ADVERTISEMENT

നിങ്ങള്‍ ആത്മാർഥമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അതു സാധിച്ചു തരാന്‍ പ്രപഞ്ചം മുഴുവന്‍ നിങ്ങളെ സഹായിക്കുമെന്നത് പൗലോ കൊയ്‌ലോയുടെ വരികളാണ്. ആരൊക്കെ ഈ വരികളില്‍ ഇനി സംശയം പ്രകടിപ്പിച്ചാലും ഓസ്ട്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ ഇനി അതിനു തുനിയില്ല. കാരണം വര്‍ഷങ്ങളായി അവര്‍ അന്വേഷിച്ചു നടന്ന ജെല്ലി ഫിഷാണ് ഒടുവില്‍ അവരെ തേടി തീരത്തടിഞ്ഞത്.

ഒന്നര മീറ്റര്‍ വലുപ്പമുള്ള ജെല്ലി ഫിഷ്

ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ തീരത്താണ് കൂറ്റന്‍ ജെല്ലി ഫിഷ് കരയ്ക്കടിഞ്ഞത്. ചത്തു തീരത്തടിഞ്ഞ ഈ ജെല്ലി ഫിഷിനെ ആദ്യം കണ്ടെത്തിയത് ഹൗഡന്‍  ബീച്ചിലേക്കെത്തിയ ഒരു കുടുംബമാണ്. ജെല്ലി ഫിഷിന്‍റെ വലുപ്പം കണ്ട അവര്‍ അമ്പരന്നു. ഒപ്പം പ്രദേശത്തെ കോസ്റ്റ് ഗാര്‍ഡിനെയും വിവരമറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് ആദ്യം ജെല്ലി ഫിഷിനെ നീക്കം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതിന്‍റെ വലുപ്പം പരിഗണിച്ച് ഓസ്ട്രേലിയന്‍ ശാസ്ത്ര ഗവേഷണ വിഭാഗമായ സിഎസ്ഐആര്‍ഒയെ അറിയിച്ചു. ബിച്ചിലെത്തിയ ഇവർ ജെല്ലി ഫിഷിന്‍റെ സ്പെസിമെന്‍ എടുക്കാന്‍ തുടങ്ങുമ്പോഴാണ് അമ്പരന്നത്.

ജെല്ലി ഫിഷിനെ അന്വേഷിച്ചുള്ള യാത്ര.

കോമണ്‍ വെല്‍ത്ത് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (CSIRO) എന്നത് ഓസ്ട്രേലിയയുടെ ഔദ്യോഗിക ശാസ്ത്ര ഗവേഷണ ഏജന്‍സിയാണ്. ഓസ്ട്രേലിയന്‍ തീരത്തു കാണപ്പെടുന്ന അസാധാരണ വലുപ്പമുള്ള ജല്ലിഫിഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നവരാണ് ഇവര്‍. കടലില്‍ മത്സ്യബന്ധനം നടത്തുന്നവരും ഡൈവിങ്ങിനിറങ്ങുന്നവരും പലപ്പോഴും ഈ ജെല്ലിഫിഷിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ ഗവേഷകര്‍ക്ക് ഇതുവരെ ഈ ജെല്ലി ഫിഷ് പിടി കൊടുത്തിരുന്നില്ല.

അതുകൊണ്ട് തന്നെ ഈ ജെല്ലിഫിഷിനെ പരിശോധനയ്ക്കു വിധേയമാക്കാനോ ഇവ ഏത് ജനുസ്സില്‍ പെട്ടവയാണെന്നു തിരിച്ചറിയാനോ ഗവേഷകര്‍ക്കിതു വരെ സാധിച്ചിരുന്നില്ല. ഇത്തരമൊരു ജല്ലിഫിഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചറിയാം എന്നല്ലാതെ മറ്റൊരു വിവരവും ലഭിക്കാതെ ഗവേഷകര്‍  മടുത്തിരിക്കുമ്പോഴാണ് ജല്ലിഫിഷിന്‍റെ ശരീരം ഇവരെ തേടിയെത്തിയത്.

അസാധാരണ വലുപ്പം

ഓസ്ട്രേലിയന്‍ തീരത്തു കാണപ്പെടുന്ന ജെല്ലി ഫിഷുകളേക്കാള്‍ അസാധാരണമായ വലുപ്പം ഈ  ജെല്ലിഫിഷിനുണ്ടെന്നു ഗവേഷകര്‍ പറയുന്നു. പലരും വലുപ്പമുള്ള ജെല്ലിഫിഷ് എന്നു പറയുമ്പോഴും ഇത്രയേറം വലിപ്പമുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്ന് ഇവയെക്കുറിച്ചു പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ ലിസാ ആന്‍ ഗ്രെഷ്‍വിന്‍ പറയുന്നു. 20 വര്‍ഷമായി ലിസ ജെല്ലിഫിഷുകളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.  ഈ ഇനത്തില്‍ പെട്ട ജെല്ലി ഫിഷ് മുന്‍പ് ശാസ്ത്രലോകത്തിന്‍റെ മുന്നിലേക്കെത്തിയിരുന്നില്ലെന്നും ലിസ പറഞ്ഞു. ഈ ജെല്ലി ഫിഷിന് നല്‍കാന്‍ പേരു കണ്ടെത്തിയെന്നു പറയുന്ന ലിസ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷമെ അതു വെളിപ്പെടുത്തൂവെന്നും വ്യക്തമാക്കി.

ജെല്ലി ഫിഷിനെ കണ്ടെത്തിയ കുടുംബം

12 വയസ്സുകാരനായ സേവ്യര്‍ ലിം ആണ് ജെല്ലി ഫിഷിനെ ബീച്ചില്‍ കണ്ടെത്തിയത്. ആദ്യം പായല്‍ പരന്നു കിടക്കുകയാണെന്നു തെറ്റിധരിച്ചെങ്കിലും ശരീരത്തിന്‍റെ നേരിയ സുതാര്യത ആണ് ഇതു ജെല്ലി ഫിഷാണെന്ന് തിരിച്ചറിയാന്‍ സേവ്യറിനെ സഹായിച്ചത്. സഹോദരിക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഹൗഡന്‍ ബീച്ച് സന്ദര്‍ശിക്കാനെത്തിയതായിരുന്നു സേവ്യര്‍. ജെല്ലി ഫിഷിനെ തൊട്ടു നോക്കിയ സേവ്യര്‍ താന്‍ ഇന്നുവരെ സ്പര്‍ശിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മൃദുവായ വസ്തുവായി തോന്നിയെന്നും പറയുന്നു. ജീവിയുടെ അസാധാരണ വലുപ്പം കണക്കിലെടുത്താണ് സേവ്യര്‍ ലീയുടെ അച്ഛന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചത്. 

സേവ്യര്‍ ലീയുടെ കുടുംബം നടത്തിയ ഇടപെടലിനെ ഗവേഷകരും നന്ദിയോടെ ഓര്‍ക്കുന്നു. ഒരു പക്ഷെ അപ്പോള്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചിരുന്നില്ലെങ്കിൽ ഇതിന്റെ ശരീരം വലിയൊരു തിരയില്‍ പെട്ടു കടലിലേക്കു പോകുകയോ ഇല്ലെങ്കില്‍ നായ്ക്കള്‍ കടിച്ചു കീറിയോ ജെല്ലിഫിഷിനെ കണ്ടെത്താതെ പോയേനെ. എങ്കില്‍ ഈ കൂറ്റന്‍ ജെല്ലിഫിഷിനു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടര്‍ന്നേനെയെന്നും ഗവേഷകർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com