞാറു ഭാഗത്തായാണ് അറ്റാകാമായും സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ദക്ഷിണ ധ്രുവത്തിലുള്ള രണ്ട് പ്രധാന കരഭാഗങ്ങള്‍ ഓസ്ട്രേലിയയും ദക്ഷിണ അമേരിക്കയുമാണ്. ഈ രണ്ടിടങ്ങളിലും പടിഞ്ഞാറു ഭാഗത്തായി രണ്ട് മരുഭൂമികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈസ്റ്റേര്‍ലി വിന്‍ഡ്സ് എന്നറിയപ്പെടുന്ന സ്ഥിരമായി വീശുന്ന കാറ്റുകള്‍ കിഴക്ക് നിന്നു പടിഞ്ഞാറോട്ടുള്ള സഞ്ചാരത്തിനിടെ കടലിലെ ഈര്‍പ്പം ശേഖരിച്ചു വന്‍കരകളുടെ മധ്യഭാഗത്തു വരെ മഴ എത്തിക്കും. എന്നാല്‍ പിന്നീടുള്ള യാത്രയില്‍ ഈ കാറ്റ് വിപരീത പ്രവര്‍ത്തനമാണു നടത്തുക.

പിന്നീടുള്ള യാത്രയില്‍ കരയില്‍ ശേഷിക്കുന്ന ഈര്‍പ്പം കൂടി തുടച്ചെടുത്തുകൊണ്ടാകും ഇവയുടെ യാത്ര. ഇതോടെ സ്ഥിരമായി മഴ ലഭിക്കാത്ത പ്രദേശങ്ങളില്‍ ഈ ഈസ്റ്റേര്‍ലി കാറ്റുകള്‍ വലിയ വരള്‍ച്ചയ്ക്കും തുടര്‍ന്നു മരുപ്രദേശത്തിന്‍റെ രൂപീകരണത്തിനും കാരണമാകുന്നു. അതുകൊണ്ട് തന്നെയാണ് താര്‍, സഹാറ, കലിഫോര്‍ണിയ തുടങ്ങിയ മരുഭൂമികള്‍ വന്‍കരകളുടെ പടിഞ്ഞാറു ഭാഗത്തായി കാണപ്പെടുന്നത്. ഓസ്ട്രേലിയയിലെയും ദക്ഷിണ അമേരിക്കയിലേയും സ്ഥിതി വ്യത്യസ്തമല്ല.

atacama-desert3

അറ്റാകാമയുടെ പ്രത്യേകത

മറ്റ് മരുഭൂമികളില്‍ നിന്നു വ്യത്യസ്തമായി അറ്റാകാമയെ കൂടുതല്‍ തണുപ്പുള്ളതാക്കി മാറ്റുന്നത് ഈ പ്രദേശത്തിനു മാത്രമായുള്ള ചില പ്രത്യേകതകളാണ്. അറ്റാകാമയുടെ രൂപപ്പെടലിന് ഈസ്റ്റേര്‍ലി കാറ്റുകള്‍ക്കു ചെറിയൊരു പങ്കു മാത്രമാണുള്ളത്. കാരണം ഈ ഭാഗത്തേക്കെത്തുന്ന കാറ്റ് മുഴുവന്‍ മരുഭൂമിയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആന്‍ഡസ് പര്‍വ്വത നിര തടഞ്ഞു നിര്‍ത്തുകയാണ് ചെയ്യുക. വളരെ ചെറിയ അളവില്‍ മാത്രമെ ഈസ്റ്റേര്‍ലി കാറ്റുകൾ അറ്റാകാമയില്‍ പ്രവേശിക്കുന്നുള്ളു. ഇങ്ങനെ പ്രവേശിക്കുന്നവയാകട്ടെ ഈര്‍പ്പം വലിച്ചെടുത്ത് യാത്രയാവുകയും ചെയ്യും. 

