അനാഥമായ മുട്ടയെ ദത്തെടുത്ത് ആണ്‍ പെന്‍ഗ്വിന്‍ ദമ്പതികള്‍!

Penguin Daddy Duo
SHARE

ജര്‍മനിയിലെ ബര്‍ലിന്‍ മൃഗശാലയിലാണ് അമ്മയുപേക്ഷിച്ച മുട്ടയെ മറ്റൊരു പെന്‍ഗ്വിന്‍ ദമ്പതികൾ ഏറ്റെടുത്തത്. സാമൂഹ്യ ജീവികളായ പെന്‍ഗ്വിനുകള്‍ക്കിടിയില്‍ ഇത്തരം ദത്തെടുക്കലുകള്‍ പുതിയ കാര്യമല്ല. പക്ഷേ ഈ ദത്തെടുക്കല്‍ ലോകശ്രദ്ധ നേടിയത് മുട്ടയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത പെന്‍ഗ്വിന്‍ ദമ്പതികൾ രണ്ട് പേരും ആണുങ്ങളായതിനാലാണ്. 

ജൂലൈ പകുതിയോടെയാണ് മുട്ടയിട്ട അമ്മ പെന്‍ഗ്വിന്‍ കാരണമില്ലാതെ പെട്ടെന്ന് സംരക്ഷണം അവസാനിപ്പിച്ചത്. സ്കിപ്പര്‍, പിങ് എന്നീ ആണ്‍ പെന്‍ഗ്വിനുകള്‍ വൈകാതെ തന്നെ മുട്ടയ്ക്ക് സംരക്ഷണവുമായി രംഗത്തെത്തി. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും മൃഗശാലയിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. 

മൃഗങ്ങള്‍ക്കിടയിലെ സ്വവര്‍ഗ ദമ്പതികള്‍

കാട്ടിലായാലും മൃഗശാലയിലായാലും പെന്‍ഗ്വിനുകള്‍ക്കിടയില്‍ സ്വവര്‍ഗ പ്രേമവും ആണ്‍ദമ്പതികളും പെണ്‍ദമ്പതികളുമെല്ലാം വളരെ സാധാരണമാണെന്ന് ഗവേഷകര്‍ പറയുന്നു. മറ്റ് പല ജീവിവര്‍ഗങ്ങളിലും ഈ ശൈലി കാണാന്‍ കഴിയും. പക്ഷേ പെന്‍ഗ്വിനുള്‍ക്കിടയില്‍ അല്‍പം കൂടുതലാണെന്നു മാത്രം. രണ്ട് പെന്‍ഗ്വിനുകള്‍ ചേര്‍ന്ന് മുട്ട ദത്തെടുത്തതിനും കാരണമുണ്ടെന്ന് ഗവേഷകയായ വിക്കി മക്ലോസ്കി വിശദീകരിക്കുന്നു. മുട്ട അടയിരിക്കലും സ്വയം ഭക്ഷണം തേടലും ഒരുമിച്ചു നടക്കില്ല. ഇതിനാലാണ് ദമ്പതികളായ പെന്‍ഗ്വിനുകള്‍ മുട്ടയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒരു പക്ഷേ ഇണ ഉപേക്ഷിച്ചതാകാം അമ്മ പെന്‍ഗ്വിന്‍ മുട്ട ഉപേക്ഷിക്കാന്‍ കാരണമായതെന്നും വിക്കി കണക്കു കൂട്ടുന്നു. 

സ്വവര്‍ഗ ദമ്പതികളാണെങ്കിലും പെന്‍ഗ്വിനുകള്‍ക്കിടിയില്‍ ഈ ബന്ധം അതിശക്തമാണെന്ന് ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ മുട്ട വിരിയിച്ച് കുട്ടിയെ സുരക്ഷിതമായി വളര്‍ത്താന്‍ ഈ ദമ്പതികള്‍ക്ക് കഴിയുമെന്നു തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. കിങ് പെന്‍ഗ്വിന്‍ വിഭാഗത്തില്‍ പെട്ടതാണ് ഈ പെന്‍ഗ്വിനുകള്‍. ജൂലൈ ആദ്യവാരമാണ് അമ്മ പെന്‍ഗ്വിന്‍ ഈ മുട്ടയിട്ടത്. 55 ദിവസമാണ് കിങ് പെന്‍ഗ്വിനുകളുടെ മുട്ട വിരിയാന്‍ എടുക്കുന്ന ശരാശരി സമയം. അതുകൊണ്ട് തന്നെ ആണ്‍ പെന്‍ഗ്വിന്‍ ദമ്പതികളുടെ മുട്ടയോടുള്ള കരുതല്‍ ഫലം നല്‍കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. 

കിംഗ് പെന്‍ഗ്വിനുകള്‍

അന്‍റാര്‍ട്ടിക്കിന് പരിസരത്തുള്ള ദ്വീപുകളിലാണ് കിങ് പെന്‍ഗ്വിനുകളെ ധാരാളമായി കാണപ്പെടുന്നത്. സ്വാഭാവിക പരിസ്ഥിതിയിലും കിങ് പെന്‍ഗ്വിനുകളില്‍ അച്ഛനും അമ്മയും ചേര്‍ന്നാണ് മുട്ട പരിപാലിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതും. രണ്ട് പേരില്‍ ഒരാള്‍ എപ്പോഴും മുട്ടകള്‍ക്ക് അടയിരിക്കുന്നതാണ് കിങ് പെന്‍ഗ്വിനുകളുടെ ശീലം. കൂട്ടത്തിലൊരാള്‍ ഉപേക്ഷിച്ചു പോയാല്‍ സ്വാഭാവികമായി ഇണയ്ക്കും മുട്ട ഉപേക്ഷിക്കേണ്ടി വരും. കാരണം ഇവയ്ക്ക് ഇര തേടി പുറത്തിറങ്ങേണ്ടി വരും എന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA