ADVERTISEMENT

ചുവപ്പുമഴയും മഞ്ഞ മഴയുമൊക്കെ പെയ്തിട്ടുണ്ട് പണ്ടു കേരളത്തിൽ പലയിടത്തും. എന്നാൽ കറുത്ത മഴയെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയൊരു മഴപ്പെയ്ത്തുമുണ്ടായി കഴിഞ്ഞ ദിവസം. ലോകത്തെ ഏറ്റവും തണുപ്പേറിയ പ്രദേശങ്ങളിലൊന്നായ സൈബീരിയയിലായിരുന്നു കറുത്ത മഞ്ഞുമഴ പെയ്തത്. അതിപ്പോഴും പലയിടത്തും തുടരുകയുമാണ്. അതോടെ വീടും വണ്ടികളും പൂന്തോട്ടവുമൊക്കെ കറുത്ത നിറത്തിലായി. തീപിടിച്ചു കരിഞ്ഞതു പോലുള്ള വീടുകളുടെയും കാറുകളുടെയുമൊക്കെ ഒട്ടേറെ ചിത്രങ്ങളും വിഡിയോകളുമാണ് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പലരും പോസ്റ്റ് ചെയ്തത്. 

Black Snow Is Falling Down In Siberia

എന്നാൽ ഈ കറുത്തമഴ അൽപം പേടിപ്പിക്കുന്നതുമാണ്. കൽക്കരി ഖനികളിലെ അശാസ്ത്രീയ ഖനനം കാരണമാണ് ഈ മഞ്ഞുമഴ പെയ്യുന്നതെന്നാണു കണ്ടെത്തൽ. ഖനിയിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള കറുത്ത പുക ‘ഫിൽട്ടർ’ ചെയ്യാതെ പുറത്തുവിടുന്നതാണു പ്രശ്നം. ‘മനുഷ്യനിർമിതമായ കറുത്തദുരന്തം’ എന്നാണു പരിസ്ഥിതി വിദഗ്ധർ ഈ മഞ്ഞുമഴയെ വിശേഷിപ്പിച്ചത്. സൈബീരിയയിലെ ക്യുസ്ബാസ് പ്രദേശത്തെ കിസ്‌ല്യോവ്സ്ക് എന്ന നഗരത്തിലാണു പ്രധാനമായും കറുത്ത മഞ്ഞ് പെയ്തിറങ്ങിയത്. കുട്ടികളുടെ കളിസ്ഥലവും വീടും പരിസരവുമെല്ലാം കറുപ്പിൽ മുങ്ങിയതിന്റെ വിഡിയോകളെ ‘ലോകാവസാനത്തിനപ്പുറം’ എന്നാണു റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അത്രയേറെ ഭയാനകമായിരുന്നു ആ കാഴ്ചകളെല്ലാം. 

പ്രദേശത്ത് ഏകദേശം 26 ലക്ഷമാണു ജനസംഖ്യ. ഭൂരിപക്ഷം പേരും കൽക്കരി ഖനികളുമായി ബന്ധപ്പെട്ടാണു ജീവിക്കുന്നത്. എന്നാൽ പല ഖനികളിലും ഫാക്ടറികളിലും ആവശ്യത്തിനു സുരക്ഷാസൗകര്യങ്ങളില്ലെന്നാണു പരിസ്ഥിതിപ്രവർത്തകർ പറയുന്നത്. കാലങ്ങളായി ഈ പൊടിയും പുകയും ശ്വസിച്ച് മേഖലയിലെ ഒട്ടേറെ പേരുടെ ആരോഗ്യവും ക്ഷയിച്ചിട്ടുണ്ട്. റഷ്യയിൽ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം ദേശീയ തലത്തിൽ 66 ആണ്, വനിതകൾക്ക് 77ഉം. എന്നാൽ ഇതിൽ നിന്ന് മൂന്നോ നാലോ വർഷം കുറച്ചാണ് ക്യുസ്ബാസ് പ്രദേശത്തെ ശരാശരി ആയുർദൈർഘ്യം. ദേശീയതലത്തേക്കാൾ കാൻസർ, കുട്ടികളിലെ സെറിബ്രൽ പാൾസി, ക്ഷയം എന്നിവയുടെ നിരക്കും ഇവിടെ കൂടുതലാണ്. 

Black Snow Is Falling Down In Siberia

മഞ്ഞുകാലത്ത് അന്തരീക്ഷത്തിലേക്ക് കൽക്കരി ഖനികളിലെ കറുത്തപൊടി എത്തുന്നതാണു പ്രശ്നം. മഞ്ഞു പെയ്യുമ്പോഴാണ് ഇവ എത്രമാത്രം അന്തരീക്ഷത്തിൽ ഉണ്ടായിരുന്നുവെന്നു വ്യക്തമാകുന്നത്. മഞ്ഞു പെയ്യാത്തപ്പോഴും ഇവ അന്തരീക്ഷത്തിലുണ്ട്, പക്ഷേ ആരും അറിയുന്നില്ലെന്നു മാത്രം. പക്ഷേ പരിസ്ഥിതി പ്രശ്നങ്ങളൊന്നും കണക്കിലെടുക്കാതെ വൻതോതിലാണ് റഷ്യയിൽ നിന്നു കൽക്കരി കയറ്റി അയയ്ക്കുന്നത്–പ്രധാനമായും ബ്രിട്ടണിലേക്ക്. 2017ൽ ബ്രിട്ടൺ ഇറക്കുമതി ചെയ്ത 85 ലക്ഷം ടൺ കൽക്കരിയിൽ ഏകദേശം പാതിയും റഷ്യയിൽ നിന്നായിരുന്നു. ഇതിൽത്തന്നെ 90 ശതമാനവും ക്യുസ്ബാസ് പ്രദേശത്തു നിന്നും. 2025ഓടെ പൂർണമായും കൽക്കരി ഉപയോഗം നിർത്തുമെന്നാണു ബ്രിട്ടൺ പറയുന്നത്. എന്നാൽ റഷ്യയിൽ നിന്നു കൽക്കരി വാങ്ങുന്നത് ബ്രിട്ടൺ നിർത്തണമെന്നാണ് ചില പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ മാത്രമേ ക്യുസ്ബാസിലെ പ്രശ്നം പരിഹരിക്കാൻ റഷ്യയുടെ മേൽ സമ്മർദമുണ്ടാകൂവെന്നും അവർ പറയുന്നു. 

ആർസനിക്കും മെർക്കുറിയും ഉൾപ്പെടെയുള്ള വിഷവസ്തുക്കളടങ്ങിയതാണ് കൽക്കരി ഖനികളിലെ പൊടി. തുറന്നിട്ട ട്രെയിൻ കാരിയറുകളിലാണ് കൽക്കരി കൊണ്ടുപോകുന്നതെന്നതും പ്രശ്നമുണ്ടാക്കുന്നുണ്ട്. റെയിൽപാളങ്ങളിൽ നിന്നുള്ള കൽക്കരി അവശിഷ്ടങ്ങൾ മഴയ്ക്കൊപ്പം ജലസംഭരണികളിലേക്ക് ഒലിച്ചിറങ്ങിയാണു പ്രശ്നം സൃഷ്ടിക്കുന്നത്. സൈബീരിയയിലെ ജനവാസമേറെയുള്ള ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സമീപമാണ് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി കൽക്കരി ഖനികൾ പ്രവർത്തിക്കുന്നതെന്ന പ്രശ്നവുമുണ്ട്. സർക്കാർ ഇതിനെതിരെ ചെറുവിരലനക്കാത്ത സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങളിലൂടെയും വാർത്ത പുറത്തെത്തിച്ചു പ്രതിഷേധത്തിനു തയാറെടുക്കുകയാണ് ക്യുസ്ബാസ് പ്രദേശവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com