അതേസമയം തന്നെ അന്‍റാര്‍ട്ടിക്കില്‍ നിന്നു പസിഫിക്കിലേക്കെത്തുന്ന തണുത്തുറഞ്ഞ കടല്‍വെള്ളം കൊടും തണുപ്പു മൂലം തന്നെ നീരാവിയായി മാറില്ല.അതിനാല്‍ തന്നെ പടിഞ്ഞാറു ഭാഗത്തെ സമുദ്രത്തില്‍നിന്നുള്ള നീരാവി കരയിലേക്ക് കാറ്റിലൂടെയെത്തി ആന്‍ഡസില്‍ തട്ടി മഴയായി പെയ്യില്ല. അതായത് കേരളത്തിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്താകെയും സംഭവിക്കുന്നതിനു സമാനമായ പ്രതിഭാസം സമുദ്രത്തിന്‍റെ അമിതമായ തണുപ്പ് മൂലം ഇവിടെ സംഭവിക്കുന്നില്ല എന്നര്‍ത്ഥം. ഇങ്ങനെ ആന്‍ഡസും കടലും ഈസ്റ്റേര്‍ലി കാറ്റുകളുമെല്ലാം ചേര്‍ന്നൊരുക്കുന്ന ഒരു അപൂര്‍വ ഭൗമസാഹചര്യമാണ് അറ്റ്കാമയെ ഒരേസമയം തണുപ്പുള്ളതും എന്നാല്‍ വരണ്ടതുമായ മരുഭൂമിയാക്കി മാറ്റുന്നത്.

atacama-desert4

ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമി.

ഭൂമിയില്‍ ഏറ്റവുമധികം കാലം വരള്‍ച്ച അനുഭവപ്പെട്ട മരുഭൂമിയായി വിലയിരുത്തുന്നത് അറ്റാകാമയെ ആണ്. ഏതാണ്ട് 150 മില്ല്യണ്‍ അതായത് 15 കോടി വര്‍ഷമായി അറ്റ്കാമ വരണ്ടു കിടക്കുകയാണ്. വടക്കു മുതല്‍ തെക്കു വരെ ആയിരം കിലോമീറ്ററിലേറെ ദൂരത്തിലാണ് അറ്റാകാമ സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര കിലോമീറ്ററാണ് ഈ മരുഭൂമിയുടെ ചുറ്റളവ്.

ചൊവ്വയുമായുള്ള താരതമ്യം

കാഴ്ചയിലും പരിസ്ഥിതിയിലും ചൊവ്വയുമായി ഗവേഷകര്‍ താരതമ്യം ചെയ്യുന്ന ഭൂപ്രദേശമാണ് അറ്റാകാമ. ഏതാനും സൂക്ഷ്മ ജീവികളെ മാറ്റി നിര്‍ത്തിയാല്‍ അറ്റ്കാമയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മറ്റ് സസ്യങ്ങളോ ജീവികളോ ജീവിക്കുന്നില്ല. ഇവയ്ക്ക് ജീവിക്കാൻ‍ അനുയോജ്യമായ പരിസ്ഥിതി അല്ല അറ്റ്കാമയിലുള്ളത്. അതുകൊണ്ട് തന്നെ ഭൂമിയില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്നതും ഇന്നും ചൊവ്വ ഉള്‍പ്പടെ പ്രപഞ്ചത്തിന്‍റെ വിവിധ ഗ്രഹങ്ങളിലും നിലനില്‍ക്കുന്നതുമായ സാഹചര്യത്തോടെ ഏറെ പൊരുത്തപ്പെട്ടു നില്‍ക്കുന്ന പ്രദേശമാണ് അറ്റ്കാമയിലേത്. അതിനാല്‍ തന്നെ പ്രപഞ്ചത്തിലെ ജീവന്‍റെ ഉല്‍പ്പത്തിയെ കുറിച്ച് പഠിക്കാന്‍ അറ്റാകാമയിലെ സാഹചര്യം അതീവ സഹായകരമാകുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com