sections
MORE

ചെറായി ബീച്ചിലെത്തിയാൽ തെരുവുനായ്ക്കൾ അനാഥരല്ല; നായ്ക്കൾക്കു തായ് സ്നേഹം പകർന്ന് വിദേശ വനിത

Thai woman with Stray Dogs
പേഷ്ന ട്യുറാക്കിയ നായ്ക്കൾക്കൊപ്പം
SHARE

ആർക്കും വേണ്ടാത്തവരാണെങ്കിലും ചെറായി  ബീച്ചിലെത്തിയാൽ തെരുവുനായ്ക്കൾ അനാഥരല്ല.  അവിടെ അവരെ കാത്തിരിക്കുന്ന ഒരാളുണ്ട്. പേഷ്ന ട്യുറാക്കിയ (64).  ആ  കൈകളിലൂടെ  തെരുവിൽ നിന്നു  രക്ഷപ്പെട്ട് പുതിയ യജമാനന്മാരുടെ അരുമകളായ  നായ്ക്കൾ ഒട്ടേറെ.  ആരുടെയും സഹായം  തേടാതെ, ഒരു രൂപ പോലും  പ്രതിഫലം വാങ്ങാതെ, ആരോടും പറയുക പോലും ചെയ്യാതെ അവർ ഈ  നിയോഗം തുടർന്നുകൊണ്ടിരിക്കുന്നു. ‌

‌ഇവിടുത്തുകാരിയെന്നു  വിശേഷിപ്പിക്കാനാണു പേഷ്നയ്ക്ക് ഇഷ്ടമെങ്കിലും ജന്മംകൊണ്ട്  പേഷ്ന പാതി ഇന്ത്യക്കാരിയാണ്. പിതാവ് ഗുജറാത്തി. അമ്മ സ്വിറ്റ്സർലൻഡ്കാരിയും. ഊട്ടിയിലെ സ്കൂൾ പഠനത്തിനു  ശേഷം അയർലൻഡിലും ലണ്ടനിലും അധ്യാപികയായി ജോലി ചെയ്തു. നേരത്തെ പല തവണ അവധിക്കാലം  ചെലവിടാൻ എത്തിയിട്ടുള്ള ചെറായി  ബീച്ച് അന്നേ മനസ്സിൽ പിടിച്ച സ്ഥലമായിരുന്നതിനാൽ  വിദേശത്തു നിന്നുള്ള  മടക്കം ഇവിടേക്കായിരുന്നു. 3 വർഷമായി  ബീച്ച് പരിസരത്ത് വാടകവീട്ടിലാണു താമസം.‌

‌ബീച്ച് തെരുവുനായ്ക്കളുടെ കൂടി  കേന്ദ്രമാണെന്ന കാര്യം ഇവിടെ വന്നതിനു ശേഷമാണു പേഷ്ന ശ്രദ്ധിക്കുന്നത്. തീരെ ചെറിയ കുഞ്ഞുങ്ങളും  പരുക്കു പറ്റിയവയും വാർധക്യം  ബാധിച്ചവയുമെല്ലാം  കൂട്ടത്തിലുണ്ട്. വിശപ്പാണു തെരുവുനായ്ക്കളെ  ആക്രമണകാരികളാക്കുന്നതെന്നാണു പേഷ്നയുടെ വിശ്വാസം. ‌

‌അതുകൊണ്ടു തെരുവിൽ കാണുന്ന നായ്ക്കളെ വീട്ടിലേക്കു കൊണ്ടു വന്നു ഭക്ഷണം നൽകിത്തുടങ്ങി.  എന്നാൽ അതിനൊപ്പം അവയുടെ  പുനരധിവാസവും  പ്രധാനമാണെന്നു  പേഷ്നയ്ക്ക് അറിയാമായിരുന്നു . അങ്ങനെയാണു നായ്ക്കുട്ടികൾക്കു  പുതിയ യജമാനന്മാരെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ‘ചെറായി ടെയിൽസ്’ (cherai tails) എന്ന പേരിലുള്ള   തന്റെ ഫെയ്സ്ബുക് പേജിൽ ഇതിനു ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തിയെന്നു പേഷ്ന പറയുന്നു.. എന്നാൽ വരുന്നവർക്കെല്ലാം  പട്ടിക്കുട്ടികളെ  കിട്ടുമെന്നു കരുതിയാൽ തെറ്റി. തന്റെ  അരുമകൾ  വളരേണ്ട  വീടുകൾ   മുൻകൂട്ടി  സന്ദർശിച്ചു  തൃപ്തിയായ ശേഷം  മാത്രമാവും കൈമാറ്റം. ‌

‌അതിനു മുൻപ് നായ്ക്കുട്ടികൾക്കു രോഗങ്ങൾ ഇല്ലെന്ന്  ഉറപ്പാക്കുകയും  സുഹൃത്തുക്കളായ  വെറ്ററനറി ഡോക്ടർമാരുടെ  സഹായത്തോടെ വന്ധ്യംകരിക്കുകയും  ചെയ്യും. ശസ്ത്രക്രിയ ആവശ്യമുള്ള  നായ്ക്കൾക്ക് അതും ലഭ്യമാക്കും.  പഴുത്തു പുഴുവരിച്ച കാൽ മുറിച്ചു മാറ്റേണ്ടി വന്ന പോളോ  എന്ന നായ 3 കാലിൽ തുള്ളിച്ചാടി ഇപ്പോൾ പേഷനയ്ക്കൊപ്പമുണ്ട്. നായ്ക്കളുടെ പെറ്റുപെരുകലും പേവിഷബാധ വ്യാപനവുമൊക്കെ വലിയ പ്രശ്നങ്ങളായ ഇക്കാലത്ത് ഇത്തരം നിസ്വാർഥസേവനങ്ങൾക്കു വിലയിടാനാവില്ലെന്നു വൈപ്പിനിലെ വെറ്ററനറി സർജന്മാരായ ഡോ.പി.എ. സൈറ, ഡോ. ധന്യ പുരുഷോത്തമൻ, ഡോ. ടി.കെ. ശ്രീദേവി എന്നിവർ ചൂണ്ടിക്കാട്ടുന്നു. ‌

‌ആവുന്നിടത്തോളം കാലം ഇതെല്ലാം തുടരണമെന്നാണ് ആഗ്രഹമെങ്കിലും എത്രനാൾ എന്ന ആശങ്കയും പേഷ്നയുടെ മനസ്സിലുണ്ട്.  ആരോഗ്യപ്രശ്നങ്ങൾ  അലട്ടുന്നുണ്ട്. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടും. സ്വന്തം ചെലവു മാത്രമല്ല, ഒരു ഡസനോളം നായ്ക്കൾ  ഏതുസമയത്തും ആശ്രിതരായി ഒപ്പമുണ്ടാവും. മക്കൾ  അയച്ചുകൊടുക്കുന്ന പണം പലപ്പോഴും തികയില്ല.  നായ്ക്കളുടെ കാര്യമായതിനാൽ കടം വാങ്ങാൻ   പേഷ്ന മടിക്കാറില്ലെന്നുമാത്രം.  ഇപ്പോഴാണെങ്കിൽ  താമസിക്കുന്ന വാടകവീടും ഒഴി‍ഞ്ഞുകൊടുക്കേണ്ട സാഹചര്യമാണ്. ആരെങ്കിലും  സഹായഹസ്തം നീട്ടുമെന്ന പ്രതീക്ഷയിലാണു  പേഷ്ന. ഫോൺ: 96456 73273

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA