sections
MORE

ആകാശത്തെ കീറിമുറിച്ച് പ്രത്യക്ഷപ്പെട്ടത് നീളൻ ‘മേഘക്കുഴൽ’; അപൂർവ പ്രതിഭാസത്തിനു പിന്നിൽ!

Huge shelf cloud
Image Credit: Carl Pescettini
SHARE

ആരു കണ്ടാലും അന്തംവിട്ടു പോകുന്ന കാഴ്ചയായിരുന്നു കണ്മുന്നിൽ. ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്ന വണ്ണം നീണ്ടു പോകുന്ന ഒരു പടുകൂറ്റൻ ‘മേഘക്കുഴൽ’. ഡെൻമാർക്കിലെ ക്രിസ്റ്റ്യാൻസോയിലാണ് സംഭവം. ജൂൺ 15നാണ് ഇവ മേഘാവൃതമായ ആകാശത്തെ കീറിമുറിക്കും പോലെയാണ് പ്രത്യക്ഷപ്പെട്ടത്. ഇരുണ്ട ചാരനിറത്തിലാണ് ദൃശ്യമായത്. കാൾ പെസറ്റിനി ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ലോകാവസാനത്തിനു മുന്നിലുള്ള കാഴ്ചയായിസിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമായിരുന്നു അത്. പക്ഷേ സംഗതി റോൾ ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു. ശരിക്കും പേപ്പർ ചുരുട്ടിയെടുത്തതു പോലൊരു മേഘം. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാൽത്തന്നെ ആപ്തസൂചനയെന്ന പോലെയാണു പലപ്പോഴും ഇവ പ്രത്യക്ഷമാകാറുള്ളതും. വളരെ അപൂർവമായേ ഇതു സംഭവിക്കാറുള്ളൂ.

അപൂർവമെന്നു പറയുമ്പോൾ രണ്ട് വർഷം മുൻപ് മാത്രമാണ് ഇവയ്ക്ക് പേരു നൽകിയതെന്നു പോലും പറയേണ്ടി വരും. റോൾ ക്ലൗഡുകൾക്ക് ഔദ്യോഗികമായി പേരിടുന്നത് 2017ലാണ്. വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ ക്ലൗഡ് അറ്റ്ലസിൽ ഏറ്റവും പുതിയ മേഘങ്ങളുടെ കൂട്ടത്തിലും ഇതിനെ ഉൾപ്പെടുത്തി. 

കഴിഞ്ഞ വർഷം അമേരിക്കയിലെ ന്യൂ ഓർലിയൻസിലും മേഘക്കുഴൽ രൂപപ്പെട്ടിരുന്നു. അന്ന് ന്യൂ ഓർലിയൻസിൽ നിന്നുള്ള ഫൊട്ടോഗ്രാഫറും കാർപന്ററുമായ കർടിസ് ക്രിസ്റ്റെൻസനാണ് റോൾ ക്ലൗഡിന്റെ ചിത്രമെടുത്തത്. ജോലിക്കു പോകുന്നതിനിടെയായിരുന്നു തലയ്ക്കു മുകളിലെ അപൂർവ കാഴ്ച കണ്ടത്. അപ്പോൾത്തന്നെ സംഗതി ക്യാമറയിലാക്കുകയും ചെയ്തു അൻപത്തിരണ്ടുകാരൻ. വൈകാതെ ഓൺലൈനിലും ചിത്രം പോസ്റ്റ് ചെയ്തു. അസാധാരണമായ വിധത്തിലായിരുന്നു ചിത്രം വൈറലായത്. ഞെട്ടിപ്പിക്കുന്ന വിധം പ്രതികരണമാണ് അന്ന് ചിത്രത്തിന്മേല്‍ ഉണ്ടായത്.

മഞ്ഞു മാറി ചൂടുകാറ്റ് വരുമ്പോൾ ഈ മാറ്റം സംഭവിക്കുന്ന ‘പോയിന്റിനു’ പറയുന്നു പേരാണ് ‘കോൾഡ് ഫ്രൻറ്റ്’ ഇതിന്റെ വാലറ്റത്താണു റോൾ ക്ലൗഡ് രൂപപ്പെടുന്നത്. തലയ്ക്കു മുകളിൽ ഒരു  വമ്പൻ ‘മേഘക്കുഴൽ’ രൂപപ്പെട്ടതു പോലെയാണ് ഇത് കണ്ടാൽ തോന്നുക. ഭൂമിക്കു സമാന്തരമായാണ് റോൾ ക്ലൗഡുകൾ രൂപപ്പെടുക. ഒരിക്കലും താഴേക്കിറങ്ങില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു രൂപപ്പെടാറുണ്ട്. അങ്ങനെയാണ് മേഘങ്ങളുടെ ഔദ്യോഗിക അറ്റ്ലസിലേക്കും സ്ഥാനം ലഭിക്കുന്നതും. 

2018 ഫെബ്രുവരിയിൽ വിർജിനിയയിലും ജനത്തെ അമ്പരപ്പിച്ചു കൊണ്ടു പടുകൂറ്റൻ റോൾ ക്ലൗഡ് രൂപപ്പെട്ടിരുന്നു. ചുരുട്ടിവച്ച തീപ്പന്തം പോലെയായിരുന്നു സന്ധ്യാസമയത്ത് ഈ മേഘം. അസ്തമയ സൂര്യൻ പകർന്ന ചായക്കൂട്ടു കൂടി ഏറ്റുവാങ്ങിയതോടെ പിങ്കും ഓറഞ്ചും നിറങ്ങളെല്ലാം ചേർന്ന് ആസാധാരണ ഭംഗിയുമായിരുന്നു ആ മേഘങ്ങൾക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA