ADVERTISEMENT

രാക്ഷസക്കൂന്തൾ– അങ്ങനെയൊരു വിശേഷണം കേട്ടാൽ അൽപം അതിശയോക്തിയെന്നു വിളിക്കുകയേ തരമുള്ളൂ. കാരണം മലയാളികളെ സംബന്ധിച്ച് കറിച്ചട്ടിയിൽ നിറയാന്‍ തക്ക വലുപ്പമുള്ള കടൽ വിഭവങ്ങളിൽ ഒന്നു മാത്രമാണ് കൂന്തൾ. അതിന്റെ പേരിനൊപ്പം എന്തിനാണ് രാക്ഷസനെന്നൊക്കെ ചേർക്കുന്നത്? എന്നാൽ സമുദ്ര ഗവേഷകരെ സംബന്ധിച്ച് രാക്ഷസക്കൂന്തൾ ഇന്നും ഒരു അർധയാഥാർഥ്യമാണ്. അവയെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണെന്നതു തന്നെ കാരണം.

പതിനാലാം നൂറ്റാണ്ടു മുതൽ ലോകത്തെ ഞെട്ടിക്കുന്നുണ്ട് രാക്ഷസക്കൂന്തളുകൾ. കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർ പലപ്പോഴും ഇതിനെ കണ്ടതായും അവകാശപ്പെട്ടു. നീരാളിയുടേതു പോലുള്ള രാക്ഷസക്കൈകൾ നീട്ടി രാക്ഷസക്കൂന്തൾ നീന്തി വന്നതും അതിവേഗം വഞ്ചിപായിച്ചു രക്ഷപ്പെട്ടതുമായ എത്രയെത്ര കഥകൾ. മറ്റുള്ളവർ ആദ്യം ഇക്കഥകളൊന്നും വിശ്വസിച്ചില്ലെങ്കിലും തെളിവുകൾ കടൽ തന്നെ കരയിലേക്കിട്ടു കൊടുത്തു. ചത്ത രാക്ഷസക്കൂന്തളുകൾ പലപ്പോഴായി തീരത്തടിഞ്ഞു. ക്രാക്കൻ എന്ന പേരിൽ ഗ്രീക്ക് ഇതിഹാസ കഥകളിലുമുണ്ട് രാക്ഷസക്കൂന്തളുകളുടെ സ്ഥാനം. 

എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ ഇവയെ കണ്ടുകിട്ടാൻ തന്നെ ബുദ്ധിമുട്ടായി. കടലിൽ എവിടെയാണ് ഇവ ഒളിച്ചിരിക്കുന്നതെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. 2004ലാണ് രാക്ഷസക്കൂന്തളുകളുടെ ഫോട്ടോ ആദ്യമായി ഗവേഷകർക്കു ലഭിക്കുന്നത്. പിന്നെ അത്തരത്തിലൊരു ചിത്രം ലഭിക്കാൻ രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. പിന്നെയും മൂന്നു വർഷം കാക്കേണ്ടി വന്നു അടുത്ത ചിത്രത്തിന്! ഇപ്പോഴിതാ ഗവേഷകർക്കു മുന്നിൽ വീണ്ടുമെത്തിയിരിക്കുന്ന ആഴങ്ങളിലെ ആ അദ്ഭുത ജീവി. മെക്സിക്കൻ ഉൾക്കടലിലായിരുന്നു ഗവേഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ആ രംഗപ്രവേശം. യുഎസിനോട് ചേര്‍ന്ന് ഇതാദ്യമായാണ് ഇവയെ കണ്ടെത്തുന്നതും. 

നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ(എൻഒഎഎ)  നേതൃത്വത്തിൽ നടപ്പാക്കിയ പര്യവേഷണ പദ്ധതിയിലായിരുന്നു ‘രാക്ഷസന്റെ’ വരവ് തെളിഞ്ഞത്. പേര് ‘ജയന്റ് സ്ക്വിഡ്’ എന്നാണെങ്കിലും വലുപ്പത്തിൽ അത്ര ‘രാക്ഷസീയം’ ആയിരുന്നില്ല. പ്രായപൂർത്തിയാകാത്ത രാക്ഷസക്കൂന്തളായിരുന്നു വിഡിയോയിൽ പതിഞ്ഞത്. വിവിധ ഗവേഷണ സ്ഥാപനങ്ങൾ ചേർന്നായിരുന്നു മെക്സിക്കോ ഉൾക്കടലിലെ പര്യവേഷണം. ഒരു ഇ–ജെല്ലിഫിഷിന്റെ സഹായത്തോടെയായിരുന്നു രാക്ഷസക്കൂന്തളിനെ ഗവേഷകർ ക്യാമറയിൽ കുടുക്കിയത്. 

ഇരയെന്നു തെറ്റിദ്ധരിപ്പിക്കും വിധം തയാറാക്കിയ ഇലക്ട്രോണിക് ജെല്ലിഫിഷായിരുന്നു അത്. അതിനെ റോബട്ടിക് കയ്യുടെ അറ്റത്തുള്ള ക്യാമറയോടു ചേർന്നു തന്നെ ഘടിപ്പിച്ചു. സമുദ്രത്തിലെ ആഴങ്ങളിലെ ഇരുട്ടിൽ പെട്ടെന്നു തിരിച്ചറിയാനായിരുന്നു തിളങ്ങുന്ന ഇ–ജെല്ലി ഫിഷിനെ തന്നെ ഉപയോഗിച്ചത്. എന്തായാലും പ്രതീക്ഷ തെറ്റിയില്ല. ആദ്യം ഒരു മങ്ങിയ കൈ (ടെന്റക്കിൾ) ആണു വിഡിയോയിൽ കാണാനാവുക. പിന്നീട് ഇതു പല കൈകളായി. പെട്ടെന്ന് ഇരുളിൽ നിന്ന് രാക്ഷസക്കൂന്തളെത്തി ഇ–ജെല്ലിഫിഷിനെ വരിഞ്ഞു മുറുക്കി. പിടികിട്ടുന്നില്ലെന്നു മനസ്സിലായതോടെ അതിനെ ഉപേക്ഷിച്ച് സെക്കൻഡുകൾക്കം ഇരുളിലേക്കു മറയുകയും ചെയ്തു. 

കടലിനെ അടുത്തറിഞ്ഞ ഓഷ്യാനോഗ്രഫർമാർക്കു പോലും പേടിസ്വപ്നം സമ്മാനിച്ച ദിനം എന്നാണു കൂന്തളിനെ കണ്ടെത്തിയ ദിവസത്തെപ്പറ്റി സംഘം പറഞ്ഞത്. അതുപക്ഷേ രാക്ഷസക്കൂന്തളിനെ കണ്ടതു കൊണ്ടല്ല. അതിന്റെ ചിത്രം ലഭിച്ച് അരമണിക്കൂർ കഴിഞ്ഞതും ഒരുഗ്രൻ മിന്നലിൽ കപ്പലിലെ ആന്റിനകളിലൊന്ന് കത്തിപ്പോയി. അതോടെ തങ്ങൾക്കു ലഭിച്ച അപൂർവചിത്രം എന്നന്നേക്കുമായി ഇല്ലാതായിപ്പോയെന്നു പോലും അവർ കരുതി. പക്ഷേ കുഴപ്പമൊന്നും സംഭവിച്ചില്ല. അതിനോടകം ആ വിഡിയോ ദൃശ്യങ്ങൾ എൻഒഎഎയുടെ നാഷനൽ സിസ്റ്റമാറ്റിക്സ് ലാബറട്ടറിയിൽ എത്തിച്ചേർന്നിരുന്നു. അവിടത്തെ വിദഗ്ധൻ മൈൽ വെച്ചിയോണെ അതിനെപ്പറ്റിയുള്ള ചെറുവിവരണവും തിരികെ അയച്ചു. 

10 മുതൽ 12 അടി വരെ നീളമുണ്ടായിരുന്നു ആ രാക്ഷസക്കൂന്തളിന്. അങ്ങനെയാണ് അത് അത്ര പ്രായമില്ലാത്ത ഒന്നാണെന്നു തിരിച്ചറിഞ്ഞതും. പൂർണവളർച്ചയെത്തിയ രാക്ഷസക്കൂന്തളിന് 100 അടി വരെ നീളമുണ്ടാകുമെന്നാണു കരുതുന്നത്. എന്നാൽ മനുഷ്യൻ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും നീളമുള്ള രാക്ഷസക്കൂന്തളിനു വലുപ്പം 43 അടിയായിരുന്നു. രാക്ഷസക്കൂന്തളിന്റെ ശരാശരി വലുപ്പമാകട്ടെ 30–35 അടിയും. ഇവയ്ക്ക് എട്ടു കൈകളുണ്ട്, രണ്ടു നീളൻ ടെന്റക്കിളുകളും. ടെന്റക്കിളിൽ മൃഗങ്ങളെ വലിച്ചെടുക്കാൻ സഹായിക്കുന്ന തരം അവയവങ്ങളും. ലോകത്തെ ഏറ്റവും വലുപ്പമുള്ള കണ്ണുള്ള ജീവികളും ഇവയാണ്. മീനുകളെയും മറ്റു ചെറുകൂന്തളുകളെയുമൊക്കെ വിഴുങ്ങാനുള്ള സംവിധാനവും വായോടു ചേർന്നുണ്ട്. 

രാക്ഷസക്കൂന്തൾ എന്നാണു പെരെങ്കിലും കടലിലെ ഏറ്റവും വലിയ കൂന്തളുകൾ ‘കൊളോസൽ സ്ക്വിഡ്’ ആണ്. അവയെപ്പറ്റിയും പക്ഷേ ഗവേഷകരുടെ കയ്യിൽ കാര്യമായ വിവരങ്ങളൊന്നുമില്ല. ലോകത്തെ മിക്ക സമുദ്രങ്ങളിലും രാക്ഷസക്കൂന്തളുകളെ കാണാം. എന്നാൽ കൊളോസൽ കൂന്തളുകൾ ദക്ഷിണ സമുദ്രത്തിലെ തണുപ്പേറിയ ഭാഗങ്ങളിൽ മാത്രമേ കാണപ്പെടുകയുള്ളൂ. ഗ്രീക്ക് പുരാണങ്ങളിലൂടെയും ‘പൈററ്റ്സ് ഓഫ് ദ് കരീബിയൻ’ സിനിമയിലൂടെയും കുപ്രസിദ്ധമായ ക്രാക്കനുകൾ എന്ന ഭീകരജീവി കൊളോസൽ കൂന്തളിന്റെ കുഞ്ഞുങ്ങളാണെന്നു കരുതുന്നവർ വരെയുണ്ട്. നോർവെയിലും ഗ്രീൻലൻഡിലുമാണ് കൊളോസലുകളെ ഇതുവരെ അപൂർവമായെങ്കിലും കണ്ടെത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com