ADVERTISEMENT

ഭൂമിയിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. മഞ്ഞുപാളികളാല്‍ മുടിയിരിക്കുന്ന ഗ്രീന്‍ലന്‍ഡിന്‍റെ ഉള്‍വശം പക്ഷെ ഭൂമിയെക്കുറിച്ച് ഇനിയും മനുഷ്യര്‍ കണ്ടെത്തിയിട്ടില്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ പറയാന്‍ ശേഷിയുള്ളതാണ്. ഇതിനു തെളിവാണ് ഗ്രീന്‍ലന്‍ഡില്‍ അടുത്തിടെ കണ്ടെത്തിയ രണ്ട് ഉല്‍ക്ക നിര്‍മ്മിതമായ ഗര്‍ത്തങ്ങള്‍. ദ്വീപിന്‍റെ വടക്കു പടിഞ്ഞാറ് മേഖലയിലായി ഏകദേശം183 കിലോമീറ്റര്‍ ദൂരത്തിലാണ് ഇരു ഗര്‍ത്തങ്ങളും സ്ഥിതി ചെയ്യുന്നത്. പക്ഷെ ഈ ഗര്‍ത്തങ്ങള്‍ കണ്ടെത്തിയിരിക്കുന്ന പ്രദേശത്ത് ചുരുങ്ങിയത് രണ്ട് കിലോമീറ്ററെങ്കിലും കനത്തില്‍ മഞ്ഞുപാളികള്‍ നിറഞ്ഞിരിക്കുകയാണെന്നതാണ് മറ്റൊരു വസ്തുത.

ഉല്‍ക്കാ ഗര്‍ത്തങ്ങളുടെ പ്രാധാന്യം

ഉല്‍ക്കകള്‍ വീണുണ്ടാകുന്ന ഗര്‍ത്തങ്ങള്‍ക്ക് ഇന്നു നാം കാണുന്ന ഭൂമിയുടെ രൂപപ്പെടലില്‍ നിര്‍ണ്ണായക പങ്കുണ്ട്. കൂടാതെ ഉല്‍ക്ക പതിച്ചുണ്ടായ ഗര്‍ത്തങ്ങള്‍ക്ക് അക്കാലത്തും അതിനു ശേഷവും ഭൂമിയില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കാനാകും. എന്നാല്‍ ഗ്രീന്‍ലന്‍ഡില്‍ കണ്ടെത്തിയ ഉല്‍ക്കാ ഗര്‍ത്തങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് ഇതിനു രണ്ടിനും കഴിയില്ല. കാരണം ഈ ഗര്‍ത്തങ്ങളെ മൂടിയിരിക്കുന്ന മഞ്ഞുരുകി പൂര്‍ണമായും ഇല്ലാതാകാന്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരും. പകരം ഗവേഷകര്‍ ഈ ഗര്‍ത്തങ്ങളെക്കുറിച്ച് സാറ്റലൈറ്റ് വഴിയും തരംഗങ്ങള്‍ ഉപയോഗിച്ചും നടത്തിയ പഠനം മറ്റൊരു ലക്ഷ്യത്തോടെയായിരുന്നു. രണ്ടു ഗര്‍ത്തങ്ങളെയും സൃഷ്ടിച്ചത് ഒരു ഉല്‍ക്ക സൃഷ്ടിച്ച ആഘാതമാകാം എന്ന നിഗമനത്തിലായിരുന്നു ഇത്.

ഗര്‍ത്തങ്ങള്‍ ഇരട്ടകളോ ?

Greenland

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹിയാവത്താ എന്നു പേരുള്ള ഗര്‍ത്തം ഗവേഷകര്‍ കണ്ടെത്തുന്നത്. സബ് ആർടിക് മേഖലകളില്‍ നിന്ന് ഇനി ഇത്തരം ഗര്‍ത്തങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന ഗവേഷകരുടെ വിശ്വാസം തകര്‍ക്കുന്നതായിരുന്നു കണ്ടെത്തല്‍. മേഖലയിലെ മഞ്ഞുരുകി ഒഴുകുന്ന വേഗവും ശക്തിയും വർധിച്ചതോടെ ഇത്തരം ഗര്‍ത്തങ്ങളുടെ ഭാഗമായുള്ള മണ്ണും പാറയുമെല്ലാം ഈ ഒഴുക്കില്‍ പെടും. ഇങ്ങനെ മഞ്ഞുരുക്കത്തിന്‍റെ ശക്തിയില്‍ ക്രമേണ ഇത്തരം ഗര്‍ത്തങ്ങളുടെ സ്വഭാവവും രൂപവും മാറുകയും ചെയ്യും. പക്ഷെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന രണ്ട് ഗര്‍ത്തങ്ങളും മഞ്ഞുരുക്കം മൂലമുള്ള ആഘാതം ഏല്‍ക്കാത്തവയാണ്.

