കല്യാണക്കുറി തൂവാലയിൽ, അതിഥികൾക്ക് സമ്മാനം തുണിസഞ്ചിയിൽ; ഇത് കലക്ടറിന്റെ വീട്ടിലെ കല്യാണം!

wedding
SHARE

ആഘോഷങ്ങളുടെ മാത്രമല്ല ആഡംബരങ്ങളുടെ കൂടെ വേദിയാണ് കല്യാണങ്ങൾ. കല്യാണക്കുറി മുതൽ തുടങ്ങുന്നു ആഢംബരങ്ങളുടെ നീണ്ട പട്ടിക. കല്യാണക്കുറിയിലും മണ്ഡപത്തിലും സദ്യയിലും എന്നു വേണ്ട അതിഥികൾക്കു നൽകുന്ന സമ്മാനങ്ങളിൽ വരെ പുതുമ തേടുന്നവരാണ് ഇന്നുള്ളവർ. ഇങ്ങനെയുള്ള ആഢംബര കല്യാണങ്ങളെല്ലാം ഒടുവിൽ അവശേഷിപ്പിക്കുന്നത് ടൺ കണക്കിന് മാലിന്യങ്ങളാണ്.പ്ലാസ്റ്റിക് കുപ്പികളും, ഗ്ലാസുകളും, പാത്രങ്ങളും എന്നുവേണ്ട കൈ തുടയ്ക്കാനുപയോഗിക്കുന്ന ടിഷ്യു വരെ ഈ മാലിന്യക്കൂമ്പാരത്തിൽ ഉൾപ്പെടുന്നു. പതിവ് രീതികളിൽ നിന്നൊക്കെ വ്യത്യസ്തമായി പ്രകൃതിക്ക് ദോഷകരമാകാത്ത വിധത്തിൽ എങ്ങനെ മകന്റെ കല്യാണം നടത്താം എന്ന ചിന്തയാണ് കാഞ്ചീപുരം ഡെപ്യൂട്ടി കലക്ടറായ സെല്‍വമതി വെങ്കിടേഷിനെ ഈ തീരുമാനത്തിലെത്തിച്ചത്.

കാഞ്ചീപുരത്തെ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറും ട്രിച്ചി സ്വദേശിനിയുമായ സെൽവമതിയാണ് മകൻ ബാലാജിയുടെ വിവാഹം വേറിട്ട രീതിയിൽ നടത്തി വാർത്തകളിലിടം പിടിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വിവാഹമായിരുന്നു ബാലാജി– ശരണ്യ ദമ്പതികളുടേത്. വിവാഹ ക്ഷണക്കത്തിൽ മുതൽ മാറ്റങ്ങൾ പ്രകടമായിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള കാര്യങ്ങൾക്കാണ് ഇവർ മുൻതൂക്കം നൽകിയത്. കല്യാണക്കുറി അച്ചടിച്ചത് തൂവാലയിലാണ്. കാരണം കല്യാണ ദിവസം കഴിഞ്ഞാൽ പിന്നെ സാധാരണ കല്യാണക്കുറികളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നതു തന്നെ. ക്ഷണക്കത്ത് നൽകിയതും തുണികൊണ്ടുള്ള  ഒരു കവറിലാണ്. തൂവാലയിൽ പ്രിന്റ് ചെയ്ത ഈ ക്ഷണക്കത്ത് വീണ്ടും ഉപയോഗിക്കാം. അതിലെ എഴുത്തുകൾ രണ്ടോ മൂന്നോ തവണ കഴുകുമ്പോഴേക്കും അപ്രത്യക്ഷമാകും. അതുകൊണ്ട് തന്നെ ആർക്കും വലിച്ചെറിഞ്ഞു കളയേണ്ടിവരില്ല.

wedding cards on handkerchief to reduce plastic

സദ്യ വിളമ്പുന്ന പാത്രങ്ങൾക്കും ഗ്ലാസുകൾക്കുമൊക്കെയുണ്ടായിരുന്നു പ്രത്യേകത. പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിച്ചത്. കൈ തുടയ്ക്കാൻ ടിഷ്യുവിന് പകരം ചെറിയ തൂവാലകളാണ് നൽകിയത്. കല്യാണത്തിൽ പങ്കെടുത്ത  അതിഥികൾക്ക് നൽകിയ സമ്മാനവും വേറിട്ടു നിന്നു. തുണികൊണ്ടുള്ള സഞ്ചിയിൽ രണ്ട് വിത്തുകളും ഒരു കോട്ടൻ തൂവാലുമാണ് നൽകിയത്.

പച്ചക്കറി വിത്തുകളും വേപ്പിന്റെയും തേക്കിന്റെയും വിത്തുകളുമുൾപ്പെടെ രണ്ടായിരത്തോളം വിത്തുകളാണ് കല്യാണത്തിന് വിതരണം ചെയ്തത്. വിത്തുകൾ സൂക്ഷിച്ചിരുന്ന കവറിൽ അവ എങ്ങനെ നടണമെന്ന നിർദേശവും നൽകിയിരുന്നു. അതുകൊണ്ട് തന്നെ അത് ആരും വലിച്ചെറിഞ്ഞു കളയില്ലെന്നാണ് സെൽവമതിയുടെ വിശ്വാസം. എല്ലാവരിലും എത്തിയില്ലെങ്കിലും സ്വന്തം കുടുംബത്തിലെങ്കിലും ഈ കല്യാണം കൊണ്ട് മാറ്റമുണ്ടാകുമെന്നാണ്  വിശ്വസിക്കുന്നതെന്നും സെൽവമതി വ്യക്തമാക്കി. പ്രകൃതിയെ ദ്രോഹിക്കാതെ പരമാവധി പരിസ്ഥിതി സൗഹൃദമായി വിവാഹം പോലുള്ള വലിയ ആഘോഷങ്ങൾ നടത്തുന്നതിലൂടെ നമ്മൾ സംരക്ഷിക്കുന്നത് പരിസ്ഥിതിയെ മാത്രമല്ല നമ്മുടെ കീശകൂടിയാണ്.ധൂർത്തിന് കടിഞ്ഞാണിട്ടാൽ പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ പോക്കറ്റും കാലിയാകാതെ കാക്കാം എന്നാണ് സെൽവമതിയുടെ കണ്ടെത്തൽ.

English Summary: Deputy collector prints son's wedding cards on handkerchief

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA