sections
MORE

പെറു നേരിടുന്നത് കടുത്ത ജലക്ഷാമം ; പരിഹരിക്കാൻ 1500 വര്‍ഷം പഴക്കമുള്ള സാങ്കേതിക വിദ്യ!

Peru
SHARE

കാലാവസ്ഥാ വ്യതിയാനവും ജനപ്പെരുപ്പവും മൂലം ഏറ്റവുമധികം പ്രതിസന്ധിയിലേക്കു നീങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് പെറു. പ്രത്യേകിച്ചും ജല ദൗര്‍ലഭ്യം പെറുവില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അളവിലാണ്. മഴക്കുറവും ജനപ്പെരുപ്പം മൂലം ഭൂഗര്‍ഭജലം അമിതമായി ഊറ്റിയെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പക്ഷേ ഈ പ്രതിസന്ധി പരിഹരിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പരാജയപ്പെട്ടപ്പോള്‍ രക്ഷയ്ക്കെത്തിയത് 1500 വര്‍ഷം പഴക്കമുള്ള  പെറുവിലെ ഒരു പരമ്പരാഗത രീതിയാണ്.

ജല അസന്തുലിതാവസ്ഥ

വര്‍ഷം മുഴുവനുള്ള കണക്കെടുത്താല്‍ ലഭിക്കുന്ന ജലത്തിന്‍റെ അളവില്‍ അതിഭീകരമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന മേഖലയാണ് ആന്‍ഡസ് പര്‍വതനിര. ഈ പര്‍വത നിരയുടെ ജനവാന മേഖലകളിലാണ് ഈ അസന്തുലിതാവസ്ഥയുടെ ഏറ്റവും ഭീകരമായ പ്രത്യാഘാതം ഇപ്പോള്‍ നേരിടുന്നത്. മഴക്കാലത്ത് ആവശ്യത്തിലും പല മടങ്ങ് അധികം ജലം ലഭിക്കുമ്പോള്‍ വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയാണ് പ്രദേശവാസികളെ കാത്തിരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധി മുന്‍പും ആന്‍ഡസിലെ തന്നെ ലിമ മേഖലയിലുള്ള പ്രാചീന മനുഷ്യര്‍ അതിജീവിച്ചിട്ടുണ്ട്.

Peru

പെറുവിലെ പ്രശസ്തമായ ഇന്‍ക സംസ്കാരത്തിനും മുന്‍പ് മേഖലയില്‍ ജീവിച്ചിരുന്ന മനുഷ്യരാണ് അവരുടേതായ മാര്‍ഗങ്ങളിലൂടെ വര്‍ഷം മുഴുവന്‍ വെള്ളത്തിന്‍റെ ലഭ്യത ഉറപ്പാക്കിയിരുന്നത്. പടിഞ്ഞാറന്‍ പെറുവിലെ ഹുവാമന്‍താന്‍ഗയില്‍ കണ്ടെത്തിയ കനാലിന്‍റെ അവശിഷ്ടങ്ങളാണ് പുരാതന പെറുവിലെ ജനതയുടെ ജല ശേഖരണ വിദ്യയിലേക്കുള്ള ചൂണ്ടു പലകയായത്. പ്രാദേശികമായി അമുനാസ് എന്ന് വിളിക്കപ്പെടുന്ന ഈ കനാലുകള്‍ ഇപ്പോള്‍ പുനസ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.

അമുനാസ്

ഈ പുരാതന കനാലുകളുടെ പ്രവര്‍ത്തനത്തെ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പരിസ്ഥിതി വിഭാഗം ഗവേഷകനായ വോട്ടര്‍ ബിയേര്‍ട്ട് വിവരിക്കുന്നത് ഇങ്ങനെയാണ്. പുരാതന കാലത്തെ ജനങ്ങള്‍ മഴക്കാലത്തുണ്ടാകുന്ന അരുവികളിലെ ഒരു വിഭാഗം ജലം തടഞ്ഞു നിര്‍ത്തും. തുടര്‍ന്ന് ഇവയെ വേനല്‍ക്കാലത്ത് കനാലുകള്‍ വഴി താഴേക്കെത്തിക്കും. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ലളിതമെന്നു തോന്നുമെങ്കിലും 1500 വര്‍ഷം മുന്‍പ് ഇത് പ്രാവര്‍ത്തികമാക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.

ഇപ്പോള്‍ പോലും രണ്ട് വര്‍ഷമെടുത്താണ് ഈ പുരാതന വിദ്യ എങ്ങനെ ജല ചോര്‍ച്ച കൂടാതെ നടപ്പാക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ലിമ നഗരത്തിലേക്കാവശ്യമായ വെള്ളം ഈ പദ്ധതിയിലൂടെ എത്തിക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നഗരത്തിന്‍റെ സമീപപ്രദേശങ്ങളിലുള്ള അനവധി മലകളില്‍ കുളങ്ങള്‍ നിര്‍മ്മിക്കേണ്ടി വരും. ഇങ്ങനെ നിര്‍മ്മിക്കുന്ന കുളങ്ങളിലെ ജലം എങ്ങനെ വേനല്‍ക്കാലത്ത് വറ്റാതെ സംരക്ഷിക്കുമെന്നതും വെല്ലുവിളിയാണ്. ഇത് പുരാതന കാലത്ത് എങ്ങനെ സാധിച്ചിരുന്നുവെന്നത് കണ്ടെത്താന്‍ ഗവേഷര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Peru

പരമ്പരാഗത കനാല്‍ വിദ്യയ്ക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും കൂടി സംയോജിപ്പിച്ചു കൊണ്ടായിരിക്കും വെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കുക. ഈ പദ്ധതി വിജയകരമായാല്‍ ലിമ നഗരത്തിലെ ഒന്നര കോടി ജനങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ജലമെത്തിക്കാന്‍ കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. മഴക്കാലത്തുണ്ടാകുന്ന അരുവികളിലൂയെത്തുന്ന ജലത്തിന്‍റെ 35 ശതമാനമാണ് കുളങ്ങള്‍ നിർമിച്ച് തടഞ്ഞു നിര്‍ത്താന്‍ ആദ്യം പരിഗണിക്കുന്നത്. ഈ വെള്ളം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള വരണ്ട കാലത്ത് പുരാതന കാലത്ത് നിര്‍മിച്ച കനാലുകളിലൂടെ തന്നെയാകും നഗരത്തിലേക്കെത്തിക്കുകയെന്ന് ഗവേഷകര്‍ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA