ADVERTISEMENT

തെപ്പക്കാട് ക്യാംപിലെ ആനകൾക്ക് 48 ദിവസം ഇനി അവധിയായിരിക്കും. ആന സവാരി, എലിഫെന്റ് സ്ക്വാഡ് പട്രോളിങും നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ കണക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആനകളും വിശ്രമത്തിലാണ്. തമിഴ്നാട്ടിലെ വനം,ക്ഷേത്രം, സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനകൾക്ക് സുഖചികിത്സ നടത്തുന്നതിന്റെ ഭാഗമായാണ് മുതുമലയിലും ക്യാംപ് നടക്കുന്നത്.

Theppakadu Elephant Camp
ക്യാംപിലെ വിനായക ക്ഷേത്രത്തിൽ കുട്ടിക്കൊമ്പൻ കൃഷ്ണൻ നടത്തുന്ന പൂജ.

സ്വകാര്യ ,ക്ഷേത്രം വക ആനകൾക്ക് മേട്ടുപാളയത്തിലെ ഭവാനിസാഗർ പുഴയോരത്താണ് ക്യാംപ്.  വനംവകപ്പിന്റെ ആനകൾക്ക് അതാത് സ്ഥലങ്ങളിൽ തന്നെ ക്യാംപുകൾ ഒരുക്കി. ദിനചര്യകളിലെല്ലാം മാറ്റം വന്നു. രാവിലെ മായർ പുഴയിലെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളി. വൈകുന്നേരം വിശദമായ തേച്ചുകുളി. രാവിലെ കുളികഴിഞ്ഞാൽ ആയുർവേദ മരുന്നു സേവ. ആനകളുടെ ശരീര തൂക്കത്തിനനുസരിച്ചാണ് ഭക്ഷണവും മരുന്നു നിശ്ചയിക്കുന്നത്. 

വിരമിച്ച ആനകൾക്ക് പ്രത്യേക മെനുവാണ് തയാറാക്കുന്നത്. കാഴ്ച നഷ്ടപ്പെട്ട ഭാമ എന്ന ആനയ്ക്കും പരിഗണന നൽകുന്നു. സമയപുരം ക്ഷേത്രത്തിന് നൽകിയ മസിനി കോടതി ഉത്തരവിനെ തുടർന്ന് തിരിച്ച് മുതുമലയിലെത്തി. ക്ഷീണിച്ച് അവശയായിരുന്ന ആന ഇപ്പോൾ ആരോഗ്യവതിയാണ്. മസിനിക്ക് ക്യാംപിൽ ചികിത്സയും നൽകുന്നു. ഭക്ഷണത്തിൽ ധാന്യങ്ങൾ, പയറുവർഗം, ചോളം, ശർക്കര, പഴവർഗങ്ങൾ,കരിമ്പ് വൈറ്റമിൻ ഗുളികകൾ, ച്യവനപ്രാശം, ലേഹ്യം, ആയുർവേദ ചൂർണങ്ങൾ എന്നിവയാണ് നൽകുന്നത്.

Theppakadu Elephant Camp
ആനക്യാംപിലെ ഏറ്റവും പ്രായം കുറഞ്ഞ രഘു.

ആനകളുടെ രക്തം പരിശോധിച്ച് രോഗ നിർണയം നടത്തിയാണ് ചികിത്സകൾ. പ്രശസ്ത ആനചികിത്സകൻ കെ.സി. പണിക്കരുടെ േമൽനോട്ടത്തിലായിരുന്നു നേരത്തെ ക്യാംപുകൾ. ഇപ്പോൾ വനംവകുപ്പിന്റെ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ടീമാണ് ആനകളെ പരിശോധിക്കുന്നത്. രാവിലെയും വൈകുന്നേരവും ഭക്ഷണവും മരുന്നുകളും നൽകും. കാട്ടിൽ പോയി ആനകൾ  തീറ്റ കൊണ്ടുവരുന്ന പരിപാടികളും നിർത്തിവച്ചു. പച്ചപ്പുല്ലും പനയോലയും ലോറികളിൽ പുറമെനിന്ന് കൊണ്ടുവരുന്നുണ്ട്. കാട്ടുതീ പടർന്നതിനെ തുടർന്ന് പച്ചപ്പ് പൂർണമായും മാഞ്ഞു.

അതിനാൽ വനത്തിൽ മേയാൻ വിടുന്നില്ല. തെപ്പക്കാട് ക്യാംപിലാണ് എല്ലാ ആനകൾക്കും ഭക്ഷണമൊരുക്കുന്നത്. ജൂനിയർ കുട്ടികൊമ്പൻ രഘുവാണ് ഇപ്പോൾ ക്യാംപിലെ താരം. ആനകൾക്ക് വിശ്രമത്തിനൊപ്പം ലഘു വ്യായാമങ്ങളും നടത്തുന്നുണ്ട്. ക്യാംപിലെ വിനായക ക്ഷേത്രത്തിൽ കുട്ടികൊമ്പൻ കൃഷ്ണൻ നടത്തുന്ന പൂജകളോടെയാണ് ദിവസം ആരംഭിക്കുന്നത്. തെപ്പക്കാടിൽ 24 ആനകളാണ് ഉള്ളത്. തമിഴ്നാട് ഹിന്ദു റിലീജിയൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻറ് വകുപ്പാണ് നേതൃത്വം നൽകുന്നത്.

Theppakadu Elephant Camp
തെപ്പക്കാട് ക്യാംപിലെ ആനകൾ.

തലയുയർത്തി കരിവീരന്മാർ

2006 ൽ ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആനകൾക്കുള്ള തെപ്പക്കാട് ചികിത്സ ക്യാംപ് ആരംഭിച്ചത്. തമിഴ്നാട്ടിലെ എല്ലാ ആനകൾക്കും അന്ന് മുതുമലയിൽ ക്യാംപൊരുക്കി. ആദ്യ വർഷം 98 ആനകളെയാണ് മുതുമലയിൽ കൊണ്ടുവന്നത്. പ്രകൃതി സ്നേഹികളുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് മറ്റ് ആനകൾക്കുള്ള ക്യാംപ് മുതുമലയയിൽനിന്നു മേട്ടുപ്പാളയത്തിലേക്ക് മാറ്റി.

ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ക്യാംപ് നിർത്തിവച്ചിരുന്നു. അണ്ണാ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴാണ് ക്യാംപ് വീണ്ടും സജീവമായത്. ആന ക്യാംപ് കാണാൻ ധാരാളം ആന പ്രേമികൾ എത്തുന്നുണ്ട്. മൈതാനത്ത് തലയുയർത്തി നിൽക്കുന്ന കരിവീരൻമാർ ആരെയും ആകർഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com