ADVERTISEMENT

കോട്ടൂർ കാപ്പുകാട്ടെ ഗജ വീരൻമാർക്ക് ഇതു പതിവു ദിനമല്ല. രാവിലത്തെ തേച്ച് കുളിക്കു ശേഷം അരിചേർന്ന പതിവ് ഭക്ഷണമല്ല. മുതിരയും ശർക്കരയും കൂവരകു മൊക്കെ ചേർത്ത സ്പെഷൽ ഭക്ഷണമാണിന്ന്.  പുറമേ തണ്ണി മത്തനും പൈനാപ്പിളും, കരിമ്പുമൊക്കെ ഇഷ്ടംപോലെ നൽകും. കുളിക്കു ശേഷം കൂട്ടിലും വനത്തിലും പോകണ്ട. സഞ്ചാരികൾക്കു മുന്നിൽ മസ്തകം കുലുക്കി നിന്നാൽ മതി. 2മാസം പ്രായമുള്ള വർഷ മുതൽ തലയെടുപ്പുള്ള 81 കാരൻ സോമൻ വരെ ഇവിടെയുണ്ടാകും. ഇന്ന് കേന്ദ്രത്തിൽ പ്രവേശിക്കാൻ ഫീസ് നൽകേണ്ട. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചാണ് ആനകൾക്ക് വേണ്ടി ഒരു ദിനം വനം വകുപ്പ് മാറ്റിവച്ചത്.

കോട്ടൂർ കാപ്പുകാടുള്ള ആന പരിപാലന കേന്ദ്രത്തിൽ ഇന്ന്  സന്ദർശനത്തിനെത്തുന്ന  സഞ്ചാരികളിൽ നറുക്ക് വീഴുന്ന 2 പേർക്ക് ആനയെ ഊട്ടാനുള്ള അവസരവുമുണ്ട്. 17 ആനകൾ കേന്ദ്രത്തിലുണ്ട്. ഒരു മാസം മുൻപെത്തിയ വർഷയാണ് ജൂനിയർ. 2 മാസം മുതൽ 6വയസുവരെ പ്രായമുള്ള 6 കുസൃതിക്കുട്ടികളാണ് പ്രധാന ആകർഷണം. തലയെടു പ്പുള്ള കുറുമ്പുകാരൻ റാണയും,കൊമ്പില്ലാത്ത മോഴയാന രാജ് കുാറും 81 കാരൻ സൗമ്യനായ സോമനുമുൾപ്പെടെ മുതിർന്ന 11 വേറെയുമുണ്ട്.

കേരളത്തിലെ ഏക ആന പരിപാലന കേന്ദ്രമാണ് കോട്ടൂരിലേത്. 2006ലാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2003ൽ എത്തിയ അമ്മുവും മിന്നയുമാണ് ഇവിടത്തെ ആദ്യ അന്തേവാസികൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അപകടത്തിൽപെട്ടതും നിയമവിരുദ്ധമായി കൈവശം വച്ചതും, കാട്ടിൽ ഒറ്റപ്പെട്ടു   പോകുന്ന കുട്ടിയാനകളും മറ്റുമാണ് കോട്ടൂരിലെ പരിപാലന കേന്ദ്രത്തിലെത്തുന്നത്. 172 ഹെക്ടറിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.  ഒരോ ആനയ്ക്കും 2 പാപ്പാൻമാരുണ്ട്.ഡോക്ടർ സേവനവും ലഭ്യമാണ്.

ശനി,ഞായർ ദിവസങ്ങളിൽ ആനകൾക്കു പരേഡുമുണ്ട്. മുന്നിൽ പോകുന്ന ‘കമാൻഡ’റായ ആനയുടെ വാലിൽ തുമ്പി കൈകൊണ്ട് പിടിച്ച് കേന്ദ്രത്തിലെ മുഴുവൻ ആനകളും ഒന്നിന് പുറകേ ഒന്നായി 1 കി.മി.ദൂരം നടക്കുന്നതാണ് ആന പരേഡ്. കുട്ടിയാനകളുടെ കുറുമ്പും കൗതുക കാഴ്ചകളുമൊക്കെയായി അഗസ്ത്യവന താഴ്‌വരയിലെ ആന പരിപാലന കേന്ദ്രം സ്വദേശികളുടെയും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com