ആഫ്രിക്കന്‍ തീരത്ത് മറഞ്ഞിരുന്ന നിഗൂഢ മത്സ്യം; ‘വകാണ്ട’ കൗതുകമാകുന്നു!

Stunning Fish Found Lurking In Africa's Twilight Zone Named Wakanda
Image Credit: Luiz Rocha/ California Academy of Sciences
SHARE

ആഫ്രിക്കയുടെ നിഗൂഢതകളിലേക്കും മറഞ്ഞിരിക്കുന്ന വിഭവ സമ്പത്തിലേക്കുമുള്ള ഓര്‍മപ്പെടുത്തലായിരുന്നു ബ്ലാക്ക് പാന്തര്‍ എന്ന ചിത്രത്തിലെ വകാണ്ട എന്ന സാങ്കല്‍പിക രാജ്യം. അതുകൊണ്ട് തന്നെ ആഫ്രിക്കന്‍ തീരത്തെ സമ്പന്നമായ പവിഴപ്പുറ്റ് ശേഖരത്തില്‍ കണ്ടെത്തിയ സുന്ദരന്‍ മത്സ്യവര്‍ഗത്തിനു നല്‍കാന്‍ വകാണ്ട എന്നല്ലാതെ മറ്റൊരു പേരും ഗവേഷകര്‍ക്കു മുന്നോട്ടു വയ്ക്കാന്‍ കഴിയുമായിരുന്നില്ല. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ സാന്‍സിബാര്‍ തീരത്തുനിന്നാണ് ഈ തിളങ്ങുന്ന നിറങ്ങളുള്ള ശരീരത്തോടു കൂടിയ പുതിയ മത്സ്യവര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തിയത്. 

വകാണ്ടയിലെ വസ്ത്രധാരണത്തെ ഓര്‍മിപ്പിക്കും വിധം ഒട്ടേറെ നിറങ്ങളുള്ള ശരീരമാണ് ഈ മത്സ്യത്തിന്‍റേതും. കൂടാതെ ഈ മത്സ്യം ഉള്‍പ്പെടുന്ന ജനുസ്സിന് വൈബ്രേനിയം ഫെയറി വാസ്സെ എന്ന പേരു കൂടി ഗവേഷകര്‍ നല്‍കിയിട്ടുണ്ട്. ബ്ലാക്ക് പാന്തറിലെ വകാണ്ട എന്ന രാജ്യത്തിന്‍റെ ഊര്‍ജ്സ്രോതസ്സായ വൈബ്രേനിയം എന്ന ലോഹത്തില്‍നിന്നാണ് ഈ മത്സ്യമുള്‍പ്പെട്ട ജനുസ്സിന് ഇത്തരം ഒരു പേര് നല്‍കിയത്. ഇതുവരെ അധികം ഗവേഷണങ്ങള്‍ നടക്കാത്ത ആഫ്രിക്കന്‍ തീരത്തെ പവിഴപ്പുറ്റ് മേഖലയില്‍നിന്നു കണ്ടെത്തിയ ഈ മത്സ്യത്തിന് വകാണ്ട എന്ന പേരാണ് ആദ്യം തന്നെ മനസ്സിലെത്തിയതെന്ന് ഗവേഷകനായ യീ കൈയ് ടീ പറയുന്നു.

കലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസ്, സിഡ്നി സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് വകാണ്ടയുടെ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കടലിലെ മഴക്കാടുകള്‍ എന്നറിയപ്പെടുന്ന മേഖലകളാണ് പവിഴപ്പുറ്റുകള്‍. സമുദ്രത്തിലെ ജൈവവൈവിധ്യത്തെ നിലനിര്‍ത്തുന്നതില്‍ പവിഴപ്പുറ്റുകള്‍ വഹിക്കുന്ന പങ്കാണ് ഇത്തരം ഒരു പേര് ലഭിക്കാന്‍ ഇടയായത്. ആഗോളതാപനം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ ഇനിയും വൈകും മുന്‍പ് പവിഴപ്പുറ്റുകളുടെയും ജൈവവൈവിധ്യത്തിന്‍റെയും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആഗോളലത്തില്‍തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി തന്നെയാണ് ഇപ്പോള്‍ ആഫ്രിക്കയിലെ പവിഴപ്പുറ്റുകളില്‍ നടക്കുന്ന പഠനവും.

വകാണ്ട മറഞ്ഞിരിക്കാൻ കാരണം?

മാര്‍വല്‍ പ്രപഞ്ചത്തിലെ വകാണ്ട എന്ന രാജ്യത്തെ പുറം ലോകത്തു നിന്ന് മറച്ചു നിര്‍ത്തിയത് ഒരു കവചമാണ്. ഈ കവചത്തിനപ്പുറം ആര്‍ക്കും ഒന്നും കാണാന്‍ കഴിയാത്തതും കടന്നു ചെല്ലാന്‍ പറ്റാത്തതുമാണ് വകാണ്ട രഹസ്യമായി തന്നെ തുടരാന്‍ കാരണം. വകാണ്ട എന്ന മത്സ്യത്തിന്‍റെ കാര്യവും ഏതാണ്ട് സമാനമാണ്. വകാണ്ട മത്സ്യം കാണപ്പെടുന്നത് സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 200 അടി താഴ്ചയിലാണ്. സാധാരണ ഗതിയില്‍ ഇത്രയും ആഴത്തില്‍ ഡൈവിങ് അനുവദിയ്ക്കാറില്ല. ശാസ്ത്രീയ ആവശ്യങ്ങള്‍ക്കായി ഈ മേഖലയില്‍ ഡൈവിങ് നടന്നിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് വകാണ്ട എന്ന മത്സ്യം നിലനില്‍ക്കുന്നതായി ഇതുവരെ പുറം ലോകം അറിയാത്തതും.

പ്രത്യേക ശ്വസന യന്ത്രങ്ങളുടെ സഹായത്തോടെയാണ് ആഗോളതലത്തില്‍ പഴിവപ്പുറ്റുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹോപ് ഓഫ് റീഫ് എന്ന സംഘടനയിലെ ഗവേഷകര്‍ ആഴത്തിലേക്ക് ഡൈവിങ് നടത്തിയത്. മുകളില്‍ സൂചിപ്പിച്ച രണ്ട് ഗവേഷണ കേന്ദ്രങ്ങളില്‍നിന്നുള്ളവരായിരുന്നു ഈ ഡൈവിങ് സംഘത്തിലെ അംഗങ്ങള്‍. ഇത്രയും ആഴത്തിലേക്കുള്ള ഡൈവി‌ങ് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് സംഘത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ലൂയിസ് റോഷ പറയുന്നു. നീന്തല്‍ക്കാരേക്കാള്‍ ഭാരമുള്ള ഉപകരണങ്ങള്‍ ഉള്‍പ്പടെയുളള്ള സജ്ജീകരണങ്ങളുമായാണ് ഇവര്‍ ഡൈവ് ചെയ്തിരുന്നത്. മിക്കപ്പോഴും ഏതാനും മിനിട്ടുകള്‍ മാത്രമാണ് പവിഴപ്പുറ്റുകളില്‍ ചിലവഴിക്കാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ നടത്തിയ പല കണ്ടെത്തലുകളും സംഭവിച്ചത് നൂറോളം തവണ ഡൈവ് ചെയ്ത ശേഷം മാത്രമാണെന്നും ഇവര്‍ വിശദീകരിക്കുന്നു. 

ഫെയറി റാസ്സെസ്

ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക്കിലും കാണപ്പെടുന്ന ഫെയറി റാസ്സെസ് ഇനത്തില്‍ പെട്ട മത്സ്യങ്ങളോടു സാമ്യമുള്ളവയാണ് വകാണ്ട മീനുകള്‍. ജനിതക പരിശോധനയിലും ഇത് വ്യക്തമായപ്പോഴാണ് വൈബ്രനിയ ഫെയറി റാസ്സെസ് എന്ന പേര് ഈ മത്സ്യകുടുംബത്തിനു തന്നെ നല്‍കിയത്. വകാണ്ട ഇനത്തില്‍ നിന്ന് പര്‍പിള്‍ നിറമുള്ള ഒരു മത്സ്യത്തെയാണ് ഗവേഷകര്‍ ആദ്യം കണ്ടെത്തിയത്. മത്സ്യത്തെ കണ്ടപ്പോള്‍ തന്നെ ഇതുവരെ തിരിച്ചറിയപ്പെടാത്ത ഏതോ വര്‍ഗമാണെന്ന തോന്നലുണ്ടായെന്നു റോഷ പറയുന്നു. 

ആഗോളതലത്തില്‍ തന്നെ പഴിവപ്പുറ്റുകള്‍ പ്രതിസന്ധി നേരിടുന്ന സമയമാണിത്. അതുകൊണ്ട് തന്നെയാണ് ഈ മേഖലകളിലെ പഠനം ഇപ്പോള്‍ സജീവമാക്കിയത്. എത്ര കൂടുതല്‍ പവിഴപ്പുറ്റുകളെക്കുറിച്ച് അറിയാന്‍ കഴിയുന്നോ അത്രയധികം അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാമെന്നാണ് ഈ ഗവേഷക സംഘം വിശ്വസിക്കുന്നത്. ആഫ്രിക്കന്‍ തീരത്തു കണ്ടെത്തിയ വകാണ്ടയെ കൂടാതെ രണ്ട് മത്സ്യങ്ങളെ കൂടി ഈ ഗവേഷക സംഘം സമീപകാലത്ത് വ്യത്യസ്ത പഴിവപ്പുറ്റ് ശേഖരങ്ങളില്‍ നിന്നായി കണ്ടെത്തിയിരുന്നു. ഈസ്റ്റര്‍ ദ്വീപിന് സമീപത്ത് നിന്നുള്ള കിയോമിനിയ, മൈക്രോനേഷ്യയില്‍ നിന്നുള്ള ഇന്‍കാന്‍ഡസന്‍സ് എന്നവയാണ് ഈ മത്സ്യങ്ങള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA