sections
MORE

അപൂർവ പവിഴപ്പുറ്റ് ശേഖരം ഒളിപ്പിച്ചു വച്ച് ഇറ്റാലിയന്‍ തീരം; അമ്പരന്ന് ഗവേഷകർ!

Coral reef
SHARE

ചരിത്രത്തിലാദ്യമായാണ് ഇറ്റാലിയന്‍ തീരത്ത് ഗവേഷകര്‍ പവിഴപ്പുറ്റ് ശേഖരം കണ്ടെത്തുന്നത്. വര്‍ണവൈവിധ്യവും ജൈവസമ്പത്തുമെല്ലാം നിറഞ്ഞതാണെങ്കിലും ഈ പവിഴപ്പുറ്റ് ശേഖരം ലോകത്തെ മറ്റിടങ്ങളില്‍ കാണപ്പെടുന്നവയെ പോലെയല്ലെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമധ്യരേഖാപ്രദേശത്തോടു ചേര്‍ന്നു കാണപ്പെടുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് പോലുള്ള ട്രോപ്പിക്കല്‍ കോറല്‍ വിഭാഗത്തില്‍ മാത്രമല്ല യൂറോപ്പിലെ തന്നെ പവിഴപ്പുറ്റുകളില്‍ നിന്നും ഇറ്റലിയില്‍ കണ്ടെത്തിയവയ്ക്ക് കാര്യമായ വ്യത്യാസങ്ങളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

സ്ഥിതി ചെയ്യുന്നത് അരണ്ട വെളിച്ചത്തില്‍

ബാരി അല്‍ഡോ മോറോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പവിഴപ്പുറ്റ് ശേഖരം കണ്ടെത്തിയത്.  രാജ്യത്തെ തീരപ്രദേശത്തു കണ്ടെത്തുന്ന ആദ്യ പവിഴപ്പുറ്റുകള്‍ കൂടിയാണിത്. അഡ്രിയാട്ടിക് കടലിനു സമാന്തരമായി ഏതാണ്ട് 2.5 കിലോമീറ്റര്‍ ദൂരത്തിലാണ് ഇവ വ്യാപിച്ചു കിടക്കുന്നത്. മൊണോപൊളി എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തോടു ചേര്‍ന്നാണ് ഈ പവിഴപ്പുറ്റ് സമൂഹം സ്ഥിതി ചെയ്യുന്നത്.

30 മുതല്‍ 55 മീറ്റര്‍ വരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പവിഴപ്പുറ്റുകള്‍ക്ക് സൂര്യപ്രകാശം കാര്യമായി ലഭിക്കുന്നില്ല. അതിനാല്‍ തന്നെ അരണ്ട വെളിച്ചത്തിലാണ് ഈ പവിഴപ്പുറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് ഇവയ്ക്ക് സൂര്യപ്രകാശം ഏതാണ്ട് പൂര്‍ണമായും അന്യമാകുമെന്നും ഗവേഷകര്‍ പറയുന്നു. പക്ഷേ സൂര്യപ്രകാശത്തിന്‍റെ അഭാവത്തിലും ഇവയെ വളരാന്‍ അനുവദിക്കുന്നു. ഇവയ്ക്ക് ആവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നത് തികച്ചും വ്യത്യസ്തതമായ സ്രോതസില്‍ നിന്നാണ്.

ഗ്രേറ്റ് ബാരിയര്‍ റീഫ് ഉള്‍പ്പടെ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന പ്രദേശത്തെ പവിഴപ്പുറ്റുകള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് അവയ്ക്കുള്ളില്‍ തന്നെ വസിക്കുന്ന ആല്‍ഗകകളില്‍ നിന്നാണ്. സൂര്യപ്രകാശമാണ് ഈ അല്‍ഗകളെ പവിഴപ്പുറ്റുകളില്‍ ജീവിക്കാന്‍ സഹായിക്കുന്നതും. എന്നാല്‍ സൂര്യപ്രകാശത്തിന്‍റെ അഭാവം മൂലം തന്നെ ഇറ്റലിയിലെ ഈ പവിഴപ്പുറ്റുകളില്‍ ഇത്തരം ആല്‍ഗകളെ കാണാനാകില്ല. അതുകൊണ്ട് തന്നെ മറ്റ് മെഡിറ്ററേനിയന്‍ പവിഴപ്പുറ്റുകളെ പോലെ ഇവയും ഊര്‍ജം കണ്ടെത്തുന്നത് സമുദ്രത്തില്‍ ഒഴുകി നടക്കുന്ന ജൈവ പദാര്‍ത്ഥങ്ങളില്‍ നിന്നാണ്.