ഹിയാവത്താ ഗര്‍ത്തം കണ്ടെത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഗര്‍ത്തവും ഗവേഷകര്‍ തിരിച്ചറിയുന്നത്. രണ്ടാമത് കണ്ടെത്തിയ ഗര്‍ത്തത്തിന് പക്ഷെ ഹിയാവത്തയേക്കാള്‍ വലുപ്പവും ആഴവും ഉണ്ടായിരുന്നു. എന്നാല്‍ രണ്ടിന്‍റെയും രൂപവും കാലപ്പഴക്കവും ഏതാണ്ട് സമാനമായിരുന്നു. ഈ സാമ്യതകളാണ് ഇരു ഗര്‍ത്തങ്ങളും ഒരേ സമയത്ത് രൂപപ്പെട്ടതായിരിക്കാമെന്ന നിഗമനത്തിലേക്കു ഗവേഷകരെയെത്തിച്ചത്. കാലപ്പഴക്കത്തിലെ മാറ്റമാണ് സാധാരണ ഗര്‍ത്തങ്ങളുടെ രൂപത്തിലുണ്ടാകുന്ന മാറ്റത്തെയും സ്വാധീനിക്കാറുള്ളത്.

ഒരേ ഉല്‍ക്ക തന്നെ രണ്ടായി പിളര്‍ന്ന് പതിച്ചതിന്‍റെ ഫലമാകാം ഈ രണ്ട് ഗര്‍ത്തങ്ങളുമെന്നു ഗവേഷകര്‍ അനുമാനിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണത്തിലെത്താന്‍ സാധിച്ചിട്ടില്ല. പിളര്‍ന്നപ്പോള്‍ വലിയ ഭാഗം പതിച്ച രണ്ടാമത്തെ ഗര്‍ത്തം ഉണ്ടായിരിക്കാനാണ് സാധ്യത.കാരണം ഈ ഗര്‍ത്തത്തിന്‍റെ വിസ്തീര്‍ണ്ണം ഏതാണ്ട് 36 കിലോമീറ്ററാണ്. ആദ്യം കണ്ടെത്തിയ ഗര്‍ത്തത്തിന് ഇതിന്‍റെ മൂന്നിലൊന്നു മാത്രമാണ് വലിപ്പം. അതേസമയം ഗര്‍ത്തങ്ങള്‍ കണ്ടെത്തിയ സമയത്ത് ഇവ ഉല്‍ക്ക വീണു രൂപപ്പെട്ടതാണോ അതോ അഗ്നിപര്‍വതത്തിന്‍റെ പ്രവര്‍ത്തനം മൂലം ഉണ്ടായതാണോ എന്ന സംശയം രൂപപ്പെട്ടിരുന്നു. എന്നാല്‍ ഈ മേഖലയില്‍ അഗ്നിപര്‍വതങ്ങള്‍ ഉണ്ടായിരുന്നതിന്‍റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഈ സംശയം ഉപേക്ഷിക്കുകയായിരുന്നു. 

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് 79000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ഏകദേശം 79000 വര്‍ഷത്തെ പഴക്കമാണ് ആദ്യം കണ്ടെത്തിയ ഹിയാവത്താ ഗര്‍ത്തത്തിന് ഗവേഷകര്‍ കണക്കാക്കുന്നത്. അതായത് അവസാന ഹിമയുഗത്തിന്‍റെ അന്തിമ ഘട്ടത്തിലാണ് ഈ ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചത് എന്നര്‍ത്ഥം. രണ്ടാമത്തെ ഗര്‍ത്തത്തിന്‍റെ കാലപ്പഴക്കം ഗവേഷകര്‍ കണക്കാക്കി വരുന്നതേയുള്ളൂ. രണ്ടാമത്തെ ഗര്‍ത്തത്തിന് ഒരു പക്ഷെ ഹിയാവത്തയേക്കാള്‍ കാലപ്പഴക്കം ഉണ്ടായേക്കാമെന്നു ചില ഗവേഷകര്‍ വാദിക്കുന്നുണ്ട്. എങ്കില്‍ ഈ ഗര്‍ത്തങ്ങള്‍ ഇരട്ടകളാണെന്ന നിഗമനം ഉപേക്ഷിക്കേണ്ടി വരും. ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ നടന്നുവരികയാണ്. 

ഏതായാലും ഏതാണ്ട് സമാനമായ രണ്ട് ഗര്‍ത്തങ്ങള്‍ ഒരേ മേഖലയില്‍ കണ്ടെത്തിയ സ്ഥിതിക്ക് വടക്കു പടിഞ്ഞാറന്‍ ഗ്രീന്‍ലന്‍ഡില്‍ ഭൗമശാസ്ത്രജ്ഞര്‍ പഠനം വ്യാപിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ കൂടുതല്‍ ഉല്‍ക്കാ ഗര്‍ത്തങ്ങള്‍ ഈ മേഖലയില്‍ മഞ്ഞിനടിയില്‍ മറഞ്ഞു കിടക്കുന്നുണ്ടാകാമെന്നാണ് ഇവരുടെ പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com