സിംഗപ്പൂരിലെ തെരുവുകൾ വൃത്തിയാക്കാൻ ഇനി റോബോട്ടുകൾ!

 Singapore
SHARE

വൃത്തിയുള്ള നഗരങ്ങളുടെ പേരിൽ ഏറ്റവും കീർത്തികേട്ട രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ തെരുവുകൾ ഇനി പതിന്മടങ്ങ് വൃത്തിയുള്ളവയാകും. കാരണം ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇനി തെരുവിൽ ഇറങ്ങുന്നത് ഒന്നും രണ്ടുമല്ല 300 റോബോട്ടുകളാണ്.

പരിസ്ഥിതി ശുചിയായി സൂക്ഷിക്കുക, രാജ്യത്തെ ഹരിതാഭ നിലനിർത്തുക എന്നീ ലക്ഷ്യത്തോടെയാണ് റോബോട്ടുകൾ നിരത്തിലിറങ്ങുന്നത്. 2020 മാർച്ചിൽ റോബോട്ടുകൾ പ്രവർത്തനമാരംഭിക്കും. പൊതു ഇടങ്ങൾ തൂത്തുവാരുക, കഴുകി വൃത്തിയാക്കുക തുടങ്ങിയ ജോലികളിൽ ഒതുങ്ങുന്നതല്ല റോബോട്ടുകളുടെ പ്രവർത്തനം. സിംഗപ്പൂരിലെ ജനങ്ങളോട് രാജ്യത്തെ പ്രാദേശിക ഭാഷകളിൽ കൂട്ടുകാരെപ്പോലെ പോലെ സംവദിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടാകും.

ജനങ്ങളോട് സംസാരിക്കാൻ മാത്രമല്ല കൂടെ പാടാനും ആടാനുമെല്ലാം ഇവയ്ക്ക് സാധിക്കും. പ്രത്യേക ആപ്ലിക്കേഷൻ വഴി റോബോട്ടുകളോട് ചോദ്യം ചോദിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  എന്നാൽ ജോലികളിൽ വ്യാപൃതരായിരിക്കുന്ന സമയത്ത് റോബോട്ടുകളോട് ഇടപെടരുതെന്ന നിർദ്ദേശവും നിർമാതാക്കൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. കാരണം ജോലി തടസ്സപ്പെടുത്തി അവ സംസാരത്തിന് മുതിരും എന്നതുതന്നെ. ലയൺസ്ബോട് ഇൻറർനാഷണൽ എന്ന കമ്പനിയാണ് സിംഗപ്പൂർ നിർമിതമായ ഈ റോബോട്ടുകൾക്കു പിന്നിൽ.

1,350 മുതൽ 2,150 സിംഗപ്പൂർ ഡോളർ എന്ന നിരക്കിലാണ് റോബോട്ടുകളുടെ വാടക. വിവിധ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്ന 13 തരം റോബോട്ടുകളെയാണ് നിർമിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമം നികത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കു പിന്നിലുണ്ട്.

English Summary: Singapore’s Cleaning Robots to be Deployed in Spring 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA