ADVERTISEMENT

പ്രകൃതി വിഭവങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒരു നഗരം. അവിടെ ഇലക്ട്രിക് ബൾബുകളുണ്ടാകില്ല. പകരം സൗരോർജം. എസിക്കു പകരം തണുപ്പു പകരാനുണ്ടാവുക പലതരം വൃക്ഷങ്ങളുടെ തണൽ. റോഡില്ല, അതിനാൽത്തന്നെ വാഹനങ്ങൾക്കും പ്രവേശനമില്ല. യുഎസിലെ അരിസോണ മരുഭൂമിയിലാണ് പൗലോ സൊലേരി എന്ന ഇറ്റാലിയൻ ആർക്കിടെക്ടിന്റെ ആശയത്തിൽ വിരിഞ്ഞ ഈ ‘പരീക്ഷണ’ നഗരം– പേര് അര്‍കോസന്റി. കെട്ടിടനിർമാണ രംഗത്തു വൻ വിപ്ലവം ലക്ഷ്യമിട്ട് സൊലേരി ആരംഭിച്ച ഈ പ്രോജക്ട് പക്ഷേ എങ്ങുമെത്താതെ ഇല്ലാതാവുകയായിരുന്നു. 50 വർഷത്തോളം ഈ സ്വപ്ന നഗരത്തിനു വേണ്ടി ഒട്ടേറെ പേർ പരിശ്രമിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കാനായത് 5 ശതമാനം മാത്രം. 

അതിനിടയിലാകട്ടെ ലോകത്തെ പല രാജ്യങ്ങളും സൊലേരിയുടെ ആശയം കടമെടുത്ത് പരിസ്ഥിതിയോടു ചേർന്നു നിൽക്കുന്ന ഒട്ടേറെ നഗരസമുച്ചയങ്ങൾ നിർമിക്കുകയും ചെയ്തു. ഖത്തർ, സൗദി, മലേഷ്യ എന്നിവ ഉദാഹരണം. സഞ്ചാരത്തിനു കാറുകളോ റോഡോ പോലും ഉപയോഗിക്കാതെ എല്ലാത്തരത്തിലും ഒരു പ്രകൃതിജീവനമായിരുന്നു സൊലേരി അര്‍കോസന്റിയിൽ ലക്ഷ്യമിട്ടത്. അദ്ദേഹവും ഭാര്യയും ചേർന്നു രൂപീകരിച്ച കോസന്റി ഫൗണ്ടേഷനായിരുന്നു നഗരത്തിന്റെ നിർമാണത്തിനു പിന്നിൽ. ആയിരങ്ങൾക്കു വാസസ്ഥാനമാകുമെന്നു കരുതിയ ഇവിടം ഇപ്പോൾ പ്രേതനഗരത്തിനു തുല്യമാണ്. എങ്കിലും ‘ഹിപ്പി’ ജീവിതം നയിക്കുന്നവർ ഇപ്പോഴും ഇവിടെയുണ്ട്. ഇടയ്ക്കിടെ മ്യൂസിക് ഷോകളും മറ്റും നടത്തി അവർ അർകോസന്റി നഗരത്തിനെ സജീവമായി നിലനിർത്തുന്നുമുണ്ട്. 

Buildings at Arcosanti

എന്നാൽ പുറംലോകത്തുള്ളവർക്ക് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത വിധം പ്രയാസമേറിയതാണിവിടത്തെ ജീവിതം. വർഷങ്ങളായി ഇതേ ജീവിതം തുടരുന്നതിനാൽ അർകോനോട്ടുകൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രദേശവാസികൾക്കു മാത്രം യാതൊരു പരാതിയുമില്ല. ആരാധനാ കഥാപാത്രമായ സൊലേരിയുടെ സ്വപ്നം തങ്ങളാലാകും വിധം നിലനിർത്താനുള്ള ശ്രമങ്ങളുമുണ്ട്. റോഡുകളോ കാറോ ഉപയോഗിക്കാത്ത അർബൻ ഡിസൈനിങ് 1960കളിൽ ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. പക്ഷേ ഇന്നും പുറത്തുനിന്നുള്ളവർക്ക് ഇങ്ങോട്ടു വരണമെങ്കില്‍ കാർമാർഗം മാത്രമേയുള്ളൂ വഴി. 

അരിസോണയുടെ ഭാഗമായ സൊനോരാൻ മരുഭൂമിയിലായിരുന്നു സൊലേരി അർകോസന്റി നഗരത്തിന്റെ നിർമാണത്തിനു തുടക്കമിടുന്നത്. 1970ൽ ആദ്യമായി ഒരു കെട്ടിടം അർകോസന്റിയിൽ നിർമാണം ആരംഭിച്ചു. മണ്ണിനോടു ചേർന്ന് കമാന രൂപത്തിലുള്ള കെട്ടിടങ്ങൾ ഇന്നും പലയിടത്തും കാണാം. പലതും പാതിവഴിയിൽ നിർമാണം അവസാനിപ്പിച്ചവയാണെന്നു മാത്രം. അന്ന് തന്റെ പ്രിയ നഗരത്തിന് സൊലേരി നൽകിയ പേര് ‘ദ് സിറ്റി ഇൻ ദി ഇമേജ് ഓഫ് മാൻ’ എന്നായിരുന്നു. ആ പേരിലൊരു പുസ്തകവും അദ്ദേഹം എഴുതി. 

വായ്പയെടുത്താണ് സൊനോരാൻ മരുഭൂമിയിൽ ആവശ്യമായ ഭൂമി സ്വന്തമാക്കിയത്. എന്നാൽ തൊഴിലാളികൾക്കു പണം നൽകേണ്ടി വന്നില്ല. വിദ്യാർഥികളുടെയും ആർക്കിടെക്ടുമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഒപ്പം തന്നെ സഹായിക്കാൻ ചേർന്ന സമാനമനസ്കരുടെയും കൂട്ടായ്മയെ മരുഭൂമിയിലേക്കു ക്ഷണിച്ചു. അവർക്കു പരിശീലനം നൽകി. നിർമാണത്തിനു മേൽനോട്ടം വഹിച്ച് ടി ഷർട്ടും ട്രൗസറുമിട്ട് സൊലേരിയും. മുഴുവൻ സമയം ഒപ്പം നിന്നു. എന്നാൽ പുതിയ ആശയങ്ങൾ വരുന്നതിനനുസരിച്ച് അവ യാഥാർഥ്യമാക്കാൻ പണം വേണ്ടി വന്നു. അതോടെ നിർമാണത്തിനു വേഗം കുറഞ്ഞു, പലരും നഗരം വിട്ടു പോയി. 

Bell

ആദ്യകാലത്ത് സൊലേരിക്കൊപ്പമുണ്ടായിരുന്നവരാണ് ഇപ്പോഴുള്ളവരിൽ ഏറെയും. ‘ഭ്രാന്തൻ’ ആശയം പാതിവഴിയിൽ നിന്ന സങ്കടത്തിലാണ് അര്‍കോസന്റി വർക്ക് ഷോപ്പിലെ പലരും സ്ഥലംവിട്ടത്. 2013ൽ സൊലേരി അന്തരിച്ചു. ഇക്കഴിഞ്ഞ 25 വർഷത്തിനിടെ ഒരു പുതിയ കെട്ടിടം പോലും നഗരത്തിൽ ഉയർന്നിട്ടില്ല. കർ‍ട്ടനില്ലാത്ത ജനലുകൾ, പൂട്ടില്ലാത്ത വാതിലുകൾ, ചുറ്റിലും ചെടികൾ... ഇന്നും ഈ രീതിയിലാണ് അർകോസന്റിയിലെ ജീവിതം. രാത്രിയായാൽ പേടി തോന്നുമെന്ന് ഇവിടെ താമസിച്ച അനുഭവമുള്ളവർ കുറിക്കുന്നു. പക്ഷേ കൃത്യമായ ഫണ്ടിങ്ങും മികച്ച ആശയവുമുള്ള ആരെങ്കിലും ഇടപെടുകയാണെങ്കിൽ ഈ പ്രേതനഗരത്തെ വീണ്ടെടുക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 

കോസന്റി ഫൗണ്ടേഷൻ ഇന്നും പ്രവർത്തിക്കുന്നുണ്ട്. ഇതിനു കീഴിൽ പലതരം ജോലിയെടുത്ത് എൺപതോളം പേരും ഇവിടെ താമസിക്കുന്നു. കെട്ടിടം പരിപാലിക്കുന്നതിനും മറ്റു ജോലികൾക്കും ഇവർക്കു പണം ലഭിക്കും. ഒപ്പം ഫൂഡ് കൂപ്പണുകളും അവയില്‍ ഡിസ്കൗണ്ടുമെല്ലാമുണ്ട്. ഇവിടെ നിന്നു നിർമിക്കുന്ന ബ്രോൺസ് ബെല്ലുകൾ പ്രശസ്തമാണ്. നഗരത്തിലേക്കുള്ള പ്രധാന വരുമാനമാര്‍ഗവും ബെൽ വിൽപനയാണ്. ആഴ്ചയിൽ 75 ഡോളർ നൽകിയാൽ ഫൂഡ് ഡിസ്കൗണ്ട്, മ്യൂസിക് ലൈബ്രറി, സ്വിമ്മിങ് പൂൾ, താമസസ്ഥലം ഇതെല്ലാം എത്രവേണമെങ്കിലും ഉപയോഗിക്കാമെന്ന രീതിയുമുണ്ട്. സൊലേരിയുടെ വരകളും പലതരം ശിൽപങ്ങളുമെല്ലാം സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്റെ മേൽനോട്ടം വഹിക്കുന്നവർക്കും പണം ലഭിക്കും. നഗരത്തിൽ ഒരു പ്രദർശന ഗാലറിയുമുണ്ട്. ആഴ്ച തോറും തത്വചിന്താപരമായ ചർച്ചകള്‍, സംഗീതനിശ, പാർട്ടികൾ, വർക്ക്‌ഷോപ്പുകൾ... പുറംലോകത്തു നിന്നു മാറി ഒരു സമാന്തരജീവിതത്തിൽ ആനന്ദം കണ്ടെത്തുകയാണ് അർകോനോട്ടുകൾ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com