പത്താനകളുടെ ഭാരം, തുടയെല്ല് മാത്രം 500 കിലോ; എന്താണീ ഫോസിൽ?

HIGHLIGHTS
  • കണ്ടെത്തിയത് ഒരു മനുഷ്യനേക്കാളും നീളമുള്ള തുടയെല്ല്!
  • സംരക്ഷിക്കപ്പെട്ട നിലയിൽ ദിനോസറിന്റെ തുടയെല്ല് കണ്ടെത്തുന്നത് ആദ്യം
Paleontologists find giant dinosaur bone in southwestern France
ഓഷക്–ഷാറോന്ത് മേഖലയിൽ നിന്നു കണ്ടെത്തിയ ദിനോസറിന്റെ തുടയെല്ല്.
SHARE

ഒരു മനുഷ്യനേക്കാളും നീളമുള്ള തുടയെല്ല്! ഒരു ദശാബ്ദക്കാലമായി ഫ്രാൻസിൽ ഫോസിലുകൾക്കു വേണ്ടി തിരച്ചിൽ തുടരുന്ന പാലിയന്റോളജിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ദിനോസർ ഫോസിലുകൾക്കു പ്രശസ്തായ തെക്കു പടിഞാറൻ ഫ്രഞ്ച് മേഖലയിലായിരുന്നു ഈ തുടയെല്ല് കണ്ടെത്തിയത്. ഇത്രയും കൃത്യമായി സംരക്ഷിക്കപ്പെട്ട നിലയിൽ ഒരു ദിനോസറിന്റെ തുടയെല്ല് കണ്ടെത്തുന്നത് ഇതാദ്യമെന്നു ഗവേഷകരുടെ സാക്ഷ്യപ്പെടുത്തലും. ഭൂമിയിൽ ഇന്നേവരെ വരെ ജീവിച്ചിട്ടുള്ളതിൽ ഏറ്റവും ഭീമന്മാരായ സോറോപോഡുകൾ എന്ന ദിനോസറുകളുടെ തുടയെല്ലാണിതെന്നാണു കരുതുന്നത്. 

14 കോടി വർഷങ്ങൾക്കു മുൻപ്, ജൂറാസിക് കാലഘട്ടത്തിന്റെ അവസാന ഭാഗത്താണ് ഇവ ഭൂമിയിൽ ജീവിച്ചിരുന്നത്. നീളൻ കഴുത്തും വാലും വമ്പൻ ശരീരവുമൊക്കെയായിരുന്നെങ്കിലും ഇവ സസ്യഭുക്കുകളായിരുന്നു. മാത്രവുമല്ല, ഇവയുടെ തലച്ചോറിന്റെ വലുപ്പവും കുറവായിരുന്നു. എന്തൊക്കെയാണെങ്കിലും മറ്റെല്ലാം ദിനോസറുകൾക്കുമൊപ്പം ഇവയും വംശമറ്റു പോയി. വലുപ്പക്കൂടുതൽ കൊണ്ടുതന്നെ ഇന്നു ലോകത്തു കണ്ടെത്തിയിരിക്കുന്ന ദിനോസർ ഫോസിലുകളിൽ ഏറെയും ഇവയുടേതാണ്. ജൂറാസിക് പാർക്ക് സീരീസ് സിനിമകളുടെ ആരാധകർക്കും ഏറെ പരിചിതമായിരിക്കും ഈ ദിനോസറുകൾ. 

ഏകദേശം ആറര അടി (രണ്ടു മീറ്റർ) നീളമുള്ള തുടയെല്ലു കണ്ടെത്തിയിരിക്കുന്നത് ഫ്രാന്‍സിലെ ഓഷക്–ഷാറോന്ത് എന്നറിയപ്പെടുന്ന പ്രദേശത്തായിരുന്നു. പാലിയന്റോളജിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇത്. പ്രാചീന കാലത്ത് ഇവിടം ചതുപ്പുനിലമായിരുന്നെന്നാണു കരുതപ്പെടുന്നത്. അതിനാൽത്തന്നെ ഒട്ടേറെ ദിനോസറുകളുടെയും മറ്റു ജീവികളുടെയും ഫോസിലുകൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഫോസിലുകളുടെ ‘സ്വർഗമാണ്’ ഇതെന്ന് 2010ലാണ് ഗവേഷകർക്കു മനസ്സിലായത്. ഗവേഷകരിൽ പലർക്കും പലതരം ദിനോസർ ഫോസിലുകള്‍ ലഭിക്കാൻ തുടങ്ങിയതോടെ പ്രത്യേക മേഖലയായി സംരക്ഷിച്ച് പര്യവേക്ഷണവും തുടങ്ങി. 

കോണ്യാക് നഗരത്തിനു സമീപമുള്ള ഈ പ്രദേശം യൂറോപ്പിലാകമാനം വച്ചു നോക്കുമ്പോൾ ഏറെ വ്യത്യസ്തമാണ്. അതിനു കാരണമായി പറയുന്നതാകട്ടെ ഇവിടെ നിന്നു കണ്ടെത്തിയ ഫോസിലുകളും. യൂറോപ്പിൽ മറ്റെവിടെയുമില്ല ഇത്രയും കൃത്യമായി സംരക്ഷിക്കപ്പെട്ട ഫോസിലുകൾ. പത്തു വർഷം കൊണ്ട് ഇവിടെ നിന്നു കണ്ടെത്താനായത് ദിനോസറുകളുടെ 7500ഓളം അസ്ഥികളാണ്. ഏകദേശം 45 തരം ദിനോസറുകളുടെ ഫോസിലുകൾ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ പല ഫോസിലുകളും പാറകളിൽ നിന്നും മറ്റും വീണ്ടെടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്. വലുപ്പമേറിയ അസ്ഥികളാണെങ്കിൽ എളുപ്പം പൊടിഞ്ഞുപോകാനും സാധ്യതയുണ്ട്. എന്നാൽ ഇത്തവണ കണ്ടെത്തിയിരിക്കുന്ന തുടയെല്ല് അസാധാരണമാം വിധം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണു ഗവേഷകർ പറയുന്നത്. എല്ലിൽ മാംസത്തിന്റെയും സ്നായുക്കളുടെയും അടയാളങ്ങൾ വരെ കൃത്യമായുണ്ട്. 

Paleontologists find giant dinosaur bone
സോറോപോഡുകൾ (ഇടത്) ഓഷക്–ഷാറോന്ത് മേഖലയിൽ കണ്ടെത്തിയ തുടയെല്ല് (വലത്)

പാലിയന്റോളജിസ്റ്റുകളെ സംബന്ധിച്ചു മറ്റൊരു നേട്ടവുമുണ്ട്. ഓഷക്–ഷാറോന്ത് മേഖലയിൽ നിന്നു പലപ്പോഴായി ലഭിച്ച അസ്ഥികൾ ചേർത്ത് ഒരു സോറോപോഡിന്റെ സമ്പൂർണ ഫോസിലിന് രൂപം നൽകാനുള്ള ശ്രമത്തിലാണിവർ. അതിന്റെ 50 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. അപ്പോഴാണ് കൂറ്റൻ തുടയെല്ല് ലഭിക്കുന്നത്. ജൂറാസിക് കാലത്ത് ഏകദേശം 45,000 കിലോഗ്രാം ഭാരമുണ്ടായിരുന്ന ‘ഭീമന്റെ’ ഫോസിലാണ് പുനഃസൃഷ്ടിക്കുന്നതെന്നോർക്കണം. അതായത് പത്തോളം ഏഷ്യൻ ആനകളുടെ വലുപ്പമുള്ള ദിനോസറിന്റെ! 2010ലും ഇവിടെ നിന്ന് ഒരു സോറോപോഡിന്റെ തുടയെല്ല് ലഭിച്ചിരുന്നു. അതിന് ഏകദേശം 2.2 മീറ്ററായിരുന്നു നീളം. 500 കിലോ ഭാരവും. ഭൂമിക്കടിയിൽ നിന്നു പൂർണമായും വേർതിരിച്ചെടുക്കുന്നതോടെ പുതിയ ദിനോസറെല്ലിനും അത്രയും തന്നെ ഭാരം കാണുമെന്നാണു ഗവേഷകർ പറയുന്നത്. അതിന് ഒരാഴ്ചയോളം സമയം വേണ്ടി വരും; തുടയെല്ല് നീക്കാൻ ഒരു വമ്പൻ ക്രെയിനും എത്തിക്കണം!

തുടയെല്ല് ലഭിച്ച അതേ കളിമൺപാളിയിൽ തന്നെ ഒരു ഇടുപ്പെല്ലും കണ്ടെത്തിയിട്ടുണ്ട്. അത് സോറോപോഡിന്റേതു തന്നെയാണോയെന്നും പരിശോധന തുടരുകയാണ്. പാരിസിലെ നാഷനൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയുടെ കീഴിൽ ഏഴുപതോളം പേരാണ് ഇവിടെ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA