എനിക്കുമിരിക്കട്ടെ ഒരു ഹെൽമറ്റ് ; തലയിൽ ആമത്തോടുമായി ഇഴഞ്ഞു നീങ്ങുന്ന കൊമോഡോ ഡ്രാഗൺ!

A Komodo dragon hit the beach wearing a turtle as a hat
SHARE

കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു, അതാണ് കൊമോഡോ ഡ്രാഗൺ. ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗമാണിത്. ശക്തരിൽ ശക്തൻ. ഒത്തുകിട്ടിയാൽ എത്ര വലിയ ജീവിയെയും ശാപ്പിട്ടുകളയും!

ഇന്തോനീഷ്യയാണ് ഇവയുടെ സ്വദേശം. പണ്ടൊക്കെ ഇന്തോനീഷ്യയിലെ അസംഖ്യം ദ്വീപുകളിൽ കൊമോഡോ ഡ്രാഗണുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവ വെറും അഞ്ച് ദ്വീപുകളിലായി ചുരുങ്ങിക്കഴിഞ്ഞു. ഏകദേശം മൂവായിരത്തോളം കൊമോഡോ ഡ്രാഗണുകൾ മാത്രമാണ് ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നത്.  മനുഷ്യൻ വൻതോതിൽ വേട്ടയാടുന്നതും കാട് കയ്യേറുന്നതും തീറ്റ കുറയുന്നതുമാണ് കാരണം. അതിനാൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് ഇപ്പോൾ ഇവ.

ഇങ്ങനെയുള്ള ഒരു കൊമോഡോ ഡ്രാഗണിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ചിരി പടർത്തുന്നത്.നമ്മുടെ നാട്ടിലെ പോലെ ഇനി അവിടെയും ഹെൽമറ്റ് നിർബന്ധമാക്കിയിട്ടാണോ എന്തോ ഇന്തോനീഷ്യയിലെ ഒരു കടൽത്തീരത്തു കൂടി ആമത്തോട് തലയിൽ  ധരിച്ചുകൊണ്ടാണ് കൊമോഡോ ഡ്രാഗണ്‍ ഇഴഞ്ഞു നീങ്ങിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.ആമയെ ഭക്ഷിച്ചിട്ടാകാം അതിന്റെ തോടെടുത്ത് തലയിലണിഞ്ഞതെന്നാണ് നിഗമനം. ആമത്തോടും തലയിൽ ധരിച്ച് അൽപദൂരം സഞ്ചരിച്ച കൊമോഡോ ഡ്രാഗൺ അസൗകര്യമാണെന്ന് തോന്നിയതുകൊണ്ടാവണം അതും കുടഞ്ഞെറിഞ്ഞ് നടന്നു നീങ്ങുകയും ചെയ്തു. 

ഉടുമ്പ് അഥവാ ‘മോണിറ്റർ ലിസാഡ്’ കുടുംബത്തിൽ പെടുന്ന കൊമോഡോ ഡ്രാഗണ് മൂന്ന് മീറ്ററോളം നീളവും 150 കിലോ വരെ ഭാരവുമുണ്ടാകും. ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ ജീവികളുടെ കൂട്ടത്തിൽ പെടുന്ന അവ പന്നി, മാൻ, ആമ, കുതിര തുടങ്ങി മനുഷ്യനെ വരെ അകത്താക്കും. കൊമോഡോ ഡ്രാഗന്റെ ഉമിനീരിൽ അൻപതോളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇരയെ ഒറ്റയടിക്ക് കൊല്ലാനായില്ലെങ്കിലും ഇവയുടെ കടിയേൽക്കുന്ന ജീവികൾക്ക് അധികം ആയുസുണ്ടാകില്ല. നീണ്ട നാക്കു നീട്ടി മണം ‘ രുചിച്ചാണ് ഇവ ഇരതേടുക. എട്ടുകിലോമീറ്റർ ദൂരെയുള്ള ഇരയെ വരെ അവയ്ക്ക് ഇങ്ങനെ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

English Summary: A Komodo dragon hit the beach wearing a turtle as a hat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA