ADVERTISEMENT

ശക്തമായ കാറ്റുണ്ടാകുമ്പോള്‍ തിരമാലകള്‍ അതേ ശക്തിയില്‍ തീരത്തേക്കടിച്ചു കയറുന്നത് സ്വാഭാവികമാണ്. എന്നാല്‍ തീരത്തേക്കെത്തുന്നതു തിരയ്ക്കു പകരം മഞ്ഞു കട്ടകളാണെങ്കില്‍ എങ്ങനെയിരിക്കും? ഇതാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഈറി എന്ന തടാക തീരത്തു സംഭവിക്കുന്നത്. തടാകത്തില്‍ നിന്നുള്ള തിരകള്‍ക്കു പകരം തീരത്തേക്കെത്തുന്നത് ഇപ്പോള്‍ മഞ്ഞു കട്ടകളാണ്. ഇവ കുമിഞ്ഞുകൂടി ഇപ്പോള്‍ ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ ദി ഗ്രേറ്റ് വോളിനെ ഓര്‍മ്മിപ്പിക്കും വിധം ഭിത്തി തീര്‍ത്തിരിക്കുകയാണ് ഈ മഞ്ഞുകട്ടകള്‍.

Ice Tsunami

ഐസ് ഷോവ്സ്

ഐസ് സെര്‍ജ്, ഐസ് ഹീവ് എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസത്തിനെ ന്യൂയോര്‍ക്ക് മേഖലയില്‍ വിളിയ്ക്കുന്നത് ഐസ് ഷോവ്സ് എന്നാണ്. ശൈത്യകാലത്തു തടാകത്തിന്‍റെ മുകളിലുറഞ്ഞു കൂടുന്ന മഞ്ഞാണ് ഇപ്പോള്‍ കരയിലേക്ക് ഇരച്ചെത്തിയിരിക്കുന്നത്. റോഡുകള്‍ തടസ്സപ്പെടുത്തിയും കെട്ടിടങ്ങള്‍ക്കു നാശം വരുത്തിയും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഇവയിപ്പോൾ. 7 മീറ്റര്‍ ഉയരത്തില്‍ വരെ ഇത്തവണ എറി തടാകതീരത്ത് ഈ  മഞ്ഞു കട്ടകള്‍ കുമിഞ്ഞു കൂടിയിരുന്നു. മണിക്കൂറില്‍ 113 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയ കാറ്റാണ് തടാകത്തിലെ മഞ്ഞു പാളികളെ കരയിലേക്കെത്തിച്ചത്.

ശക്തിയായ കാറ്റു വീശുമ്പോള്‍ തടാകത്തിലെയോ സമുദ്രത്തിലെയോ വെള്ളത്തിനു സംഭവിക്കുന്ന അതേ പ്രതിഭാസം തന്നെയാണ് ഇവിടെ മഞ്ഞു കട്ടകള്‍ക്കും സംഭവിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു. പ്രധാന വ്യത്യാസം ഇത് സംഭവിക്കുന്നതു പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള കാലാവസ്ഥയിലാണെന്നതാണ്. അതുകൊണ്ട് തന്നെ കാറ്റു വീശുമ്പോള്‍ തീരത്തേക്കു കയറി വരുന്നത് വെള്ളമായിരിക്കില്ല മറിച്ചു മഞ്ഞുകട്ടകളായിരിക്കും. മാത്രമല്ല വെള്ളം കയറിയാൽ അത് നാശനഷ്ടം വിതച്ച് തിരികെ ഇറങ്ങി പോകുമെങ്കില്‍ ഈ മഞ്ഞുപാളികള്‍ തിരിച്ചു പോകാതെ കയറി വന്ന സ്ഥലത്ത് അതേപടി കിടക്കുകയാണ് ചെയ്യുന്നത്.

Ice Tsunami

ബുള്‍ഡോസര്‍ പോലെ പ്രവര്‍ത്തിക്കുന്ന മഞ്ഞു പാളികള്‍.

കെട്ടിടങ്ങള്‍ക്കും മറ്റും തടാകത്തില്‍ നിന്നെത്തുന്ന തിരമാലകള്‍ നേരിയ നാശം വിതയ്ക്കാറുണ്ട്. പക്ഷെ തിരമാലകള്‍ക്കു പകരം മഞ്ഞു പാളികളെത്തിയപ്പോള്‍ ഇവ ബുള്‍ഡോസര്‍ പോലെയാണ് പ്രവര്‍ത്തിച്ചതെന്നു നോര്‍ത്ത് കാരലൈന സര്‍വകലാശാലയിലെ ജ്യോഗ്രഫിക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ അന്‍ഡ്ര്യൂ ഫ്യൂട്ട് പറയുന്നു. വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും മാത്രമല്ല തടാക തീരത്തുള്ള മരങ്ങള്‍ക്കും സാരമായ നാശനഷ്ടമാണ് ഈ ഐസ് സൂനാമി സൃഷ്ടിച്ചത്.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണ് ഈറി. അതുകൊണ്ട് തന്നെ നേരിട്ടും അല്ലാതെയും ഏതാണ്ട് 10 ലക്ഷം പേരെ ഈ ഐസ് സുനാമി കൊണ്ടുള്ള നാശനഷ്ടങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വടക്കേ അമേരിക്കയിലാകെ വീശുന്ന തണുത്തു മരവിച്ച കാറ്റിന്‍റെ ഭാഗമായാണ് ഈറി തടാകത്തിലുണ്ടായ ഐസ് സൂനാമിയും.അരിസോണ, ലോസാഞ്ചലസ് പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പോലും തണുത്തകാറ്റ് ഈ ആഴ്ചയെത്തിയിരുന്നു. ഇത് ഏതാണ്ട് 10 കോടി ആളുകളുടെ നിത്യജീവിതത്തെ ബാധിച്ചുവെന്നാണ് അമേരിക്കന്‍ കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com