ADVERTISEMENT

പ്ലാസ്റ്റിക് മലിനീകരണം, തിമിംഗല വേട്ട, പവിഴപ്പുറ്റുകളുടെ നാശം ഇങ്ങനെ സമുദ്രത്തില്‍ നിന്ന് ഒന്നിനു പുറകെ ഒന്നായി ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. എന്നാല്‍ ഇതിനിടെ ഇടയ്ക്കെങ്കിലും സന്തോഷം നല്‍കുന്ന കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ട്. ഇവയിലൊന്നാണ് ഗ്രീന്‍ ടര്‍ട്ടില്‍സ് എന്ന പച്ച നിറമുള്ള ആമകളുടെ എണ്ണം വർധിക്കുന്നുവെന്നത്. പസിഫിക്കിലെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ ജീവിക്കുന്ന ഈ ആമകള്‍ക്ക് ഗ്രീന്‍ ടര്‍ട്ടില്‍ എന്ന പേരു ലഭിക്കാന്‍ കാരണം അവയുടെ പുറം തോടിനകത്ത് കാണപ്പെടുന്ന പച്ച നിറത്തിലുള്ള കൊഴുപ്പാണ്.

പ്ലോസ് വണ്‍ എന്ന ജേര്‍ണലില്‍ പ്രസിധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഗ്രീന്‍ ടര്‍ട്ടിലുകളുടെ എണ്ണം വർധിച്ചിരിക്കുന്നതായി പറയുന്നത്. ഭംഗിയുള്ള ആമത്തോടുകള്‍ക്ക് വേണ്ടി മനുഷ്യരാല്‍ വ്യാപകമായി വേട്ടയാടപ്പെടുന്ന ജീവിയാണ് ഗ്രീന്‍ ടര്‍ട്ടില്‍. ഐയുസിഎന്‍ പട്ടികയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഗ്രീന്‍ ടര്‍ട്ടിലുകളെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ ടര്‍ട്ടിലുകള്‍ മാത്രമല്ല സമാനമായ ആവശ്യങ്ങള്‍ക്കു വേണ്ടി വേട്ടയാടപ്പെട്ടിരുന്ന ഹോക്സ്ബില്‍ ഇനത്തില്‍ പെട്ട ആമകളും തിരിച്ചു വരവിന്‍റെ പാതയിലാണെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.

Green Turtle

ആമകളുടെ കണക്കെടുപ്പ്

കഴിഞ്ഞ 13 വര്‍ഷത്തെ കണക്കുകളെ ആസ്പദമാക്കിയാണ് ഗ്രീന്‍ ടര്‍ട്ടിലുകളുടെ എണ്ണം വർധിക്കുന്നുവെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. പസിഫിക്കിലെ 53 ദ്വീപുകളിലും പവിഴപ്പുറ്റുകളിലും സമുദ്രത്തിലുമായി സഞ്ചരിച്ചാണ് ഗവേഷകര്‍ ഗ്രീന്‍ ടര്‍ട്ടിലുകളുടെ ഇപ്പോഴത്തെ എണ്ണം കണ്ടെത്തിയത്. അതീവ സാഹസികത നിറഞ്ഞതായിരുന്നു ആമകളുടെ എണ്ണം എടുക്കാനുള്ള ഈ യാത്രയെന്ന് ഗവേഷകര്‍ പറയുന്നു. 

മെല്ലെ പോകുന്ന ഒരു ബോട്ടിനു പുറകില്‍ ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ഡൈവര്‍മാരാണ് കണക്കെടുപ്പു നടത്തുന്നത്. സമുദ്രത്തിനടിയില്‍ 15 മീറ്റര്‍ ആഴത്തിലാണ് ഇവര്‍ സഞ്ചരിക്കുക. സഞ്ചരിക്കുന്നതിനിടയില്‍ കടലിനടിയില്‍ ഏത് ജീവിയെ കണ്ടാലും ഇവര്‍ രേഖപ്പെടുത്തും. ഇങ്ങനെ ഏകദേശം 7300കിലോമീറ്ററാണ് പല ഘട്ടങ്ങളിലായി ഗവേഷകര്‍ സഞ്ചരിച്ചത്. ഇതിനിടയില്‍ 3400 ല്‍ അധികം ഗ്രീന്‍ ടര്‍ട്ടിലുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഗ്രീന്‍ ടര്‍ട്ടിലുകളെ സംരക്ഷിക്കാനുള്ള ഗവേഷകരുടെ ശ്രമങ്ങള്‍ വിജയകരമായെന്നാണ് ഇവയുടെ എണ്ണത്തിലുണ്ടായ വർധനവ് തെളിയിക്കുന്നത്. പ്രത്യേകിച്ചും ഹവായിയുടെ തെക്കായി സ്ഥിതി ചെയ്യുന്ന പസിഫിക്കിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ സമൂഹത്തിന്‍റെ പരിസരത്ത്. മനുഷ്യരുടെ ഇടപെടല്‍ കുറവുള്ള  ഈ മേഖലയില്‍ ഗ്രീന്‍ ടര്‍ട്ടിലുകളുടെ എണ്ണത്തില്‍ 4 ഇരട്ടി വർധനവാണുണ്ടായത്. മലിനീകരണവും എണ്ണഖനനവും വിനോദസഞ്ചാരവും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പടെയുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ഈ വർധനവെന്നതും ശ്രദ്ധേയമാണ്.

hawksbill-turtle

ഹോക്സ്ബില്‍ ആമകള്‍

അതേസമയം ഗ്രീന്‍ ടര്‍ട്ടിലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോക്സ്ബില്‍ ആമകളുടെ എണ്ണത്തിലുണ്ടായ വർധനവു കുറവാണ്.  13 വര്‍ഷത്തിനിടെ ഹോക്സ്ബില്‍ ആമകളുടെ എണ്ണത്തിലുണ്ടായ വർധനവിന്‍റെ 11 ഇരട്ടിയിലധികം വർധനവാണ് ഗ്രീന്‍ ടര്‍ട്ടിലുകളുടെ എണ്ണത്തിലുണ്ടായത്. ഒരു പക്ഷേ പ്രതികൂല സാഹചര്യങ്ങളോടു പൊരുതാനും പൊരുത്തപ്പെടാനും രണ്ട് ആമ വര്‍ഗങ്ങള്‍ക്കുമുള്ള കഴിവിന്‍റെ വ്യത്യാസമായിരിക്കും ഇവയുടെ എണ്ണത്തിലും പ്രതിഫലിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ ആമത്തോടുകള്‍ക്ക് വേണ്ടിയുള്ള വേട്ടയുടെ പ്രധാന ഇരയും ഹോക്സ്ബില്‍ ആമകളാണ്. തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഇവയുടെ പ്രധാന മാര്‍ക്കറ്റുമാണ്. ഈ സാഹചര്യത്തില്‍ ഇവയുടെ വേട്ട നിയന്ത്രിക്കാനാകാത്തതും പ്രതീക്ഷിച്ച രീതിയില്‍ ഹോക്സ്ബിലുകളുടെ എണ്ണം വർധിക്കാത്തതിനു കാരണമാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com