നിറം കുറവ് പക്ഷെ ആയുസ്സ് കൂടും

Coral reef

പക്ഷെ ഇങ്ങനെ സൂര്യപ്രകാശത്തിന്‍റെ അപര്യാപ്തതയില്‍ വളരുന്നതിനാല്‍ തന്നെ ഭൂമധ്യരേഖാപ്രദേശത്തെ പവിഴപ്പുറ്റുകളേക്കാള്‍ ചില പോരായ്മകളും ഗുണങ്ങളും മെഡിറ്ററേനിയന്‍ പവിഴപ്പുറ്റുകള്‍ക്കുണ്ട്. നിറത്തിന്‍റെ കാര്യത്തില്‍ സമ്പന്നരാണെങ്കിലും മറ്റ് പിഴപ്പുറ്റുകളേക്കാള്‍ അല്‍പ്പം മങ്ങിയ വിറത്തിലായിരിക്കും ഇറ്റലിയിലേത് ഉള്‍പ്പടെയുള്ള മെഡിറ്ററേനിയന്‍ കോറലുകള്‍ കാണപ്പെടുക. പക്ഷെ ജൈവസമ്പത്ത് ഇരു പവിഴപ്പുറ്റുകളിലും ഒരു പോലെയാണ്. 

ഇതോടൊപ്പം തന്നെ ഭൂമധ്യരേഖാ പ്രദേശത്തെ പവിഴപ്പുറ്റുകള്‍ക്ക് നിറം നല്‍കുന്നതും അവയ്ക്കു ഭക്ഷണം നല്‍കുന്ന അതേ ആല്‍ഗകളാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് അവ ഊര്‍ജം ഉൽപാദിപ്പിക്കുന്നത്. എന്നാല്‍ കടലിന്‍റെ താപനില വർധിക്കുന്നതോടെ ഈ ആല്‍ഗകള്‍ മരിക്കുന്നു. ഇതോടെ പവിഴപ്പുറ്റുകള്‍ക്ക് ഇവയുടെ നിറം നഷ്ടമാകാന്‍ തുടങ്ങുന്നു. ഒപ്പം ഊര്‍ജ ലഭ്യതയും ഇല്ലാതാകുന്നു.  ഇതാണ് കോറല്‍ ബ്ലീച്ചിങ് എന്ന പ്രതിഭാസം.

പക്ഷെ മെഡിറ്ററേനിയന്‍ കോറലുകളില്‍ ഈ പ്രതിഭാസം ഉണ്ടാകില്ലെന്നാണു ഗവേഷകര്‍ വിലയിരുത്തുന്നത്. കാരണം ഈ കോറലുകള്‍ അഥവാ പവിഴപ്പുറ്റുകള്‍ ഭക്ഷണം കണ്ടെത്തുന്നത് പുറമെ നിന്നാണ്. അതുകൊണ്ടു തന്നെ ചെറിയ താപനില വർധനവ് ഉണ്ടായാലും ഇവയുടെ നിറത്തെയോ ഭക്ഷണ ഉൽപാദനത്തെയോ ഈ മാറ്റം ബാധിക്കില്ലെന്ന് ഗവേഷകര്‍ വിവരിക്കുന്നു. 

കടലിലെ നിത്യഹരിത വനങ്ങള്‍

സമുദ്രത്തിലെ നിത്യഹരിത വനങ്ങള്‍ എന്നാണ് പവിഴപ്പുറ്റുകളെ വിളിക്കുന്നത്. ഇവയുടെ പരിസ്ഥിതി പ്രാധാന്യവും ജൈവസമ്പത്തും കണക്കിലെടുത്താണ് ഈ പേരു നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകള്‍ നശിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തന്നെ പുതിയതായി കണ്ടെത്തിയ ഇറ്റലിയിലെ പവിഴപ്പുറ്റുകളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പവിഴപ്പുറ്റ് കണ്ടെത്തിയ മേഖലയെ ബയോ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് മൊണോപൊളി നഗര വിഭാഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA