ADVERTISEMENT

ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറ്റവും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജീവിവര്‍ഗങ്ങളിലൊന്നാണ് ലെപഡ് സീലുകള്‍ അഥവാ പുള്ളിപ്പുലി സീലുകള്‍. പ്രശസ്തമായ ഫ്രണ്ട്സ് സീരീസിലെ ജോയ് എന്ന കഥാപാത്രത്തോടാണ് ഈ സീലുകളെ ഗവേഷകര്‍ താരത്യപ്പെടുത്തിയിരുന്നത്. കാരണം സുഹൃത്തുക്കളുമായി ഭക്ഷണം പങ്കുവയ്ക്കില്ല എന്നതു തന്നെ. ഇണ ചേരാനൊഴികെ മറ്റൊരു കാര്യത്തിലും കൂട്ടത്തിലുള്ള ഒരാളുമായും സഹവാസത്തിന് പുള്ളിപ്പുലി സീലുകള്‍ തയാറല്ല. ഭക്ഷണത്തിന്‍റെ പേരില്‍ പരസ്പരം ആക്രമിച്ച് കൊല്ലാനും ഇക്കൂട്ടര്‍ക്കു മടിയില്ല.

എന്നാല്‍ ഭക്ഷണം പങ്കുവയ്ക്കാത്തവര്‍ എന്ന ഇവയേക്കുറിച്ചുള്ള ധാരണ മാറ്റുന്നതാണ് അടുത്തിടെ കണ്ട ചില കാഴ്ചകള്‍. ജോര്‍ജിയയിലെ കിങ് പെന്‍ഗ്വിന്‍ ദ്വീപില്‍ നിന്നാണ് ഗവേഷകര്‍ ഈ കാഴ്ച കണ്ടത്. ഭക്ഷണം പങ്കുവയ്ക്കുന്നു എന്നു മാത്രമല്ല കൂട്ടത്തോടെ വേട്ടയാടുന്ന സീലുകളെ കൂടിയാണ് ഈ ദ്വീപില്‍ നിന്ന് പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളില്‍ കാണാൻ കഴിഞ്ഞത്. ഒരു കൂട്ടം പെന്‍ഗ്വിനുളെയാണ് 36 സീലുകള്‍ അടങ്ങുന്ന സംഘം ക്രൂരമായി വേട്ടയാടി ഭക്ഷണമാക്കിയത്.

സഹകരണമോ പോരാട്ടമോ ?

പോളാര്‍ ബയോളജി എന്ന സയന്‍സ് ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലെപ‍ഡ് സീലുകളുടെ സ്വഭാവ മാറ്റത്തെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായാണ് ഈ ദൃശ്യങ്ങളും പുറത്തു വന്നത്. സാധാരണ ഗതിയില്‍ കണ്ടാല്‍ കടിച്ചു കീറുന്ന ശത്രുതയാണ് സീലുകള്‍ക്കിടയിലുള്ളതെങ്കിലും ഇരകളുടെ എണ്ണം അസാധാരണമാം വിധം ഉയര്‍ന്ന പ്രദേശത്ത് കൂട്ടത്തോടെ വേട്ടയാടാന്‍ ഇവ നിര്‍ബന്ധിക്കപ്പെടുമെന്ന് പഠനം പറയുന്നു. ഇതു തന്നെയാണ് കിങ് പെന്‍ഗ്വിന്‍ ദ്വീപിലും സംഭവിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.

അതേസമയം കൂട്ടത്തോടെ വേട്ടയാടുന്ന സീലുകളെ മാത്രമല്ല ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഒരേ പെന്‍ഗ്വിനെ തന്നെ ഭക്ഷണമായി പങ്കിടുന്ന രണ്ട് സീലുകളെ കൂടി ഈ ദൃശ്യങ്ങളില്‍ കാണാം. ഇതാണ്  ഗവേഷകരെ ശരിക്കും അദ്ഭുതപ്പെടുത്തിയതും. അതേസമയം തന്നെ മറ്റൊരു വസ്തുത കൂടി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പക്ഷേ ഇത് പരസ്പരം സഹകരിക്കുന്നത് തന്നെയാകണം എന്നുറപ്പില്ലെന്നും ഗവേഷകര്‍ പറയുന്നു. ഒരാളുടെ ഇരയെ മറ്റൊരാള്‍ കൂടി ബലമായി പങ്കിടുന്നതിന്‍റെ തെളിവ് കൂടിയാകാം ഈ ദൃശ്യങ്ങളെന്നും ഇവര്‍ സംശയിക്കുന്നു.

അന്‍റാര്‍ട്ടിക്കിലെ വില്ലന്‍മാര്‍

ഹാപ്പി ഫീറ്റ് പോലുള്ള സിനിമകളിലൂടെ പ്രശസ്തരായ കിങ് പെന്‍ഗ്വിനുകളാണ് ആര്‍ട്ടിക്കിലെ പ്രിയപ്പെട്ട ജീവികള്‍. അതുകൊണ്ട് തന്നെ ഈ കിങ് പെന്‍ഗ്വനുകളെ വേട്ടയാടുന്ന ലെപഡ് സീലുകളെ പൊതുവെ വില്ലന്‍മാരായാണ് കണക്കാക്കുന്നത്. പെന്‍ഗ്വിനുകള്‍ക്കു മാത്രമല്ല ആര്‍ട്ടിക്കിലെ ഒട്ടു മിക്ക ജീവിവര്‍ഗങ്ങള്‍ക്കും ഈ ക്രൂരന്‍മാരായ വേട്ടക്കാര്‍ വില്ലന്‍മാരാണ്. മറ്റ് സീല്‍ വര്‍ഗങ്ങള്‍ പോലും പെന്‍ഗ്വിന്‍ സീലുകളുടെ പരിധിയിലെത്തി വേട്ടയാടാന്‍ മടിക്കും.

പലപ്പോഴും ഒറ്റപ്പെട്ട് മറ്റ് ജീവികള്‍ക്കെത്തിച്ചേരാന്‍ പോലും പറ്റാത്ത മഞ്ഞുകട്ടകളിലാണ് ഇവ വിശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത് . അന്‍റാര്‍ട്ടിക്കിലെ ഒരു യാത്രയ്ക്കിടയില്‍ തന്നെ ശരാശരി 500 ലെപഡ് സീലുകളെയെങ്കിലും കാണാറുണ്ടെന്ന് ഗവേഷകനായ ഡേവിഡ് റോബിന്‍സ് പറയുന്നു. ഇവയെല്ലാം തന്നെ തന്‍റെ വര്‍ഗത്തിലെ മറ്റ് സീലുകളുമായി ഒരു തരത്തിലും സഹവസിക്കാത്ത നിലയിലാണ് കണ്ടെത്തിയട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കണ്ടെത്തിയ കൂട്ടത്തോടെയുള്ള വേട്ടയാടാല്‍ ഒറ്റപ്പെട്ട സംഭവമാണെന്നാണ് ബ്രിട്ടിഷ് അന്‍റാര്‍ട്ടിക് പര്യവേഷക സ്ഥാപനത്തിലെ ഗവേഷകനായ റോബിന്‍സിന്‍റെ നിരീക്ഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com