sections
MORE

ചുരുളഴിയുന്നത് സമുദ്രത്തിലെ ‘നിഗൂഢ നീല ഗര്‍ത്തം’ ഒളിപ്പിച്ചു വച്ച രഹസ്യങ്ങള്‍!

HIGHLIGHTS
  • ഒരിക്കല്‍ കരയുടെ ഭാഗമായിരുന്നു ഈ നിഗൂഢ ഗര്‍ത്തം
  • 15000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ തുരങ്കത്തില്‍ കടല്‍ ജലം കയറി നിറഞ്ഞത്
The Blue Hole
SHARE

അടുത്തറിയാത്ത പ്രതിഭാസങ്ങളെല്ലാം മനുഷ്യന്‍റെ ഭാവനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും നിരവധി സാധ്യതകള്‍ നല്‍കുന്നവയാണ്. ഇത്തരത്തിലൊന്നായിരുന്നു ദി ഗ്രേറ്റ് ബ്ലൂ ഹോള്‍ എന്നറിയപ്പെട്ടിരുന്ന ആഴമേറിയ ഗര്‍ത്തം. കടലിലെ ഭീമന്‍മാരായ രാക്ഷസ ജീവികള്‍ മുതല്‍ മായന്‍ സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ വരെ ഈ ഗര്‍ത്തത്തിലുണ്ടെന്നു വിശ്വസിച്ചിരുന്നവരുണ്ട്. ഏതായാലും ഈ ഊഹാപോഹങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ടാണ് ദി ഗ്രേറ്റ് ബ്ലൂ ഹോളിലേക്കുള്ള യാത്ര ഒരു സംഘം ഗവേഷകര്‍ പൂര്‍ത്തിയാക്കിയത്. 

കടല്‍ സത്വങ്ങളെയും പൗരാണിക ജീവികളെയുമൊന്നും കണ്ടെത്താനായില്ലെങ്കിലും വിലപ്പെട്ട ചില കണ്ടെത്തലുകള്‍ ഈ പര്യവേഷണത്തിലൂടെ സാധിച്ചു. ശംഖുകളുടെ അദ്ഭുതപ്പെടുത്തുന്ന അളവിലുള്ള ശേഖരം കണ്ടെത്തിയതു മുതല്‍ ഗ്രേറ്റ് ബ്ലൂ ഹോള്‍ ഒരിക്കല്‍ കരയുടെ ഭാഗമായിരുന്നുവെന്ന തിരിച്ചറിവിനു വരെ ഈ യാത്ര കാണമായി. സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ ഗര്‍ത്തിന്‍റെ ആഴമളന്ന ശേഷമാണു പ്രത്യേക അന്തര്‍വാഹിനിയില്‍ ഗവേഷകര്‍ ഗ്രേറ്റ് ബ്ലൂ ഹോളിന്‍റെ അടിത്തട്ടിലേക്കു യാത്ര ചെയ്തത്. 125 മീറ്ററായിരുന്നു ഈ ഗര്‍ത്തത്തിന്‍റെ ആഴം.

ഒരിക്കല്‍ കരയുടെ ഭാഗമായിരുന്ന ഗര്‍ത്തം

ഏതാണ്ട് 15000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ തുരങ്കത്തില്‍ കടല്‍ ജലം കയറി നിറഞ്ഞത്. അതുവരെ ബ്ലൂ ഹോളും അതിനു ചുറ്റമുള്ള പ്രദേശവും വരണ്ട കരഭാഗമായിരുന്നു. അന്ന് ഇന്നുള്ളതിലും ഏതാണ്ട് 100 മീറ്ററോളം താഴ്ന്നായിരുന്നു കടല്‍ നിരപ്പു സ്ഥിതി ചെയ്തിരുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇക്കാര്യം ഗ്രേറ്റ് ബ്ലൂ ഹോളിന്‍റെ ഉള്ളിലെ കാഴ്ചകളില്‍ നിന്നു വ്യക്തമാണെന്ന് പര്യവേഷണത്തില്‍ പങ്കെടുത്ത ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കരയായിരുന്ന പ്രദേശങ്ങളിലെ ഭൂഭാഗത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. പക്ഷെ ഈ പ്രദേശങ്ങളിലെല്ലാം ഇപ്പോള്‍ സമുദ്ര ജീവികള്‍ താമസമാക്കിയിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമായി.

ഗ്രേറ്റ് ബ്ലൂ ഹോളിന്‍റെ ആഴത്തിലേക്കു പോകുമ്പോള്‍ ഓരോ ഘട്ടത്തിലും ഗവേഷകരെ കാത്തിരുന്നത് വ്യത്യസ്ത കാഴ്ചകളാണ്. ഗര്‍ത്തത്തിന്‍റെ മുകള്‍ഭാഗത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വിവിധ ജീവികളെയും മറ്റും കണ്ടെത്തിയെങ്കിലും താഴേക്കു പോകും തോറും ജീവികളുടെ സാന്നിധ്യം കുറഞ്ഞു വന്നു. 80 മീറ്റര്‍ ആഴത്തില്‍ കാല്‍സ്യം കാര്‍ബണേറ്റിന്‍റെ വലിയൊരു ശേഖരവും ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ ആഴത്തിലേക്കു പോയപ്പോള്‍ ഗര്‍ത്തത്തിന്‍റെ അടിത്തട്ടിനോടു ചേര്‍ന്ന് കക്ക, ശംഖ് വിഭാകഗത്തില്‍ പെട്ട ജീവികളുടെ വലിയൊരു ശവപ്പറമ്പാണ് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. ശംഖുകളും മറ്റും കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണു കാണപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു.

ലോകത്തെ ആഴമേറിയ മാലിന്യക്കുഴി

The Blue Hole

മാലിന്യക്കുഴിയെന്നാണ് ഗ്രേറ്റ് ബ്ലൂ ഹോളിന്‍റെ ഉള്‍വശത്തെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇതിനു കാരണം ഇവിടുത്തെ മാലിന്യത്തിന്‍റെ അളവല്ല മറിച്ച് ഓക്സിജന്‍റെ അഭാവമാണ്. പൂജ്യത്തോട് അടുത്തു നില്‍ക്കുന്ന അളവിലാണ് ഇവിടുത്തെ ഓക്സിജന്‍റെ ലഭ്യത. സമുദ്രത്തില്‍ ഓക്സിജന്‍റെ ലഭ്യത ഏറ്റവും കുറഞ്ഞ ഭാഗം ഒരു പക്ഷെ ഇതായിരിക്കുമെന്നാണു കരുതുന്നത്. പക്ഷെ ഈ പ്രദേശത്തു നിന്ന് മറ്റൊരു നിര്‍ണായക കണ്ടെത്തല്‍ കൂടി സാധ്യമായി. ജീവികള്‍ ഇഴഞ്ഞു നീങ്ങിയതിന്റെ അടയാളങ്ങളായിരുന്നു ഈ കണ്ടെത്തല്‍.

പക്ഷെ ഈ കാല്‍പ്പാടുകള്‍ ഏതെങ്കിലും അപൂര്‍വജീവികളുടേത് ആയിരുന്നില്ല. ഇത്രയും ആഴത്തില്‍ ജീവന്‍ തഴച്ചു നില്‍ക്കുന്നതിനുള്ള തെളിവും ആയിരുന്നില്ല. മറിച്ച് ഈ ആഴത്തില്‍ ശേഷിക്കുന്ന ജീവനുകള്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെട്ടതിന്‍റെ തെളിവുകളായിരുന്നു ഈ അടയാളങ്ങള്‍. കക്കകളും, ശംഖുകളും പോലുള്ള ജീവികള്‍ ഗര്‍ത്തത്തില്‍ നിന്ന് ഇഴഞ്ഞു കയറാന്‍ ശ്രമിച്ചപ്പോഴാണ് ഈ പാടുകള്‍ രൂപപ്പെട്ടതെന്നു ഗവേഷകര്‍ വിലയിരുത്തുന്നു. അബദ്ധത്തില്‍ ഈ ഗര്‍ത്തത്തിലേക്കു വീണു പോകുന്നവയാകും ഈ ജീവികള്‍. അടിത്തട്ടിലെത്തിയ ശേഷം ഓക്സിജനില്ലാത്ത സാഹചര്യത്തില്‍ ജീവിക്കാന്‍ കഴിയാതെ തിരികെ കയറാന്‍ നടത്തുന്ന ശ്രമത്തിലാകും ഈ പാടുകള്‍ രൂപപ്പെട്ടതെന്നാണു കരുതുന്നത്. പക്ഷെ ഇവയെല്ലാം ഇത്ര ദൂരം കയറാനാകാതെ ചത്തു വീണതിനാലാണ് ഈ ഇനത്തില്‍ പെട്ട ജീവികളുടെ ശവക്കൂന രൂപപ്പെട്ടതെന്നും ഗവേഷകര്‍ കരുതുന്നു. 

സബ്മറൈന്‍ പൈലറ്റായ എറിക ബര്‍ഗ്‌മാന്‍, യാത്രികനും ഈ ഗവേഷണത്തിന്‍റെ സ്പോണ്‍സറുമായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ഗവേഷകനായ ഫാബിയന്‍ കോസ്റ്റോ എന്നിവരാണ് ബ്ലൂ സിങ്ക് ഹോളിന്‍റെ അടിത്തട്ടിലേക്കു പോയവര്‍. ഇതാദ്യമായാണ് മനുഷ്യര്‍ ബ്ലൂ സിങ്ക് ഹോളിന്‍റെ അടിത്തട്ടിലേക്കു യാത്ര നടത്തുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ ബെലിസ് തീരത്തായാണ് ഈ ബ്ലൂ സിങ്ക് ഹോള്‍ സ്ഥിതി ചെയ്യുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA