ADVERTISEMENT

തന്നെ വളർത്തി വലുതാക്കിയവരുടെ സ്നേഹത്തേക്കാൾ വലുതൊന്നുമല്ല മറ്റൊന്നും എന്ന തിരിച്ചറിവാകണം ലോയിജക് എന്നു പേരുള്ള കാട്ടാനയെ വീണ്ടും ഇവിടേക്കെത്തിച്ചത്. കെനിയയിലെ ഷെൽഡ്രിക് വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് കണ്ണുകളെ ഈറനണിയിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വെറും അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് അനാഥയായ ലോയിജക് എന്ന ആന ഈ സംരക്ഷണ കേന്ദ്രത്തിലെത്തിയത്. സ്വയം പര്യാപ്ത നേടുന്നതുവരെ ഈ സംരക്ഷണ കേന്ദ്രത്തിലായിരുന്നു ലോയിജകിന്റെ ജീവിതം.

പിന്നീടാണ് ലോയിജകിനെ കാട്ടിലേക്ക് സ്വതന്ത്രയാക്കി വിട്ടത്. വർഷങ്ങൾ കടന്നു പോയെങ്കിലും ലോയിജക് തന്റെ പരിപാലകരെ മറന്നില്ല. മാസത്തിലൊന്നെങ്കിലും ഇവിടെ സന്ദർശിക്കാനെത്തുന്നത് ലോയിജകിന്റെ പതിവായിരുന്നു. എല്ലാമാസവും തന്റെ പരിപാലിച്ചവർക്കരികിലെത്തുന്ന ലോയിജക് കഴിഞ്ഞ ദിവസമെത്തിയത് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു. ജനിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ തന്റെ കുഞ്ഞുമായിട്ടായിരുന്ന ആ വരവ്. 

പരിപാലകരിൽ പ്രധാനിയായ ബെഞ്ചമിൻ ക്യാലോയെ അടുത്തേക്ക് വിളിച്ച് കുഞ്ഞിനൊടൊപ്പം അല്പസമയം ചിലവഴിക്കാനും അവസരം നൽകി. ലിലി എന്നാണ് ഇവർ ഈ കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. ലോയിജകിന്റെ കാലുകൾക്കിടയിൽ സംരക്ഷിച്ചിരുന്ന ലിലിയെ തലോടാനും പരിചരിക്കാനും ‍ബെഞ്ചമിനു സാധിച്ചു. ആനകളെ പരിചരിക്കുന്നവർ പതിവായി ചെയ്യുന്ന കാര്യമാണ് അവയുടെ തുമ്പിക്കൈയിലേക്ക് ഊതുകയെന്നത്. ഇതുവഴി പരിചരിക്കുന്നവരുടെ മണം തിരിച്ചറിയാൻ ആനകൾക്ക് കഴിയും. ബുദ്ധിശക്തി ഏറെയുള്ള മൃഗങ്ങളായതിനാൽ വർഷങ്ങൾ കഴിഞ്ഞാലും ഈ ഗന്ധം തിരിച്ചറിയാൻ ആനകൾക്കു കഴിയുമെന്ന്  എസ്‍ഡബ്യുടി ഡയറക്ടർ റോബ് ബ്രാൻഡ്ഫോർഡ് വ്യക്തമാക്കി.

 Wild Elephant Brings Her Newborn To Meet The People Who Saved Her
Image Credit: Sheldrick Wildlife Trust

ഇവിടെയെത്തുമ്പോൾ ലിലിയുടെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇവിടെയെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ലിലി കാലുകളിൽ ഉറച്ചു നിൽക്കാൻ പഠിച്ചു. ലോയിജകും ആനക്കൂട്ടവും ഈ ദിവസങ്ങളിലൊക്കെയും സംരക്ഷണകേന്ദ്രത്തിനു സമീപമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയെയും അമ്മയേയും വേണ്ടരീതിയിൽ ശ്രദ്ധിക്കാൻ അധികൃതർക്ക് സാധിച്ചു. സാവോ മേഖല കടുത്ത വരൾച്ച നേരിടുന്ന സമയമാണ് സെപ്റ്റംബർ. അതുകൊണ്ട്തന്നെ ഈ സമയത്തു ജനിക്കുന്ന ആനക്കുട്ടികൾക്ക് അനുയോജ്യമല്ല ഈ കാലാവസ്ഥ. എന്നാൽ ലിലി കൃത്യസമയത്ത് സംരക്ഷണ കേന്ദ്രത്തിലെത്തിയതിനാൽ ഇനി ആ പേടിയും വേണ്ട.ലിലിക്കും ലോയിജകിനും വേണ്ട സംരക്ഷണവും പരിചരണവും കൃത്യമായി നൽകാനും ഇവരുടെ വരവ് സഹായിച്ചു.

ആനക്കൂട്ടത്തിനൊപ്പം മടങ്ങിയാലും കൂട്ടത്തിലെ മുതിർന്ന പിടിയാനകൾ ആനക്കുട്ടികളുടെ സംരക്ഷണത്തിനായുണ്ടാകും. നസേറിൻ,ഇതുംബാ എന്നീ പേരുകളുള്ള രണ്ട് പിടിയാനകളും ഈ ആനക്കൂട്ടത്തിനൊപ്പമുണ്ട്. ഇവരും മുൻപ് ആനസംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞവരാണ്.ലിലിക്ക് കാട്ടിൽ എത്രകാലം വേണമെങ്കിലും അമ്മയ്ക്കും മറ്റു കാട്ടാനകൾക്കൊപ്പവും കഴിയാം. അതുപോലെ തന്നെ എപ്പോൾ വേണമെങ്കിലും സംരക്ഷണകേന്ദ്രത്തിന്റെ സുരക്ഷിതത്വത്തിലേക്കും തിരിച്ചെത്താം.

ഇവിടെ സംരക്ഷിച്ച് സ്വതത്രരാക്കി കാട്ടിലേക്കയച്ച ആനകൾക്കുണ്ടായ 31മത്തെ കുട്ടിയാനയാണ് ലിലി. മുൻപും ആനകൾ കുഞ്ഞുങ്ങളുമായി ഇവിടെയെത്തിയിട്ടുണ്ട്. എങ്കിലും ഇത്തരം അപൂർവ നിമിഷങ്ങളാണ് തങ്ങൾക്ക് സന്തോഷം പകർന്നു നൽകുന്നതെന്ന് ബ്രാൻഡിഫോർഡ് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com